കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ഷാജിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഒരുമാസത്തിനിടയിലെ അമീബിക് മസിതിഷ്‌ക ജ്വരം ബാധിച്ചുള്ള ആറാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മലപ്പുറം ജില്ലയിലെ വണ്ടൂര്‍ തിരുവാലി സ്വദേശിനി ശോഭന ( 56) മരണപ്പെട്ടിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു മരണം.
കഴിഞ്ഞാഴ്ച ഇതേ ആശുപത്രിയില്‍ വെച്ച് വയനാട് ബത്തേരി സ്വദേശിയായ രതീഷ് (45) എന്നയാളും മരണപ്പെട്ടിരുന്നു. മുമ്പത്തെ ആഴ്ചകളിലായി കോഴിക്കോട് ഓമശേരി സ്വദേശികളായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം കണ്ണേത്ത് റംല(52)യും താമരശേരി സ്വദേശിനിയായ അനയ എന്ന ഒമ്പതുവയസുകാരിയും ഇതേ അസുഖം ബാധിച്ച് മരണത്തിന് കീഴടങ്ങിയിരുന്നു.
മറ്റ് അസുഖങ്ങളുള്ളവര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒമ്പത് പേരാണ് ചികിത്സയിലുള്ളത്.
മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ മൂന്ന് കുട്ടികളും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആറുപേരുമാണ് ചികിത്സയിലുള്ളത്. കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിരുന്നു.
അമീബിക് മസ്തിഷ്‌ക ജ്വരം
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗ ബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം അഥവാ അമീബിക് എന്‍സെഫലൈറ്റിസ്. നേശ്ശെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഇത് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമല്ല.
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍
content Highlight: A Malappuram native dies of amoebic encephalitis; the sixth death in a month