പരാജയപ്പെടുമ്പോള്‍ ഭീരുക്കള്‍ മതത്തെ ഉപയോഗിക്കും, അമേരിക്കയും മറ്റൊന്നല്ല
DISCOURSE
പരാജയപ്പെടുമ്പോള്‍ ഭീരുക്കള്‍ മതത്തെ ഉപയോഗിക്കും, അമേരിക്കയും മറ്റൊന്നല്ല
എ കെ രമേശ്‌
Thursday, 5th March 2026, 7:42 pm
എല്ലാ മരുന്നും പരാജയപ്പെടുമ്പോള്‍ കാളന്‍ നെല്ലായി എന്ന് മുമ്പൊരു പരസ്യമുണ്ടായിരുന്നു. അതേപോലെ മറ്റെല്ലാം പരാജയപ്പെടും എന്നു തോന്നുമ്പോള്‍ ഭീരുക്കള്‍ മതത്തെയും വിശ്വാസത്തെയും ഉപയാഗിക്കാന്‍ നോക്കും എന്നു തന്നെയാണ് അമേരിക്കന്‍ യുദ്ധമുഖത്തു നിന്നുമുള്ള വാര്‍ത്തകള്‍ തെളിയിക്കുന്നത് | എ.കെ രമേശ് ഡൂള്‍ന്യൂസില്‍ എഴുതുന്നു

ക്ഷേത്ര പ്രതിഷ്ഠക്ക് രാഷ്ട്രീയ നേതൃത്വം. പാര്‍ലമെന്റ് ഉദ്ഘാടനത്തിന് മതപൗരോഹിത്യം! ഇതെന്താ തിയോളജിക്കല്‍ സ്റ്റേറ്റോ എന്ന് അന്ന് സംശയിച്ചവരുടെ സംശയം മുഴുവന്‍ മാറ്റുന്ന വാര്‍ത്തകളാണ് ഇന്ന് അമേരിക്കയില്‍ നിന്ന് വരുന്നത്.

ഇറാനെ കീഴടക്കാന്‍ ട്രംപിനെ യേശു അയച്ചതാണ് എന്നാണ് പട്ടാളത്തില്‍ പ്രചരിപ്പിക്കുന്നതത്രെ. ഇറാനെ തോല്‍പ്പിക്കുന്നതോടെ യേശു തിരിച്ചു വരുകയും ചെയ്യുമത്രെ. പിന്നെന്തു നോക്കാനാണ്? കൊന്നുതള്ളുക തന്നെ!

Military Religious Freedom Foundation എന്നു പേരുള്ള ഒരു സംഘടനയുണ്ട്. അതിലേക്ക് പരാതിപ്രവാഹമാണത്രെ.

This war is biblically ordained and the bloodshed is necessary to fulfill Christian prophecy, എന്നാണ് പട്ടാളക്കാര്‍ക്ക് കിട്ടുന്ന ഉപദേശമത്രെ! വെളിപാട് പുസ്‌കകത്തില്‍ പറഞ്ഞതിന്‍ പടിയാണ് കാര്യങ്ങള്‍ നടക്കുന്നത് എന്നാണ് പ്രചാരണം.

കഴിഞ്ഞ വേനല്‍ക്കാലത്ത് മുമ്പ് പ്രതിരോധ സെക്രട്ടറി, ഇപ്പോള്‍ പേര് മാറി യുദ്ധ സെക്രട്ടറിയായ പീറ്റര്‍ ഹെഗ്സേഥ് പെന്റഗണില്‍ ക്രിസ്ത്യന്‍ ആരാധനാസേവനങ്ങള്‍ക്കായി ക്ഷണിച്ചു വരുത്തിയ ഡൗഗ് വില്‍സണ്‍ അറിയപ്പെടുന്ന സ്ത്രീവിരോധിയും പെണ്ണുങ്ങള്‍ക്ക് വോട്ടവകാശം പാടില്ലെന്ന് പ്രചരിപ്പിക്കുന്ന പാതിരിയുമാണ്.

ഇപ്പോഴത്തെ ഉത്തരവുകള്‍ പൊളിറ്റിക്കല്‍ അല്ല ബിബ്ലിക്കല്‍ ആണ് എന്നാണ് യുദ്ധ സെക്രട്ടറി പറഞ്ഞു കൊണ്ടിരിക്കുന്നത്.

പീറ്റര്‍ ഹേഗ്‌സേഥും ഡഗ് വില്‍സണും. Photo: AAUW of Michigan

ഇങ്ങനെ മതത്തെ രാഷ്ട്രീയാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ പരാതിപ്പെടുന്നത് നിരീശ്വരവാദികളല്ല, നല്ല ഒന്നാന്തരം ക്രിസ്തുമത വിശ്വാസികള്‍ തന്നെയാണ്.

ഹിന്ദുത്വയെ യഥാര്‍ത്ഥ ഹിന്ദുക്കള്‍ എതിര്‍ക്കുന്നതുപോലെ അമേരിക്കയെ തിയോക്രാറ്റിക് സ്റ്റേറ്റാക്കുന്നതിന് എതിര് നില്‍ക്കുകയാണ് പട്ടാളത്തിലെ വിശ്വാസികള്‍.

എല്ലാ മരുന്നും പരാജയപ്പെടുമ്പോള്‍ കാളന്‍ നെല്ലായി എന്ന് മുമ്പൊരു പരസ്യമുണ്ടായിരുന്നു. അതേപോലെ മറ്റെല്ലാം പരാജയപ്പെടും എന്നു തോന്നുമ്പോള്‍ ഭീരുക്കള്‍ മതത്തെയും വിശ്വാസത്തെയും ഉപയാഗിക്കാന്‍ നോക്കും എന്നു തന്നെയാണ് അമേരിക്കന്‍ യുദ്ധമുഖത്തു നിന്നുമുള്ള വാര്‍ത്തകള്‍ തെളിയിക്കുന്നത്.

 

Content Highlight: A.K. Ramesh writes about religious interference in American politics