പോച്ചറിന് ഗംഭീര വരവേല്‍പ്പ്; കാണാനെത്തിയത് നിവിന്‍ പോളിയുള്‍പ്പെടെയുള്ള താരങ്ങളും സംവിധായകരും
Entertainment news
പോച്ചറിന് ഗംഭീര വരവേല്‍പ്പ്; കാണാനെത്തിയത് നിവിന്‍ പോളിയുള്‍പ്പെടെയുള്ള താരങ്ങളും സംവിധായകരും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st February 2024, 7:41 pm

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പോച്ചര്‍ എന്ന സീരീസിന്റെ പ്രീമിയറിന് മുന്നോടിയായി കൊച്ചിയില്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ പ്രത്യേക സ്‌ക്രീനിങ്ങിന് ഗംഭീര വരവേല്‍പ്പ്.

സീരീസിലെ താരങ്ങളും അറിയറപ്രവര്‍ത്തകരും പങ്കെടുത്ത സ്‌ക്രീനിങ്ങില്‍ നിവിന്‍ പോളി, പാര്‍വതി തിരുവോത്ത്, പൂര്‍ണിമ ഇന്ദ്രജിത്ത്, ദിലീഷ് പോത്തന്‍, ജിയോ ബേബി, ടിനു പാപ്പച്ചന്‍, ദര്‍ശന രാജേന്ദ്രന്‍, ശ്രുതി രാമചന്ദ്രന്‍, ദിവ്യ പ്രഭ, ലിയോണ ലിഷോയ്, മാലാ പാര്‍വതി, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയ പ്രമുഖ വ്യക്തികളും പങ്കെടുത്തു.

നിമിഷ സജയന്‍, റോഷന്‍ മാത്യു, ദിവ്യേന്ദു ഭട്ടാചാര്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ക്രൈം സീരീസ് യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയത്. എമ്മി അവാര്‍ഡ് നേടിയ ചലച്ചിത്ര നിര്‍മാതാവായ റിച്ചി മേത്തയാണ് സീരീസിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

എട്ട് ഭാഗങ്ങളുള്ള ഈ ക്രൈം സീരീസ് ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയെ കുറിച്ചാണ് പറയുന്നത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പുറത്തിറങ്ങുന്ന സീരീസിന് 35ലധികം ഭാഷകളില്‍ സബ്ടൈറ്റിലുകള്‍ ഉണ്ടായിരിക്കും.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍മാര്‍, വൈല്‍ഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയില്‍ നിന്നുള്ള എന്‍.ജി.ഒ പ്രവര്‍ത്തകര്‍, പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍, ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയാടല്‍ സംഘത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജീവന്‍ പണയപ്പെടുത്തിയ സമരക്കാര്‍ എന്നിവരുടെ അസാധാരണമായ ശ്രമങ്ങളെ ഈ സീരീസിലൂടെ എടുത്തുകാണിക്കുന്നു.

ആലിയ ഭട്ടിന്റെ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ്, സ്യൂട്ടബിള്‍ പിക്‌ചേഴ്‌സ്, പൂര്‍ മാന്‍സ് പ്രൊഡക്ഷന്‍സ് എന്നിവയുമായി സഹകരിച്ച് ക്യുസി എന്റര്‍ടൈന്‍മെന്റ് നിര്‍മിക്കുന്ന പോച്ചര്‍ 240 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഫെബ്രുവരി 23 മുതല്‍ പ്രൈം വീഡിയോയിലൂടെ സ്ട്രീം ചെയ്യും.

Content Highlight: A Grand Welcome For The Poacher Series’s Special Screening In Kochi