ട്രംപിനെ വെറുതെ കുറ്റം പറയരുത്
DISCOURSE
ട്രംപിനെ വെറുതെ കുറ്റം പറയരുത്
എ കെ രമേശ്‌
Saturday, 10th January 2026, 12:41 pm
ട്രംപ് ചെയ്യുന്നതിനെല്ലാം മുന്‍നടപ്പ് ഉണ്ട്. ചെയ്യുന്നതൊന്നും ഒരാളല്ല, ഒരു സാമൂഹികക്രമമാണ് എന്നാണ് പറഞ്ഞു വരുന്നത്. അതാണ് സാമ്രാജ്യത്വത്തിന്റെ എക്കാലത്തെയും മട്ട്. അത് 18ാം നൂറ്റാണ്ടിലായാലും 21ാം നൂറ്റാണ്ടിലായാലും മനുഷ്യത്വ വിരുദ്ധമായേ, ജനാധിപത്യവിരുദ്ധമായേ പെരുമാറൂ. അതിന് മറിച്ചാവില്ല | എ.കെ. രമേശ് ഡൂള്‍ന്യൂസിലെഴുതുന്നു

 

വന്ന് വന്ന് ഈ ഭൂമിയെ തകര്‍ക്കാനായി പൊട്ടിവീണ ധൂമകേതുവാണ് ട്രംപ് എന്ന മട്ടിലെത്തിയിട്ടുണ്ട് പ്രചാരണങ്ങള്‍. കാലാവസ്ഥാ മാറ്റം സംബന്ധിച്ച അന്താരാഷ്ട ചട്ടക്കൂടില്‍ നിന്ന് പിന്മാറിക്കൊണ്ട് ഈ ഭൂമിയാകെ ഉരുകിയൊലിച്ചു പോയാലും തങ്ങള്‍ക്കൊന്നുമില്ല എന്നാണ് മൂപ്പരുടെ മട്ട്.

കാര്യം നേരെയാവും വരെ മസ്‌കിനൊപ്പം ശൂന്യാകാശത്തേക്ക് ഉല്ലാസയാത്ര നടത്തി കാലം കഴിച്ചുകൊള്ളാം എന്നാണ് ഭാവം.

പക്ഷേ ബുഷിന്റെ കാലത്ത് മറിച്ചായിരുന്നോ സ്ഥിതി? ക്യോട്ടോ പ്രോട്ടോക്കോള്‍ ഒപ്പിടാഞ്ഞത് ട്രംപ് പറഞ്ഞിട്ടല്ലല്ലോ.

'Stopped seven wars'; Trump reiterates that he deserves Nobel Peace Prize

ഡൊണാള്‍ഡ് ട്രംപ്‌

വെട്ടിപ്പിടുത്തത്തിന്റെ, തട്ടിക്കൊണ്ടു പോകലിന്റെ, ചുട്ടുകത്തിക്കലുകളുടെ കാര്യത്തില്‍ ഇതാദ്യമായെന്തോ ട്രംപ് ചെയ്യുകയാണ് എന്ന മട്ടിലാണ് പ്രചാരണം. അതാണ് തെറ്റ്.

മയക്കുരുന്ന് കടത്തുകാരനെന്ന് അധിക്ഷേപിച്ച് മെഷീന്‍ ഗണ്‍ കൈവശം വെച്ചു എന്ന കുറ്റം ചുമത്തി മഡൂറോയെ തട്ടിക്കൊണ്ടു പോയത് തെറ്റ് തന്നെ. പക്ഷേ ഇതാദ്യമായാണോ അമേരിക്ക ഒരു രാഷ്ട്രത്തലവനെ ഒളിച്ചു കടത്തി കട്ടുകൊണ്ടു പോവുന്നത്?

ബന്ദിയാക്കപ്പെട്ട നിക്കോളാസ് മഡൂറോ. ഡൊണാള്‍ഡ് ട്രംപ് പുറത്തുവിട്ട ചിത്രം

ബുഷിന്റെ കാലത്ത് പനാമയിലെ സൈനികത്തലവന്‍ മാനുവല്‍ നൊറിയേഗയെ അമേരിക്കയിലേക്ക് തട്ടിക്കൊണ്ടു വന്ന് തടവില്‍ പാര്‍പ്പിച്ചത് മറന്നുപോയോ? പ്രിസിഡന്‍സ് ഉണ്ട് പ്രസിഡണ്ടിനെ തട്ടിക്കൊണ്ടുപോരുന്നതില്‍ എന്ന് സമ്മതിച്ചല്ലോ? എങ്കില്‍ അക്കാര്യത്തിന് ട്രംപിനെ മാത്രം കുറ്റം പറയാമോ?

മാനുവല്‍ നൊറിഗ ഫ്‌ളോറിഡയില്‍ തടവില്‍. Photo: Wikipedia

കരീബിയന്‍ കടലിലേക്ക് കപ്പല്‍പ്പടയെ അയച്ചത് തെറ്റ് തന്നെ. പക്ഷേ ബംഗ്ലാദേശ് യുദ്ധകാലത്ത് ഏഴാം കപ്പല്‍പ്പട ഇങ്ങോട്ടയച്ച് ഇന്ദിരാ ഗാന്ധിയുടെ മൂക്ക്‌ചെത്തിക്കളയും എന്ന് പറഞ്ഞ അമേരിക്കന്‍ പ്രസിഡണ്ടിനെ മറന്നോ?

