ജാതിയുടെയും നിറത്തിന്റെയും രൂപത്തിന്റെയുമെല്ലാം പേരില്‍ ആരെയെങ്കിലും കളിയാക്കുന്നുണ്ടെങ്കില്‍ അത് ആരോഗ്യകരമല്ലാത്ത തമാശയാണെന്ന് നടന്‍ ജഗദീഷ്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അശ്ലീല ചുവയുള്ള സംഭാഷണം പറഞ്ഞാല്‍ പലരും ചിരിക്കുമായിരിക്കാമെന്നും എന്നാല്‍ അത് ആരോഗ്യകരമായ ചിരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ തമിഴ് വംശജര്‍ കറുപ്പിന്റെ പേരില്‍ അഭിമാനിക്കുന്നു. എന്നാല്‍, ഇവിടെ കറുപ്പിന്റെ പേരില്‍ വിവേചനമുണ്ടാകാറുണ്ട്. മറ്റൊരാളെ വേദനിപ്പിക്കാത്ത ഹ്യൂമറാണ് നല്ല ഹ്യൂമര്‍. കുഞ്ചന് നമ്പ്യാര്‍ നിറത്തിന്റെയോ രൂപത്തിന്റെയോ പേരില്‍ ആരെയെങ്കിലും കളിയാക്കിയിട്ടില്ലെന്ന് നമുക്ക് പറയാനാകില്ല. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടാകുന്ന ഹ്യൂമര്‍ ഹ്യൂമറല്ല. അത് മാത്രമേ ഞാന്‍ പറയുന്നുള്ളൂ.
നിറത്തിന്റെയും ജാതിയുടെയുമൊക്കെ പേരില്‍ കളിയാക്കുന്നത് ഹെല്‍ത്തിയല്ലാത്ത ഹ്യൂമറാണ്. ഒരു വിഭാഗത്തിന് അവരെ വേദനിപ്പിക്കുന്നതാണെന്ന് തോന്നിക്കഴിഞ്ഞാല്‍, അത് നിറത്തിന്റെ പേരിലായിരുന്നാലും ജാതിയുടെ പേരിലായിരുന്നാലും നമ്മള്‍ അത് ഒഴിവാക്കുന്നതല്ലേ ഭംഗി. ഇന്നിപ്പോള്‍ അശ്ലീല ചുവയുള്ള ഒരു സംഭാഷണം പറഞ്ഞാല്‍ നല്ലൊരു വിഭാഗം ചിരിക്കുന്നുണ്ടാകും. എന്നാല്‍ അത് ആരോഗ്യകരമായ ഒരു ചിരിയല്ലെന്നാണ് എന്റെ പക്ഷം’, ജഗദീഷ് പറഞ്ഞു.