വെടിക്കെട്ടിന് മാത്രം 70 ലക്ഷം! ബി.ജെ.പി എം.എല്‍.എയുടെ മകന് ആഡംബരം വിവാഹം; വീഡിയോ
national news
വെടിക്കെട്ടിന് മാത്രം 70 ലക്ഷം! ബി.ജെ.പി എം.എല്‍.എയുടെ മകന് ആഡംബരം വിവാഹം; വീഡിയോ
ആദര്‍ശ് എം.കെ.
Wednesday, 17th December 2025, 7:54 am

ഭോപ്പാല്‍: വെടിക്കക്കെട്ടിന് മാത്രം 70 ലക്ഷത്തോളം രൂപ ചെലവഴിച്ച് ഇന്‍ഡോറില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ഗോലു ശുക്ലയുടെ മകന്‍ അഞ്ജനേഷ് ശുക്ലയുടെ ആഡംബര വിവാഹം.

വിവാഹത്തിന്റെയും വെടിക്കെട്ടിന്റെയും മറ്റ് അലങ്കാരങ്ങളടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചതിന് പിന്നാലെ എം.എല്‍.എയ്‌ക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

വരന്റെ സഹോദരന്‍ ഈ ആഡംബര വിവാഹത്തിന്റെയും വെടിക്കെട്ടിന്റെയും വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് വിമര്‍ശനങ്ങളും ഉയരുന്നത്.

‘സാധാരണക്കാരന്റെ ഇന്‍കം ടാക്‌സ് അല്ലേ ഈ കല്യാണത്തിന് പൊട്ടിത്തെറിക്കുന്നത്,’ ‘നിങ്ങള്‍ ഒരു വര്‍ഷത്തിലെ 365 ദിവസവും ജോലി ചെയ്യൂ, കൃത്യമായി സര്‍ക്കാരിന് നികുതി നല്‍കൂ, അങ്ങനെയെങ്കില്‍ എം.എല്‍.എയുടെ മകന് ഇത്തരത്തില്‍ ആഘോഷിക്കാന്‍ സാധിക്കും’ തുടങ്ങിയ വിമര്‍ശന കമന്റുകളാണ് ആരാധകര്‍ പങ്കുവെക്കുന്നത്.

പ്രതിശീര്‍ഷ വരുമാനം ഏറ്റവും കുറവുള്ള, 20 ശതമാനത്തിലേറെ അതിദരിദ്രരുള്ള സംസ്ഥാനങ്ങളിലൊന്നിലാണ് ഒരു എം.എല്‍.എയുടെ മകന്റെ വിവാഹം ആര്‍ഭാടമായി നടത്തുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നവരും കുറവല്ല.

ഇതുമാത്രമല്ല, ഈ വിവാഹത്തിന്റെ മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഖജ്രാന ഗണേശ ക്ഷേത്രത്തിന്റെ ശ്രീകോവിനുള്ളില്‍ വെച്ച് വരനും വധുവും വിവാഹമാല്യം അണിയിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.

സാധാരണ നിലയില്‍ ഭക്തന്‍മാര്‍ക്കോ സാധാരണക്കാര്‍ക്കോ ക്ഷേത്രത്തിന്റെ ശ്രീകോവിലനുള്ളില്‍ പ്രവേശനമില്ല എന്നിരിക്കവെയാണ് എം.എല്‍.എയുടെ മകന്‍ ഗര്‍ഭഗൃഹത്തിനുള്ളില്‍, വിഗ്രഹത്തിന് സമീപമെത്തി വിവാഹമാല്യമണിയിക്കുന്നത്.

ഈ സംഭവവും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

പണവും സ്വാധീനവുമുള്ള ആളുകള്‍ക്കായി ക്ഷേത്ര നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുകയാണോ എന്നാണ് ഭക്തര്‍ ചോദിക്കുന്നത്.

എന്നാല്‍ ഭക്തരുടെ വികാരം മാനിക്കാതെ സംഭവത്തെ ന്യായീകരിക്കാനാണ് ക്ഷേത്ര അധികൃതര്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അധികൃതരുടെ ഈ നിലപാടും വിമര്‍ശിക്കപ്പെടുന്നുണ്ട്.

 

Content Highlight: A lavish wedding of the son of a BJP MLA from Indore, spending around Rs 70 lakhs on fireworks alone.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.