കൊറോണ, ലോക്ഡൗണ്‍ അനുഭവങ്ങള്‍ നമ്മുടെ നഗരങ്ങള്‍ക്ക് നല്‍കുന്ന പാഠം
national lock down
കൊറോണ, ലോക്ഡൗണ്‍ അനുഭവങ്ങള്‍ നമ്മുടെ നഗരങ്ങള്‍ക്ക് നല്‍കുന്ന പാഠം
വി.പി റജീന
Thursday, 2nd April 2020, 2:34 pm

ഓരോ ദേശത്തിന്റെയും ‘കാരിയിങ് കപാസിറ്റി’ യെക്കുറിച്ച് ഇനിയെങ്കിലും നമ്മള്‍ ഗൗരവമായി ആലോചിക്കേണ്ടതുണ്ടെന്ന് ഈ കൊറോണകാലം മുന്നറിയിപ്പ് നല്‍കുന്നു. എന്താണ് കാരിയിങ് കപാസിറ്റി അഥവാ വാഹക ശേഷി? ഓരോ പ്രദേശത്തും വിതാനിക്കപ്പെട്ടിട്ടുള്ള (ഭൂ)വിഭവങ്ങള്‍ കൊണ്ട് ജീവിക്കാവുന്ന പരമാവധി ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ് അതിന്റെ വാഹകശേഷി.

വായു, വെള്ളം, ഭക്ഷണം, പാര്‍പ്പിടം, ഭൂമി തുടങ്ങി ചുറ്റുപാടുമായി ബന്ധപ്പെട്ടതെല്ലാം ഇതിന്റെ പരിധിയില്‍ വരും. പരിസ്ഥിതി വിജ്ഞാനീയത്തില്‍ അത്യധികം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണിത്. ഒരു പൗരന്റെ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ സകല തലങ്ങളെയും സ്വാധീനിക്കുന്ന ഒന്ന്. അതിനേക്കാളുപരി ആ ഭൂഭാഗത്തിന്റെ നിലനില്‍പിനെ തന്നെ നിര്‍ണയിക്കുന്ന ഒന്ന്.

എന്നാല്‍, ലോകത്തിലെ ഒട്ടുമിക്ക നഗരങ്ങളും കാരിയിങ് കപാസിറ്റിയുടെ പരിധി ലംഘിച്ചുകൊണ്ടിരിക്കുകയാണെന്നതാണ് യാഥാര്‍ത്ഥ്യം. വ്യവസായ വല്‍ക്കരണത്തിന്റെ ഫലമായുള്ള നഗരവല്‍ക്കരണം (ജോലി തേടിയും മറ്റും ആളുകളുടെ കുടിയേറ്റം) ഒരു പരിധിയുമില്ലാതെ അധികരിച്ച് നഗരങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പുമുട്ടിക്കുകയാണ്. ആ പ്രദേശം അടിസ്ഥാനപരമായി ഒരു ഭൂഭാഗം മാത്രമാണെന്നും അതിന് താങ്ങാനാവാത്ത വിധത്തിലുള്ള അമിത ഭാരം ഒടുങ്ങാത്ത പ്രതിസന്ധികളായി തിരിച്ചടിക്കും എന്നതും ഗൗരവപ്പെട്ട വിഷയമായി നമ്മുടെ ഭരണകൂടങ്ങള്‍ അടക്കം ഉള്‍ക്കൊള്ളാന്‍ തയ്യാറായിട്ടില്ല. വികസന നയങ്ങളെ ആ അര്‍ത്ഥത്തില്‍ മാറ്റിയെഴുതാന്‍ മിനക്കെടുന്നില്ല.

