തിരുവനന്തപുരം: ഡോ. എ. ജയതിലക് കേരളത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയാകും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സര്‍വീസില്‍ നിന്ന് വിരമിക്കുന്നതോടെ ജയതിലക് പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കും.
1991 ബാച്ചിലെ ഉദ്യോഗസ്ഥനാണ് ഡോ. എ. ജയതിലക്. ഒരു വര്‍ഷത്തെ സര്‍വീസാണ് അദ്ദേഹത്തിന് ബാക്കിയുള്ളത്. 2026 ജൂണ്‍ 26 വരെയാണ് കാലാവധി.
നിലവില്‍ അദ്ദേഹം ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്. സംസ്ഥാന കേഡറിലെ രണ്ടാമത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ജയതിലക്. സംസ്ഥാനത്തെ അമ്പതാമത്തെ ചീഫ് സെക്രട്ടറി കൂടിയാണ് അദ്ദേഹം.
വിഴിഞ്ഞം പദ്ധതി, മാലിന്യമുക്ത കേരളം തുടങ്ങിയ വികസന പദ്ധതികള്‍ക്കായിരിക്കും കൂടുതല്‍ മുന്‍ഗണന നല്‍കുകയെന്ന് ഡോ. എ. ജയതിലക് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വയനാട് പുനരധിവാസം ടാര്‍ഗറ്റ് ഡേറ്റിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.