പുതിയ ഇസ്രഈലി സര്‍ക്കാര്‍ ഫലസ്തീനികള്‍ക്ക് മാത്രമല്ല ജൂതര്‍ക്കും ഭീഷണി; ജൂത പുരോഹിതര്‍
World News
പുതിയ ഇസ്രഈലി സര്‍ക്കാര്‍ ഫലസ്തീനികള്‍ക്ക് മാത്രമല്ല ജൂതര്‍ക്കും ഭീഷണി; ജൂത പുരോഹിതര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th December 2022, 6:29 pm

ടെല്‍ അവീവ്: ഇസ്രഈലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള നിയുക്ത തീവ്ര വലതുപക്ഷ സര്‍ക്കാര്‍ ഫലസ്തീനികള്‍ക്കും ജൂതര്‍ക്കും ഒരുപോലെ വെല്ലുവിളിയായിരിക്കുമെന്നും ഇസ്രഈലിന്റെ നിയമവാഴ്ചയെ തകര്‍ക്കുമെന്നും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ജൂത പുരോഹിതരുടെ സംഘടനയായ ത്രൂവാ (T’ruah).

”വര്‍ധിച്ചുവരുന്ന ഫാസിസത്തിന്റെയും വംശീയതയുടെയും പ്രകടനമാണ് ഇസ്രഈലിന്റെ പുതിയ സര്‍ക്കാര്‍,” ത്രൂവായുടെ സി.ഇ.ഒയായ റബ്ബി ജില്‍ ജേക്കബ്‌സ് (Rabbi Jill Jacobs) പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

”രാഷ്ട്രീയ അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന, ആളുകളുടെ ജീവന്‍ അപകടത്തിലാക്കുന്ന അക്രമാസക്തരായ വലതുപക്ഷ തീവ്രവാദികള്‍ക്ക് അടിമുടി അധികാരം നല്‍കുന്നതാണ് നെതന്യാഹുവിന്റെ പുതിയ സഖ്യസര്‍ക്കാര്‍.

നെതന്യാഹുവും അദ്ദേഹത്തിന്റെ പുതിയ സഖ്യവും ഇസ്രഈലികളെയും ഫലസ്തീനികളെയും ഒരുപോലെ അപകടത്തിലാക്കുന്നു,” എന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ക്കുന്നു.

വടക്കേ അമേരിക്കയിലെ 2,300ലധികം ജൂത പുരോഹിതരെ പ്രതിനിധീകരിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് ത്രൂവാ.

നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്ര ദേശീയ- വലതുപക്ഷ സഖ്യസര്‍ക്കാരിന്റെ കാര്യത്തില്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളടക്കം വലിയ ആശങ്ക പങ്കുവെക്കുന്നുണ്ട്. ഇസ്രഈലില്‍ വരാനിരിക്കുന്ന ‘വലതുപക്ഷ- ഫാസിസ്റ്റ് കൂട്ടുകെട്ടി’ന്റെ അപകടങ്ങളെ കുറിച്ച് ഫലസ്തീന്‍ നേതാക്കളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതിനിടെ, ഇസ്രഈലില്‍ എല്‍.ജി.ബി.ടി.ക്യു വിരുദ്ധ പാര്‍ട്ടിയുമായി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി സഖ്യത്തിലേര്‍പ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഹോമോഫോബിക്കും തീവ്ര വലതുപക്ഷ നയങ്ങള്‍ പിന്തുടരുന്നതുമായ നോം പാര്‍ട്ടിയുമായാണ്(Noam Party) നെതന്യാഹു സഖ്യകരാറില്‍ ഏര്‍പ്പെട്ടത്. തീവ്ര മത-ദേശീയതയിലൂന്നി പ്രവര്‍ത്തിക്കുന്ന നോം പാര്‍ട്ടിയുടെ തലവന്‍ അവി മാവൊസിനെ (Avi Maoz) കരാര്‍ പ്രകാരം നെതന്യാഹു സര്‍ക്കാരില്‍ ഡെപ്യൂട്ടി മന്ത്രിയായി നിയമിക്കുമെന്നും വാഗ്ദാനമുണ്ട്.