നഗരകേന്ദ്രിത സംസ്‌കാരത്തില്‍ ഒരു പ്രതിസന്ധി രൂപപ്പെടുമ്പോള്‍ ഏറ്റവും ആദ്യം പുറന്തള്ളപ്പെടുന്നവര്‍ ആ സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരായിരിക്കും. അതിന്റെ നേര്‍ചിത്രങ്ങള്‍ ആയിരുന്നു ഈ കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ കണ്ടത്. കൊറോണ ഒരു വന്‍ ഭീഷണിയായി മാറിയപ്പോള്‍ ഏറ്റവും അധികം ദുരിതമനുഭവിച്ചത് തൊഴിലിനായി ആ നഗരത്തിലേക്ക് കുടിയേറിയ സാധാരണക്കാരും ദരിദ്രരുമായിരുന്നു. ഒരു പ്രതിസന്ധിഘട്ടത്തിലാണ് അവര്‍ അരക്ഷിത വഴികളില്‍ പ്രത്യക്ഷരാക്കപ്പെട്ടത്. അടിസ്ഥാന സൗകര്യം പോലുമില്ലാതെ ഇത്രയും ജനങ്ങള്‍ ആ നഗരത്തില്‍ പാര്‍ത്തിരുന്നുവെന്നത് നാമറിയാനിടയായത്. ഈ കൊറോണ കാലത്ത് ലോകത്തിന് മുന്നില്‍ കേഴുന്നത് വമ്പന്‍ നഗരങ്ങളിലൊന്നായ ന്യൂയോര്‍ക്കാണെന്ന് ഓര്‍ക്കുക.

ജനസംഖ്യ, വാഹനങ്ങള്‍, റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ പെരുപ്പം, ശുദ്ധമായ വെള്ളം, ശുചീകരണ സംവിധാനങ്ങള്‍, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ എന്നിവയുടെ അഭാവം, തുടങ്ങി വന്‍ പ്രതിസന്ധികള്‍ ആണ് ലോകത്തെ പ്രമുഖ കാപിറ്റലിസ്റ്റ് മെട്രൊപൊളിറ്റന്‍ നഗരങ്ങളിലടക്കം അഭിമുഖീകരിക്കുന്നത്. നഗരം അതിന് താങ്ങാനാവുന്നതിന് അപ്പുറത്തേക്കുള്ള ഒരവസ്ഥയില്‍ എത്തുമ്പോള്‍ അത് ആദ്യം പ്രതിഫലിക്കുക വായുവിലും വെള്ളത്തിലുമായിരിക്കും. അഥവാ ജീവന്‍ തന്നെ നിലനിര്‍ത്താനുള്ള അടിസ്ഥാന ഘടകങ്ങള്‍ മലിനമാക്കപ്പെടും. അതിന്റെ തോത് പെരുകിപ്പെരുകി അതീവ അപകടകരമായ ഒരു ലെവലിലേക്കെത്തുമ്പോള്‍ പിന്നെ മാസ്‌കു പോലെയുള്ള ചൊട്ടുവിദ്യകളില്‍ അഭയം പ്രാപിക്കുകയല്ലാതെ മറ്റു പോംവഴികള്‍ ഉണ്ടാവില്ല എന്ന് ഇന്ത്യയുടെ തലസ്ഥാനം അടുത്തിടെ നമുക്ക് കാണിച്ചു തന്നു.

ദല്‍ഹി സര്‍ക്കാര്‍ ലക്ഷക്കണക്കിന് മാസ്‌കുകള്‍ വിതരണം ചെയ്തത് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ്. വായുമലിനീകരണ തോത് അത്യപകടകരമായി ഉയര്‍ന്നപ്പോഴായിരുന്നു അത്. ദല്‍ഹി ഒരു ഗ്യാസ് ചേംബര്‍ ആയിരിക്കുന്നുവെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അന്ന് പറഞ്ഞത്. എന്താണ് ഈ സാഹചര്യത്തിന് ഇടയാക്കിയത്? ഡല്‍ഹിക്ക് താങ്ങാനാവുന്നതിനപ്പുറത്തേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

നഗരങ്ങളിലെ ജനസംഖ്യാ വിസ്ഫോടനം എന്നത് വികസിത – വികസ്വര രാജ്യങ്ങിലെ നഗരവല്‍കരണ ഉല്‍പന്നത്തിന്റെതാണ്. യു.എന്നിന്റെ 2009ലെയും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ 2015ലെയും കണക്കനുസരിച്ച് ആഴ്ചതോറും 30 ലക്ഷം പേരാണ് ലോകത്തുടനീളം നഗരങ്ങളിലേക്ക് ചേക്കേറുന്നത്. ലോക ജനസംഖ്യയുടെ 54 ശതമാനവും നഗരങ്ങളിലാണത്രെ ജീവിക്കുന്നത്. ഇത് 1950ലേതിനേക്കാള്‍ 30 ശതമാനം ഉയര്‍ന്നതായും കണക്കുകള്‍ പറയുന്നു.

