കോഴിക്കോട്: സ്‌കൂളുകളില്‍ ലഹരി വിരുദ്ധ നടപടിയുടെ ഭാഗമായി സൂംബ ഡാന്‍സ് നടപ്പിലാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെ എതിര്‍ത്ത മതസംഘടനാ നേതാക്കള്‍ക്കെതിരെ പരസ്യ വിമര്‍ശനവുമായി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍. സൂംബ എന്ന വാക്ക് ആദ്യമായി കേള്‍ക്കുന്നവരാണ് തുടക്കത്തില്‍ തന്നെ പദ്ധതിയെ എതിര്‍ത്തവര്‍. അവര്‍ക്ക് അപകടകരമായ അജണ്ടകളുണ്ടെന്നത് വ്യക്തമാണെന്നും കെ.എന്‍.എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ മദനി പറഞ്ഞു.
മത പണ്ഡിതര്‍ പക്വതയോടെ സംസാരിക്കാന്‍ പഠിക്കണമെന്നും സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്ന സമീപനം മതപണ്ഡിതരില്‍ നിന്നുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാലയങ്ങളില്‍ വിഭാഗീയത ഉണ്ടാക്കരുതെന്നും വര്‍ഗീയത ആളിക്കത്തിക്കുന്നവര്‍ക്ക് അത് അണക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരസ്പരം തമ്മിലടിക്കുന്ന നിലയിലേക്ക് ഈ വിവാദത്തെ കൊണ്ടുപോയത് ബോധപൂര്‍വം ആരോ ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം പക്വമായൊരു ചര്‍ച്ചയോ ബോധ്യപ്പെടുത്തലുകളോ ഉണ്ടായാല്‍ പരിഹരിക്കാവുന്ന ഒരു പ്രശ്‌നത്തെ സോഷ്യല്‍ മീഡിയയിലേക്ക് കൊണ്ടുപോയി മതത്തെ ഇകഴ്ത്തുന്ന നിലയിലേക്ക് കൊണ്ടുപോയത് ശരിയായില്ല. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പോലും വിഭാഗീയത ഉണ്ടാക്കുന്ന തരത്തിലേക്കാണ് ഈ ചര്‍ച്ചകളെ കൊണ്ടെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടക്കം മുതല്‍ ഈ വിവാദം സംബന്ധിച്ച് വിവിധ മുസ്‌ലിം സംഘടനകള്‍ കൈകൊണ്ട സമീപനങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് കെ.എന്‍.എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുള്ള കോയ മദനി കൈക്കൊണ്ടത്.
ഇതേ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈന്‍ മടവൂര്‍ ഉള്‍പ്പടെയുള്ളവരുടെ നിലപാടിനെയാണ് ഈ പ്രസ്താവനയിലൂടെ അദ്ദേഹം തള്ളുന്നത്. മാത്രവുമല്ല, ഈ വിഷയത്തില്‍ തുടക്കം മുതല്‍ എതിര്‍പ്പുന്നയിച്ചത് വിസ്ഡം മുജാഹിദ് ഗ്രൂപ്പായിരുന്നു. തീവ്ര സലഫി ആശയക്കാരായ വിസ്ഡം ഗ്രൂപ്പ് കെ.എന്‍.എമ്മില്‍ നിന്നും പിളര്‍ന്നുപോയവരുമാണ്.
വിസ്ഡം ഗ്രൂപ്പ് നേതാവും അധ്യാപകനുമായ ടി.കെ. അഷ്‌റഫാണ് തുടക്കം മുതല്‍ ഈ പദ്ധതിക്കെതിരെ സോഷ്യല്‍ മീഡിയകളിലും പുറത്തും പരസ്യമായി എതിര്‍പ്പുന്നയിച്ചത്. ഒരു അധ്യാപകനെന്ന നിലയില്‍ താന്‍ ഈ പദ്ധതിയുമായി സഹകരിക്കില്ലെന്നും അതിന്റെ പേരിലുണ്ടാകുന്ന ഏത് നടപടിയും നേരിടാന്‍ താന്‍ തയ്യാറാണെന്നുമായിരുന്നു ടി.കെ. അഷ്‌റഫ് പറഞ്ഞത്.
പിന്നാലെ സമസത ഉള്‍പ്പെടെയുള്ള സുന്നി സംഘടനകളും പദ്ധതിയെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തി. എന്നാല്‍ ഇന്ന് സമസ്ത നേതാവ് നാസര്‍ഫൈസി കൂടത്തായി ഈ വിഷയത്തില്‍ തങ്ങള്‍ക്കുള്ള അവ്യക്തതകള്‍ പരിഹരിക്കപ്പെട്ടു എന്ന് പറഞ്ഞിട്ടുണ്ട്.
CONTENT HIGHLIGHTS; A Dangerous Agenda for Opponents; KNM rejected Hussain Madavoor and Wisdom Group in Zumba controversy