തീര്‍ത്തും യാഥാസ്ഥിതികമായ, പരസ്യമായി അറബ് വിരുദ്ധ, എല്‍.ജി.ബി.ടി.ക്യു വിരുദ്ധ, നയങ്ങള്‍ രൂപീകരിക്കുന്നതിന് ‘പേരുകേട്ട’ പാര്‍ട്ടിയാണ് നോം. ഇസ്രഈലില്‍ ജൂത മതനിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് വാദിക്കുന്നയാളാണ് അവി മാവൊസ്.

എല്‍.ജി.ബി.ടി.ക്യു പ്ലസ് വിഭാഗത്തില്‍ പെട്ടവര്‍ കുടുംബങ്ങള്‍ക്ക് ഭീഷണിയാണെന്ന മാവൊസിന്റെ പരാമര്‍ശം നേരത്തെ വലിയ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. സ്വവര്‍ഗാനുരാഗികളുടെ പ്രൈഡ് പരേഡുകള്‍ റദ്ദാക്കണമെന്നും ഇയാള്‍ പറഞ്ഞിരുന്നു.

അതേസമയം, ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ യായ്ര്‍ ലാപിഡിന്റെ നേതൃത്വത്തിലുള്ള സെന്റര്‍- ലെഫ്റ്റ് സഖ്യത്തെ മറികടന്ന് നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരുന്നു. സിയോണിസ്റ്റ് പാര്‍ട്ടികളുടെ പിന്തുണയോടെയായിരുന്നു നെതന്യാഹുവിന്റെ ബ്ലോക്ക് വിജയിച്ചത്.

ഇതേത്തുടര്‍ന്നാണ് സഖ്യസര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങളിലേക്ക് നെതന്യാഹു കടന്നത്.

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇസ്രഈലില്‍ നടന്ന അഞ്ചാമത്തെ തെരഞ്ഞെടുപ്പായിരുന്നു ഇത്. നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടതോടെയായിരുന്നു രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലെത്തിയത്. ബെന്നറ്റ് രാജി വെച്ചതിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രിയായിരുന്ന യായ്ര്‍ ലാപിഡായിരുന്നു ഇടക്കാല പ്രധാനമന്ത്രിയായത്.

ബെന്നറ്റിന്റെ രാജിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ രാഷ്ട്രീയത്തിലേക്കും പ്രധാനമന്ത്രി പദത്തിലേക്കും നെതന്യാഹുവിന് തിരിച്ചുവരാനുള്ള അവസരമായിരിക്കും ഇതെന്ന തരത്തില്‍ വിലയിരുത്തലുകള്‍ ഉയര്‍ന്നിരുന്നു.

വലതുപക്ഷ ജൂത പാര്‍ട്ടി മുതല്‍ അറബ് മുസ്‌ലിം പാര്‍ട്ടി വരെയുള്ള നിരവധി പാര്‍ട്ടികളുടെ സഖ്യസര്‍ക്കാരായിരുന്നു ബെന്നറ്റിന്റെ നേതൃത്വത്തില്‍ ഇസ്രഈല്‍ ഭരിച്ചിരുന്നത്. എന്നാല്‍ 2021 ജൂണില്‍ അധികാരത്തിലേറിയ ബെന്നറ്റ് 2022 അവസാനത്തോടെ സ്ഥാനമൊഴിയുകയായിരുന്നു.

സഖ്യസര്‍ക്കാരില്‍ നിന്നും തുടര്‍ച്ചയായി ജനപ്രതിനിധികള്‍ രാജിവെക്കുകയും പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെയായിരുന്നു ബെന്നറ്റ് ഇസ്രഈല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടത്.

Content Highlight: A Jewish human rights group condemns new Israeli government by Benjamin Netanyahu as threat to both Jews and Palestinians