കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എലത്തൂരിലേറ്റ കനത്ത പരാജയത്തില്‍ തനിക്ക് വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് മുന്‍മന്ത്രിയും എന്‍.സി.പി നേതാവുമായ എ.കെ. ശശീന്ദ്രന്‍.
എല്‍.ഡി.എഫിനുണ്ടായ കനത്ത തിരിച്ചടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെയോ എം.വി ഗോവിന്ദനെയോ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം മീഡിയ വണ്ണിനോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികള്‍ ഗൗരവമായ ചര്‍ച്ചകള്‍ നടത്തിവരികയാണ്. പരാജയത്തിന്റെ ഉത്തരവാദിത്തം മറ്റുള്ളവരുടെ മേല്‍ കെട്ടിവെക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ പോരായ്മ കൊണ്ടാണ് ഈ തെരഞ്ഞെടുപ്പില്‍ തോറ്റതെങ്കില്‍ ആ പോരായ്മ നേരത്തെ കണ്ടെത്താന്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തിനും അഖിലേന്ത്യ ഘടകത്തിനും എന്തുകൊണ്ട് കഴിയാതെ പോയി എന്നതല്ലേ പ്രശ്‌നം? അതിന് കഴിഞ്ഞിരുന്നെങ്കില്‍ ചിലപ്പോള്‍ തീരുമാനം ഇങ്ങനെ ആകുമായിരുന്നില്ലല്ലോ.
പരാജയപ്പെട്ടതിനുശേഷം അതിനകത്ത് കുറ്റം ആരുടെയെങ്കിലും തലയില്‍ കെട്ടിവെക്കുന്നതിനേക്കാള്‍ കുറ്റം സ്വയം ഏറ്റെടുത്തു കൊണ്ടുള്ള ഒരു ചര്‍ച്ചയാണ് അഭികാമ്യം,’ അദ്ദേഹം പറഞ്ഞു.
എന്‍.സി.പി പിളരുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളിക്കളഞ്ഞു.
സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും എന്നാല്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട്ടെ ഇടതിന്റെ കോട്ടയായ എലത്തൂരില്‍ കോണ്‍ഗ്രസിന്റെ വിദ്യ ബാലകൃഷ്ണനോടായിരുന്നു ശശീന്ദ്രന്റെ തോല്‍വി. ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം അടക്കം പാര്‍ട്ടിയില്‍ അസ്വസ്ഥതകളുണ്ടാക്കിയിരുന്നു.
2021ല്‍ 38,502 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച എല്‍.ഡി.എഫിന് ഇത്തവണ 12,162 വോട്ടിന്റെ തോല്‍വിയാണ് നേരിടേണ്ടി വന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി 77,662 വോട്ട് നേടിയപ്പോള്‍ 65,500 വോട്ടാണ് ശശീന്ദ്രന് സ്വന്തമാക്കാനായത്.
Content Highlight: A.K. Saseendran says he was at fault for the defeat in Elathur in the assembly elections