സഞ്ചാരികള്‍ക്കായാരു ലിറ്ററേച്ചല്‍ ഫെസ്റ്റിവല്‍; യാനം സീസണ്‍ 1ന് വര്‍ക്കല വേദിയാകും
Kerala Tourism
സഞ്ചാരികള്‍ക്കായാരു ലിറ്ററേച്ചല്‍ ഫെസ്റ്റിവല്‍; യാനം സീസണ്‍ 1ന് വര്‍ക്കല വേദിയാകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th September 2025, 3:53 pm
ലോകത്താകെയുള്ള സഞ്ചാരസാഹിത്യ മേഖലയിലേക്ക് കേരളത്തെ കൂടുതല്‍ അടയാളപ്പെടുത്തുവാനാണ് ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിലൂടെ ഉദ്ദേശിക്കുന്നത്. പരമ്പരാഗത സാഹിത്യോത്സവങ്ങളില്‍ നിന്നും വ്യത്യസ്തമായ പരിപാടിയാണ് യാനം.

തിരുവനന്തപുരം: വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായുള്ള കേരള ടൂറിസത്തിന്റെ വിവിധ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടൂറിസം മേഖല കേന്ദ്രീകരിച്ച് ‘യാനം’ എന്ന പേരില്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

യാനത്തിന്റെ ആദ്യ പതിപ്പ് ഒക്ടോബര്‍ 17, 18, 19 തീയതികളില്‍ വര്‍ക്കല ക്ലിഫിലെ രംഗ കലാകേന്ദ്രത്തില്‍ നടക്കും. സഞ്ചാര മേഖലയിലെ എഴുത്തുകാരെയും പ്രൊഫഷണലുകളെയും കോര്‍ത്തിണക്കിയാണ് കേരളം പുതിയ ഉദ്യമത്തിന് തുടക്കമിടുന്നതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലോകത്താകെയുള്ള സഞ്ചാരസാഹിത്യ മേഖലയിലേക്ക് കേരളത്തെ കൂടുതല്‍ അടയാളപ്പെടുത്തുവാനാണ് ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിലൂടെ ഉദ്ദേശിക്കുന്നത്. പരമ്പരാഗത സാഹിത്യോത്സവങ്ങളില്‍ നിന്നും വ്യത്യസ്തമായ പരിപാടിയാണ് യാനം.

ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ആന്‍ഡ് മൈസ് ടൂറിസം കോണ്‍ക്ലേവ്, ഉത്തരവാദിത്ത ടൂറിസം കോണ്‍ക്ലേവ് തുടങ്ങി വ്യത്യസ്തമായ സമ്മേളനങ്ങള്‍ സംസ്ഥാന ടൂറിസം വകുപ്പ് ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്. ഈ മാതൃകയില്‍ ടൂറിസം പ്രചാരണത്തിനായി അടുത്തതായി സംഘടിപ്പിക്കുന്ന പരിപാടിയാണ് ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍. ഇത്തരമൊരു ആശയം രാജ്യത്ത് തന്നെ ആദ്യമായാണ് നടപ്പിലാക്കുന്നതെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

യാത്രകളെ സ്നേഹിക്കുന്നവരുടെ സംഗമവേദി എന്ന നിലയിലാണ് യാനം സംഘടിപ്പിക്കുന്നത്. യാത്രകളെ വ്യത്യസ്ത രീതിയില്‍ അടയാളപ്പെടുത്തിയ ലോകോത്തര പ്രതിഭകളുടെ സംഗമം ആയിരിക്കും ഈ പരിപാടി. എഴുത്തുകാര്‍, കലാകാരന്‍മാര്‍, ഫോേട്ടാഗ്രാഫര്‍മാര്‍, സാഹസിക യാത്രികര്‍, യാത്ര ഡോക്യുമെന്ററി സംവിധായകര്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ ഉള്ളവര്‍ യാനത്തിന്റെ ഭാഗമാകും.

