ഫൈനലില്‍ ഇന്ത്യയ്ക്ക് കീഴടക്കാനുള്ളത് ചരിത്രം; കിവീസിനെ മുട്ടുകുത്തിച്ചാല്‍ അക്കൗണ്ടിലാകുന്നത്...
Cricket
ഫൈനലില്‍ ഇന്ത്യയ്ക്ക് കീഴടക്കാനുള്ളത് ചരിത്രം; കിവീസിനെ മുട്ടുകുത്തിച്ചാല്‍ അക്കൗണ്ടിലാകുന്നത്...
ശ്രീരാഗ് പാറക്കല്‍
Friday, 6th March 2026, 4:52 pm

ലോകകപ്പ് കരിയറിലെ നാലാം ഫൈനലിനാണ് ഇന്ത്യ ഒരുങ്ങുന്നത്. വാംഖഡെയില്‍ നടന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലാന്‍ഡിനെയാണ് ഇന്ത്യ നേരിടാനുള്ളത്.

ഞായറാഴ്ച ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന ഫൈനലിലും വിജയിക്കാന്‍ സാധിച്ചാല്‍ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ടി-20 ലോകകപ്പില്‍ ബാക് ടു ബാക് കിരീടം നേടുന്ന ടീമാകാനാണ് ഇന്ത്യയ്ക്കുള്ള അവസരം.

2024ല്‍ നടന്ന ടി-20 ലോകകപ്പില്‍ രോഹിത് ശര്‍മയുടെ കീഴില്‍ ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടിരുന്നു. 2026ലെ ലോകകപ്പില്‍ സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ചാമ്പ്യന്‍മാരാകുമെന്നാണ് ഏവരും വിശ്വസിക്കുന്നത്.

അതേസമയം 2026 ടി-20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ക്രിക്കറ്റ് പ്രേമികളെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തില്‍ ത്രില്ലിങ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ഇംഗ്ലണ്ടിന് മുന്നില്‍ വെച്ചുനീട്ടിയത്. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സാണ് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് സൂപ്പര്‍ താരവും ഓപ്പണറുമായ സഞ്ജു സാംസനാണ്. 42 പന്തില്‍ എട്ട് ഫോറും ഏഴ് സിക്സും ഉള്‍പ്പെടെ 89 റണ്‍സ് നേടിയാണ് സഞ്ജു കൂടാരം കയറിയത്. 211.90 എന്ന മിന്നും സ്ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

നിര്‍ണായക മത്സരത്തില്‍ ബാക് ടു ബാക് ഫിഫ്റ്റി നേടിയാണ് സഞ്ജു തന്റെ പവര്‍ ഒരിക്കല്‍ക്കൂടി കാണിച്ചത്. വില്‍ ജാക്സിന്റെ പന്തിലായിരുന്നു താരം മടങ്ങിയത്. ഇംഗ്ലണ്ട് ബാറ്റര്‍ ജേക്കബ് ബഥേലിന്റെ വെടിക്കെട്ട് സെഞ്ച്വറിയിലും ത്രീ ലയണ്‍സിന് വിജയം എത്തിപ്പിടിക്കാന്‍ സാധിക്കാതെ വരികയായിരുന്നു.

Content Highlight: A great record awaits India if they win the T20 World Cup in 2026

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