വെറൈറ്റി ലുക്കില്‍ ഫഹദ്; ആവേശത്തിന്റെ ലൊക്കേഷന്‍ ഫോട്ടോ ചോര്‍ന്നു
Entertainment news
വെറൈറ്റി ലുക്കില്‍ ഫഹദ്; ആവേശത്തിന്റെ ലൊക്കേഷന്‍ ഫോട്ടോ ചോര്‍ന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th August 2023, 11:00 pm

വമ്പന്‍ ഹിറ്റായ രോമാഞ്ചത്തിന് ശേഷം ജിത്തു മാധവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ആവേശം. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. സിനിമയില്‍ തീര്‍ത്തും വ്യതസ്തമായ ലുക്കിലാണ് ഫഹദ് ഫാസില്‍ എത്തുക എന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.

ഇത് ശരിവയ്ക്കുന്ന രീതിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നത്.

ഒരു ഗുണ്ടപടയ്‌ക്കൊപ്പം നില്‍ക്കുന്ന ഫഹദിനെയാണ് സോഷ്യല്‍ മീഡിയയില്‍ ലീക്കായ ഫോട്ടോയില്‍ കാണാന്‍ കഴിയുന്നത്. ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കട്ടിമീശയും കറുപ്പ് വസ്ത്രവുമണിഞ്ഞുളള ഫഹദിന്റെ ഗെറ്റപ്പ് എന്തായാലും പുതുമയാണ് എന്നാണ് സിനിമ ഗ്രൂപ്പുകളിലെ ചര്‍ച്ച. രോമാഞ്ചത്തിലൂടെ ശ്രദ്ധേയനായ സജിനെയും ഈ ഫോട്ടോയില്‍ കാണാം. ചിത്രം നിര്‍മിക്കുന്നത് അന്‍വര്‍ റഷീദാണ്.

ബെംഗളൂരുവിലെ ഒരു കോളേജിന്റെ പാശ്ചത്തലത്തില്‍ പറയുന്ന വളരെ വ്യത്യസ്തമായ ഒരു ക്യാമ്പസ് ചിത്രമാണ് ഇതെന്നാണ് വിവരം.

നര്‍മ്മത്തിന് പ്രധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. ജിത്തു മാധവന്‍ തന്നെയാണ് തിരക്കഥ. സമീര്‍ താഹിറാണ് ക്യാമറ. സുഷിന്‍ ശ്യാം ആണ് സംഗീതം നിര്‍വഹിക്കുന്നത്. രോമാഞ്ചത്തില്‍ അഭിനയിച്ച പ്രധാന താരങ്ങള്‍ എല്ലാം ആവേശത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പാച്ചുവും അത്ഭുത വിളക്കുമാണ് അവസാനമായി ഫഹദ് മലയാളത്തില്‍ നായകനായി എത്തിയ ചിത്രം. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം തീയറ്ററില്‍ മികച്ച പ്രകടനം നടത്തിയിരുന്നു.

അടുത്തിടെ തമിഴില്‍ മാരി സെല്‍വരാജ് സംവിധാനം ചെയ്ത മാമന്നന്‍ ചിത്രത്തിലെ വില്ലന്‍ കഥാപാത്രം രത്‌നവേല്‍ ഫഹദിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്. അതേ സമയം രജനികാന്ത് നായകനാകുന്ന ചിത്രത്തില്‍ ഫഹദ് അഭിനയിക്കുന്നു എന്ന റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു.

Content Highlight: A Fahad fasil photo from the set of avesham is leaked and now its viral on social media