ലോകത്തിലെ വമ്പന്‍ നഗരങ്ങളെക്കുറിച്ച് പറയുമ്പോള്‍ ലണ്ടനെ തന്നെ ഉദാഹരണമായെടുക്കാം. ഏറ്റവും വിജയം പ്രാപിച്ച സമ്പദ്ഘടനയായിരുന്നു ലണ്ടന്‍ നഗരത്തിന്റേത്. ബ്രിട്ടനിലെ ഇതര നഗരങ്ങളുമായി മാത്രമല്ല, ലോകെത്തെമ്പാടുമുള്ള വമ്പന്‍ നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴും അതെ. അതിവേഗം വളരുന്ന ഒരു ജനസമൂഹമായിരുന്നു അത്. 2008 നും 2017നും ഇടക്കുള്ള കാലയളവില്‍ 11ലക്ഷം വര്‍ധിച്ച് ഒരു കോടിയിലേക്കാണ് ജനസംഖ്യ ചെന്നെത്തിയത്. എന്നാല്‍, ഇപ്പോള്‍ കഥയതല്ല. ഇന്ന് ലണ്ടന്‍ നഗരത്തെ ജനങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ലണ്ടന്‍മാത്രമല്ല, അമേരിക്കയിലെ വമ്പന്‍ നഗരങ്ങളായ ന്യൂയോര്‍ക്ക്, ചിക്കാഗോ, ഹ്യൂസ്റ്റണ്‍ തുടങ്ങിയ ഇടങ്ങളില്‍നിന്നും ആളുകള്‍ ബാഗുകള്‍ പാക്ക് ചെയ്യുകയാണ്. വരുംകാലം ഇതൊരു സാര്‍വത്രിക പ്രതിഭാസമായി മാറും.

വമ്പന്‍ നഗരങ്ങള്‍ മാത്രമല്ല ജാഗരൂകമാവേണ്ടത്. ചെറു നഗരങ്ങളും കൂടിയാണ്. കൊറോണ കാലത്ത് ടൗണുകളെ നിയന്ത്രിക്കാനാണ് പൊലീസും ഭരണകൂടവും വിയര്‍ക്കുന്നത്. ഉള്‍പ്രദേശങ്ങളെയല്ല. ആളുകള്‍ കേന്ദ്രീകൃതമാവുന്ന ഒരു അവസ്ഥ നഗരത്തിന്റെ സ്വഭാവമാണ്.
അടുത്തടുത്താണെങ്കില്‍പോലും വ്യക്തികള്‍ പരസ്പരം അറിയാതിരിക്കുന്നതും അവിടെയാണ്. അതുണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദം വളരെ കൂടുതലായിരിക്കും.

കേരളത്തില്‍ ഏതാണ്ട് എല്ലായിടത്തും ചെറിയ ടൗണ്‍ഷിപ്പുകള്‍ ആയിക്കഴിഞ്ഞുവെങ്കില്‍പോലും പ്രധാന നഗരങ്ങളില്‍ തിരക്കേറി വരുന്ന പ്രവണത തന്നെയാണ്. ശ്വാസം മുട്ടാന്‍ അധികകാലം കാത്തിരിക്കേണ്ടിവരില്ല. കൊറോണയെ മറികടക്കാനായാല്‍ നഗരവല്‍കരണം വീണ്ടും ശക്തിപ്പെടും. പരിസ്ഥിതി സൗഹാര്‍ദവും സന്തുലിതവുമായ വികസനത്തിന്റെ അഭാവത്തില്‍ ഇനി വരുന്ന പ്രതിസന്ധികളെ മറികടക്കാന്‍ കഴിയുകയില്ലെന്ന് ഉറപ്പാണ്. ഉള്‍ക്കൊള്ളാനാവാതെ നഗരങ്ങള്‍ പൊട്ടിത്തെറിയ്ക്കും മുമ്പ് കരുതലെടുത്തേ പറ്റൂ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

 

വി.പി റജീന
മാധ്യമപ്രവര്‍ത്തക