മമ്മൂട്ടിയെ തണുപ്പിക്കാൻ ഒരു കട്ടൻ ചായ മതി; അദ്ദേഹം ആദ്യം ചോദിക്കുന്നതും അതുതന്നെ: ഇടവേള ബാബു
Malayalam Cinema
മമ്മൂട്ടിയെ തണുപ്പിക്കാൻ ഒരു കട്ടൻ ചായ മതി; അദ്ദേഹം ആദ്യം ചോദിക്കുന്നതും അതുതന്നെ: ഇടവേള ബാബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th September 2025, 9:28 pm

1982ൽ പുറത്തിറങ്ങിയ ഇടവേള എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച നടനാണ് ഇടവേള ബാബു. ആ സിനിമയിൽ അഭിനയിച്ചതോടെ അമ്മനത്ത് ബാബു ചന്ദ്രൻ എന്ന യഥാർത്ഥ പേര് മാറ്റി ഇടവേള ബാബു എന്നാക്കി മാറ്റുകയായിരുന്നു.

പിന്നീട് നിരവധി സിനിമകളിൽ ചെറിയ റോളുകളിലൂടെ അദ്ദേഹം സിനിമയിൽ സജീവമായി. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് ഇടവേള ബാബു.

‘കാൽ നൂറ്റാണ്ടുകളായി മലയാളസിനിമയിലെ ലെജഡുകളുമായി അടുത്തിടപഴകാനും അവരോട് സൗഹൃദം സൂക്ഷിക്കാനും എനിക്ക് സാധിച്ചിട്ടുണ്ട്. മധു സാർ, ഷീലാമ്മ, ശാരദാമ്മ, ജയഭാരതി ചേച്ചി മുതൽ ഒരുപാട് പ്രഗത്ഭർ. അതാണെന്റെ ജീവിതത്തിലെ സമ്പാദ്യം.മമ്മൂക്കയെയും ലാലേട്ടനെയും ഒരുപോലെ എങ്ങനെ കൈകാര്യം ചെയ്യാൻ പറ്റുന്നെന്നു പലരും ചോദിച്ചിട്ടുണ്ട്. രണ്ടുപേരെയും കംഫർട്ടബിൾ ആക്കി നിർത്തിയാൽ മതി.

ഒരു കട്ടൻചായ മതി മമ്മൂക്കയെ കൂൾ ആക്കാൻ. താരനിശയൊക്കെ നടക്കുമ്പോൾ സംഘാടകരോട് ആദ്യമേ ഇത് പറഞ്ഞേൽപ്പിക്കും. പൊടിയിടാതെ ഡിപ് ചെയ്ത് എടുക്കുന്ന മധുരം ചേർക്കാത്ത ചൂടു കട്ടൻചായയാണ് ഇഷ്ടം. മമ്മൂക്ക വന്നാൽ ചോദിക്കുന്നത് ഇങ്ങനെയാണ്, ‘നിന്റെ സ്വാധീനം ഉപയോഗിച്ച് ഒരു കട്ടൻചായ കിട്ടാൻ വഴിയുണ്ടോ’ എന്നാണ്,’ ഇടവേള ബാബു പറയുന്നു.

അഥവാ താൻ അത് സംഘാടകരോട് പറഞ്ഞ് റെഡിയാക്കിയിട്ടില്ലെങ്കിൽ ‘ഒരു ചായ വരുത്തിക്കാനുള്ള സ്വാധീനം പോലും നിനക്കില്ലേ’ എന്ന ചോദ്യം മമ്മൂട്ടിയുടെ അടുത്ത് നിന്ന് കേൾക്കേണ്ടി വരുമെന്നും മമ്മൂട്ടി ജനറൽ സെക്രട്ടറിയും താൻ സെക്രട്ടറിയുമായി ഒരിക്കൽ ഇരുന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ചിലപ്പോൾ ചെറിയ കാര്യത്തിന് പോലും മമ്മൂട്ടി ചൂടാകുമെന്നും ഒരു ദിവസം താൻ മമ്മൂട്ടിയോട് ‘നമ്മൾ തമ്മിൽ മുന്നോട്ട് പോകില്ല’ എന്ന് പറഞ്ഞുവെന്നും ഇടവേള ബാബു പറയുന്നു. എന്നാൽ അതിന് മമ്മൂട്ടിയുടെ മറുപടി ‘എനിക്ക് അടുപ്പമുള്ളവരുടെ അടുത്തേ ഞാൻ വഴക്കിടാറുള്ളൂ. അതിലൊരാളാണു ബാബു’ എന്നായിരുന്നെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു.

Content Highlight: A cup of black tea is enough to cool down Mammootty says Idavela Babu