Shehan Karunatilaka

ഷെഹാന്‍ കരുണതിലക

ബുക്കര്‍ സമ്മാന ജേതാവ് ഷെഹാന്‍ കരുണതിലക, ഗ്രാമി അവാര്‍ഡ് ജേതാവായ സംഗീതജ്ഞന്‍ പ്രകാശ് സോണ്‍തെക്ക, പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ പല്ലവി അയ്യര്‍, ഗ്രാഷ്യന്‍ അവാര്‍ഡ് നേടിയ ശ്രീലങ്കന്‍ എഴുത്തുകാരന്‍ ആന്‍ഡ്രൂ ഫിഡല്‍ ഫെര്‍ണാണ്ടോ, വര്‍ത്തമാനകാല ഓര്‍ഫ്യൂസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവി പ്രൊഫ. നതാലി ഹാന്‍ഡല്‍ എന്നിവര്‍ വിവിധ ഘട്ടങ്ങളിലായി യാനത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കും.

prakash sontakke

പ്രകാശ് സോണ്‍തെക്ക

കൂടാതെ ടിബറ്റന്‍ കവി ടെന്‍സിന്‍ സുണ്ടു, പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ സുദീപ് ചക്രവര്‍ത്തി, ഫോട്ടോഗ്രാഫര്‍ ആശ ഥാദാനി, ആറ് രാജ്യങ്ങളിലൂെട ബൈക്കിംഗ് നടത്തിയ സാഹസിക യാത്രിക പിയാ ബഹാദൂര്‍ എന്നിവരും ഈ വേദിയില്‍ എത്തും. പ്രസിദ്ധ യാത്രാ ഡോക്യുമെന്ററി നിര്‍മ്മാതാക്കളായ പ്രിയ ഗണപതി, അനുരാഗ് മല്ലിക്, ഫുഡ് ഗുരു കാരെന്‍ ആനന്ദ്, പ്രമുഖ യാത്രാ വ്‌ലോഗര്‍ കൃതിക ഗോയല്‍ എന്നിവരും യാനത്തില്‍ പങ്കെടുക്കുന്നുണ്ട്.

യാത്രകളെ സ്നേഹിക്കുന്നവരുടെ സംഗമവേദി എന്ന നിലയിലാണ് യാനം സംഘടിപ്പിക്കുന്നത്.

ചര്‍ച്ചകള്‍ക്ക് പുറമേ വര്‍ക്കലയുടെ ആകര്‍ഷണങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രത്യേക സഞ്ചാരപാത സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ, പ്രത്യേകിച്ചും വര്‍ക്കലയുടെ ടൂറിസം സാധ്യതകള്‍ കൂടി ലോകത്തിനു പരിചയെപ്പടുത്താന്‍ യാനത്തിലൂടെ ലക്ഷ്യമിടുന്നു. വിവിധ മേഖലകളില്‍ ഉള്ളവര്‍ വര്‍ക്കലയെയും സമീപ പ്രദേശങ്ങളെയും ലോകത്തിനു പരിചയപ്പെടുത്തുകയും അതിന്റെ സാധ്യതകള്‍ ഉപേയാഗപ്പെടുത്തുകയും ചെയ്യുന്നതിന് കൂടി ഫെസ്റ്റിവലിലൂടെ ലക്ഷ്യം വെക്കുന്നെന്നും മന്ത്രി പറഞ്ഞു.

കോവിഡിനു ശേഷം കേരളത്തിലെ ആഭ്യന്തര, വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവ് വര്‍ക്കലയിലും പ്രകടമായിട്ടുണ്ട്. വര്‍ക്കലയില്‍ 25 കോടി രൂപയുടെ ടൂറിസം വികസന പദ്ധതികള്‍ക്കായുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എഴുത്ത്, ഫേട്ടോഗ്രഫി, വെല്‍നെസ് തുടങ്ങിയ വിഷയങ്ങളില്‍ വിജ്ഞാനപ്രദമായ പരിശീലന കളരികളും സംഘടിപ്പിക്കുന്നുണ്ട്. നോവലിസ്റ്റും ക്യൂറേറ്ററുമായ സബിന്‍ ഇക്ബാലും എഴുത്തുകാരി നിര്‍മ്മല ഗോവിന്ദരാജനും ചേര്‍ന്നുള്ള സംഘമാണ് യാനം ഫെസ്റ്റിവെല്‍ ക്യുറേറ്റ് ചെയ്യുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് പുറമെ വി.ജോയ് എം.എല്‍.എ, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

Content highlights: A literature festival is organized in the name of ‘Yaanam’ focusing on the tourism sector in Kerala