കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്താണ് തന്നെ കൊണ്ടുപോയതെന്നും മോഷണമാണ് ഉദ്ദേശമെന്ന് അറിയില്ലായിരുന്നു എന്നും ഖത്തറില്‍ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ (കെ.എം.സി.സി) ഓഫീസില്‍ നിന്ന് എട്ടുകോടി രൂപ കവര്‍ന്ന കേസില്‍ പൊലീസില്‍ കീഴടങ്ങിയ ബി.ജെ.പി പ്രാദേശിക നേതാവ് ബാലകൃഷ്ണന്‍.

2025 സെപ്തംബര്‍ 18നാണ് ഖത്തറിലെ തുമാമയിലെ കെ.എം.സി.സി ഓഫീസിന്റെ സ്‌ട്രോങ് റൂം തകര്‍ത്ത് 31 ലക്ഷം റിയാല്‍(എട്ട് കോടി രൂപ) കവര്‍ന്നത്. വെല്‍ഡിങ് തൊഴിലാളിയായ ബാലകൃഷ്ണനെക്കൊണ്ട് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൂട്ട് തകര്‍ക്കുകയായിരുന്നു. എന്നാല്‍ ‘ജോലി’ കെ.എം.സി.സിയുടെ ഓഫീസിലായിരുന്നു എന്നോ മോഷണത്തിനായിരുന്നു കൊണ്ടുപോയതെന്നോ അറിയില്ലായിരുന്നു എന്ന് ബാലകൃഷ്ണന്‍ പറഞ്ഞു.

കെഎംസിസിയുടെ ചില ഭാരവാഹികള്‍ തന്നെയാണു തന്നെ ഖത്തറിലേക്ക് വീസയും മറ്റും നല്‍കി കൊണ്ടുപോയതെന്നും ബാലകൃഷ്ണന്‍ വീഡിയോയില്‍ പറയുന്നുണ്ട്.

പൊലീസില്‍ കീഴടങ്ങുന്നതിന് മുമ്പ് പുറത്തുവിട്ട വീഡിയോയിലൂടെയാണ് ബാലകൃഷ്ണന്റെ കുറ്റസമ്മതം. ചെറിയൊരു പണിയുണ്ട് എന്ന് പറഞ്ഞ് റസാഖ് എന്നയാളാണ് വിളിച്ചതെന്നും കാറില്‍ കയറി അവിടെ എത്തിയപ്പോഴാണ് അത് കെ.എം.സി.സി ഓഫീസ് ആണെന്ന് അറിഞ്ഞതെന്നും ബാലകൃഷ്ണന്‍ പറയുന്നു.

‘രണ്ടാം നിലയിലായിരുന്നു ഓഫീസ്. റൂമുകളൊക്കെ തുറന്നിട്ടിരിക്കുകയായിരുന്നു. അറബിയുടെ വീടാണോ ഓഫീസ് ആണോ എന്നൊന്നും നോക്കണ്ട, നിങ്ങളുടെ പാസ്‌പോര്‍ട്ട് ഞങ്ങളുടെ കയ്യിലാണ്. നിങ്ങള്‍ പറയുന്ന പണി ചെയ്യുക എന്ന് അവര്‍ പറഞ്ഞു’, ബാലകൃഷ്ണന്‍ പറയുന്നു.

ഗ്യാസ് വെല്‍ഡിങ് തനിക്കറിയില്ലെന്നും ശ്രമിച്ചിട്ട് തുറക്കാന്‍ പറ്റാതിരുന്നപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ പാര ഉപയോഗിച്ച് ഒരു ചെറിയ ലോക്കര്‍ തുറക്കുകയായിരുന്നു എന്നും ബാലകൃഷ്ണന്‍ പറയുന്നു.

‘അപ്പുറത്ത് വലിയൊരു ലോക്കര്‍ ഉണ്ടായിരുന്നു. വലിയ ഒരു കട്ടര്‍ എനിക്ക് കൊണ്ടുവന്ന് തന്ന് ഭീഷണിപ്പെടുത്തി എന്നോട് അത് കട്ട് ചെയ്യിപ്പിച്ചു. കുറച്ച് കട്ട് ചെയ്ത് ബാക്കി കമ്പിപ്പാര കൊണ്ട് കുത്തിത്തുറന്നു. അഞ്ഞൂറ് രൂപയുടെ ഖത്തര്‍ കറന്‍സിയുടെ കെട്ടുകളാണ് ഉണ്ടായിരുന്നത്. അത്’, ബാലകൃഷ്ണന്‍ പറഞ്ഞു.

കാക്കച്ചി കമറു എന്നയാളാണ് ഇത് ഡയറക്ട് ചെയ്തതെന്നും മമ്മാലി എന്നയാള്‍ സംഭവം നടക്കുമ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. ഷാജിയാണ് പണം എടുത്ത് കാറില്‍ വെച്ചതെന്നും തനിക്ക് 50,000 രൂപയ്ക്ക് തുല്യമായ ഖത്തര്‍ തന്നെന്നും ബാലകൃഷ്ണന്‍ പറയുന്നു.

ഇതിനിടയില്‍ ഒന്നാം പ്രതി ബോംബെ ഷാജി കമറു പയ്യോളിയുമായി സംസാരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നു. ബോംബെ ഷാജി പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശത്തിന്റെ ആധികാരികത പൊലീസ് പരിഷേധിക്കുകയാണ്. കെ.എം.സി.സിയുടെ പണമാണെന്ന് അറിയില്ലായിരുന്നുവെന്നും അറിഞ്ഞിരുന്നെങ്കില്‍ ഈ പണിക്ക് നില്‍ക്കില്ലെന്നും ശബ്ദരേഖയിലുണ്ട്.

‘നീ പറയുന്നതല്ല എമൗണ്ട്. ഞാന്‍ പറയുന്ന പൈസ എനിക്ക് തരിക. നല്ല രീതിയില്‍ ഇത് നമുക്ക് അവസാനിപ്പിക്കാം. ഇത് വെടക്കാക്കിയാല്‍ നിനക്ക് നിന്റെ കുടുംബത്തോടെയും എന്റെ കുടുംബത്തോടെയും മൊത്തത്തില്‍ ക്രാഷ് ആകും. അപ്പോള്‍ പൈസ ഉപയോഗിക്കാന്‍ പറ്റില്ല’, ഓഡിയോ ക്ലിപ്പില്‍ പറയുന്നു.

കേസില്‍ ബോംബെ ഷാജി, റാഷി, സാലിഹ്, ഹസന്‍, നിസാര്‍ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികള്‍ ഒളിവിലാണ്. വരാണ് പാസ്‌പോര്‍ട്ടും വിസയും ശരിയാക്കി നല്‍കിയതെന്ന് ബാലകൃഷ്ണന്‍ മൊഴി നല്‍കിയിട്ടുണ്ട്.ബോംബെ ഷാജി മുന്‍കൂര്‍ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടി നഗരസഭ മൂന്നാം വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന ബാലകൃഷ്ണന്‍ ബി.ജെ.പിയുടെ വിയ്യൂര്‍ ബൂത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

Content Highlight: A local BJP leader, Balakrishnan, surrendered to police concerning the 8 crore rupee robbery at the Qatar Kerala Muslim Cultural Centre (KMCC) office.