മാര്‍ച്ച് എട്ടിന് ന്യൂസിലാന്‍ഡും ഇന്ത്യയും തമ്മിലുള്ള ടി-20 ലോകകപ്പ് ഫൈനല്‍ മത്സരത്തിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഇന്ത്യയ്ക്ക് കപ്പ് നിലനിര്‍ത്താന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതേസമയം തങ്ങളുടെ കന്നി ടി-20 കിരീടം ലക്ഷ്യം വെച്ചാണ് കിവീസ് കളത്തിലിറങ്ങുന്നത്.
2024ല്‍ രോഹിത് ശര്‍മയും കൂട്ടരും ലോകകപ്പ് നേടിയ ചിത്രം
ഫൈനലില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ഒരു വമ്പന്‍ റെക്കോഡാണ്. കിരീടമുയര്‍ത്താന്‍ സാധിച്ചാല്‍ ഹോം ഗ്രൗണ്ടില്‍ ടി-20 ലോകകപ്പ് സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമാകാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് വന്നുചേരുക. 2024ല്‍ രോഹിത് ശര്‍മയും കൂട്ടരും വെസ്റ്റ് ഇന്‍ഡീസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ വെച്ചായിരുന്നു കിരീടമുയര്‍ത്തിയത്. മാത്രമല്ല മറ്റൊരു ടീമും ഇതുവരെ സ്വന്തം ഗ്രൗണ്ടില്‍ ഒരു ടി-20 ലോകകപ്പ് കിരീടം സ്വന്തമാക്കിയിട്ടില്ല.
വെല്ലുവിളികളെ മറികടന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ വെച്ച് സൂര്യകുമാര്‍ യാദവ് കരീടത്തില്‍ മുത്തമിടുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്. മാത്രമല്ല ഇതിനെല്ലാം പുറമെ ടി-20 ലോകകപ്പില്‍ ബാക് ടു ബാക് കരീടം നേടുന്ന ടീമാകാനും ഇന്ത്യയ്ക്ക് സാധിക്കും.
അതേസമയം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്.