നാഗ്പൂര്‍: ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിജയിക്കില്ലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ഭാഗവത്. ഭരണമാറ്റം കൊണ്ട് സാഹചര്യങ്ങള്‍ മാറുമെന്ന് പറയുന്നത് തെറ്റാണെന്നും മുമ്പും അത്തരം മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഭാഗവത് പറഞ്ഞു.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധങ്ങള്‍ ശക്തമാവുന്ന സാഹചര്യത്തിലാണ് ആര്‍.എസ്.എസ് നേതാവിന്റെ പരാമര്‍ശം. പ്രക്ഷോഭങ്ങള്‍ കൊണ്ടല്ല, സമൂഹത്തിനുള്ളില്‍ നിന്നാണ് പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പ്രേരിതമായ പ്രക്ഷോഭങ്ങള്‍ രാജ്യത്ത് സംഘര്‍ഷവും അരാജകത്വവും സൃഷ്ടിക്കാനെ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സ്ഥിരതയും സമാധാനവും തകര്‍ക്കാനുള്ള വിദേശ ശക്തികളുടെ പദ്ധതിയാണ് വിദ്യാര്‍ത്ഥി സമരമെന്നും ഭഗാവത് പറഞ്ഞു.

ആഗോളതലത്തില്‍ രാഷ്ട്രീയ ‘ഭരണമാറ്റം’ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പാശ്ചാത്യ ശക്തികളുടെ പ്രധാന ലക്ഷ്യം ഇന്ത്യയാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം സമൂഹത്തില്‍ ഭിന്നത വളര്‍ത്തുന്ന രാഷ്ട്രീയ ഉപകരണങ്ങളായി പ്രക്ഷോഭങ്ങള്‍ മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

നാഗ്പൂരില്‍ നടന്ന ആര്‍.എസ്.എസിന്റെ വാര്‍ഷിക വിജയദശമി ആഘോഷങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിനോടനുബന്ധിച്ച് പരമ്പരാഗത ശസ്ത്രപൂജയും നിര്‍വഹിച്ചു.

ബംഗ്ലാദേശ്, നേപ്പാള്‍, ഫ്രാന്‍സ്, അല്‍ബേനിയ എന്നിവിടങ്ങളിലുണ്ടായ സമീപകാല രാഷ്ട്രീയ അട്ടിമറികളെയും പ്രക്ഷോഭങ്ങളെയും പരാമര്‍ശിച്ചായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസംഗം. സ്വന്തം സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിദേശ ശക്തികള്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ഭരണമാറ്റത്തെ ഉപയോഗിക്കുകയാണെന്നും എന്നാല്‍ ഇത്തരം നീക്കങ്ങള്‍ ഉദ്ദേശിച്ച ഫലം നല്‍കിയിട്ടില്ലെന്നും ആര്‍.എസ്.എസ് നേതാവ് പറഞ്ഞു.

‘ഭരണകൂടത്തെ മാറ്റിയാല്‍ രാജ്യത്തെ സാഹചര്യം മാറുമെന്നാണ് ഇക്കൂട്ടര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ചരിത്രത്തില്‍ ഒരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ല,’ ഭാഗവത് പറഞ്ഞു.
ഇന്ത്യ കൂടുതല്‍ ശക്തമാകുന്നത് ഇത്തരം വിദേശ ശക്തികളുടെ സ്വാധീനത്തെ പരിമിതപ്പെടുത്തും. അതിനാല്‍ ഇന്ത്യയെ ദുര്‍ബലപ്പെടുത്താനും ഭിന്നിപ്പിക്കാനും അവര്‍ ശ്രമിക്കുകയാണ്. ഇന്ത്യയുടെ വളര്‍ച്ച ചില ശക്തികള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, തങ്ങളുടെ ആധിപത്യത്തിന് ഭീഷണിയാകുംവിധം ഇന്ത്യ അതിശക്തമാകാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തില്‍ പ്രക്ഷോഭങ്ങള്‍ സ്വാഭാവികമാണെങ്കിലും അവയുടെ ലക്ഷ്യം പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതായിരിക്കണം. എന്നാല്‍ പൊതുജനക്ഷേമമല്ലാതെ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നടത്തുന്ന പ്രക്ഷോഭങ്ങള്‍ സമൂഹത്തില്‍ ശത്രുതയും ഭിന്നതയും സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ നേതാക്കളും പ്രക്ഷോഭകരും ഭരണകൂടവും മാന്യമായ പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കണമെന്നും, വികാരങ്ങള്‍ എത്ര തീവ്രമാണെങ്കിലും ഭരണഘടന നല്‍കുന്ന പരിധികള്‍ക്കുള്ളില്‍ നിന്ന് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും ആര്‍.എസ്.എസ് മേധാവി പറഞ്ഞു.

 

Content Highlight: A change in government will not alter the situation in the country; protests will only serve to breed hatred and anarchy: Mohan Bhagwat