നിങ്ങള്‍ ഏഴാം കപ്പല്‍പ്പടയെ അയക്കുമെങ്കില്‍ ഞങ്ങള്‍ ഞങ്ങളുടെ കപ്പല്‍പ്പടയെയും അങ്ങോട്ടയക്കും എന്നാണ് സോവിയറ്റ് യൂണിയന്‍ അന്ന് പറഞ്ഞത്.

അത് കേട്ടപ്പോള്‍ മൂപ്പരുടെ അടിവസ്ത്രത്തോടൊപ്പം, അണിഞ്ഞ സ്യൂട്ട് കൂടി നനഞ്ഞു പോയതു കൊണ്ടു മാത്രമാണ് ബംഗാള്‍ ഉള്‍ക്കടലിലേക്ക് അമേരിക്കന്‍ കപ്പല്‍പ്പട എത്താഞ്ഞത്.

സോവിയറ്റ് യൂണിയന്‍ പതാക

അന്നത് പറയാന്‍ സോവിയറ്റ് യൂണിയന്‍ ഉണ്ടായിരുന്നു. ഇന്നതില്ല. എന്ന് വെച്ച് അതിന്റെ കുറ്റവും ട്രംപിന് ചാര്‍ത്താമോ?

മെക്‌സികോയെ ഞാനിങ്ങെടുക്കുവാ, കാനഡയെ കൂടെ കൂട്ടുവാ, ഗ്രീന്‍ലാന്‍ഡ് ഞങ്ങളുടേതാ എന്നൊക്കെ പറഞ്ഞത് തെറ്റ് തന്നെ. പക്ഷേ ഇതാദ്യമായാണോ annexation?

അതിര്‍ത്തി വിപുലീകരണം പണ്ടേ അമേരിക്കന്‍ അജണ്ടയായിരുന്നു. 5,25,000 ചതുരശ്ര മൈല്‍ മെക്‌സികോയില്‍ നിന്ന് തട്ടിപ്പറിച്ചെടുത്തു കൊണ്ട് 1848ല്‍ കരാര്‍ ഉണ്ടാക്കിയത് ട്രംപല്ലല്ലോ?

ഗുവാഡല്യൂപ് ഹിഡാല്‍ഗോ കരാര്‍ എന്നറിയപ്പെടുന്ന ആ കരാനുസരിച്ച് മെക്‌സികോയില്‍ നിന്ന് അതിന്റെ 55 ശതമാനം ഭൂമിയാണ് അമേരിക്ക പിടിച്ചെടുത്തത്. കാലിഫോര്‍ണിയയും നവാഡയും യൂട്ടായും ന്യൂ മെക്‌സികോയും, അരിസോണയുടെയും കോളൊറാഡോയുടെയും മിക്ക ഭാഗങ്ങളും അമേരിക്കയ്ക്ക് വന്നുചേര്‍ന്നത് ഈ വെട്ടിപ്പിടുത്തത്തിലൂടെയാണ്.

Photo: Wikipedia

This treaty, signed on February 2, 1848, ended the war between the United States and Mexico. By its terms, Mexico ceded 55 percent of its territory, including the present-day states California, Nevada, Utah, New Mexico, most of Arizona and Colorado, and parts of Oklahoma, Kansas, and Wyoming. Mexico also relinquished all claims to Texas, and recognized the Rio Grande as the southern boundary with the United States. എന്ന് എഴുതി ഒപ്പിടുവിച്ച് വാങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടിലെ അമേരിക്കന്‍ ഭരണാധികാരികളാണ്. അത് കുറച്ചുകൂടി കൂട്ടിയെടുക്കാന്‍ നോക്കുക മാത്രമാണ് ട്രംപ് ഇപ്പോള്‍ ചെയ്തത്.

Photo: Wikipedia

ട്രംപ് ചെയ്യുന്നതിനെല്ലാം മുന്‍നടപ്പ് ഉണ്ട് എന്നര്‍ത്ഥം.

ചെയ്യുന്നതൊന്നും ഒരാളല്ല, ഒരു സാമൂഹികക്രമമാണ് എന്നാണ് പറഞ്ഞു വരുന്നത്. അതാണ് സാമ്രാജ്യത്വത്തിന്റെ എക്കാലത്തെയും മട്ട്. അത് 18ാം നൂറ്റാണ്ടിലായാലും 21ാം നൂറ്റാണ്ടിലായാലും മനുഷ്യത്വ വിരുദ്ധമായേ, ജനാധിപത്യവിരുദ്ധമായേ പെരുമാറൂ. അതിന് മറിച്ചാവില്ല.

അതുകൊണ്ടു തന്നെ അതിനോട് സമരസപ്പെട്ടു പോവുക മനുഷ്യപക്ഷത്തുള്ളവര്‍ക്ക് അസാധ്യം. അതിനോട് ഏറ്റുമുട്ടിക്കൊണ്ടും അതിനെ തോല്‍പ്പിച്ചും കൊണ്ടും മാത്രമേ മനുഷ്യരാശിക്ക് മേല്‍ഗതിയുള്ളൂ എന്നു തന്നെയാണ് ചരിത്രം ഇത്രയും നാള്‍ നമ്മെ പഠിപ്പിച്ചത്. അത് തന്നെയാണ് സോഷ്യലിസം അല്ലെങ്കില്‍ കാടത്തം എന്ന റോസാ ലക്‌സംബര്‍ഗിന്റെ പ്രയോഗത്തിന്റെ ഉള്ളടക്കവും!

 

Content Highlight: A.K. Ramesh writes about Donald Trump’s taking Venezuelan President Nicolas Maduro hostage