ഭരണകൂടത്തിനെതിരെ ശരീരം കൊണ്ട് പോരാടിയ ധീരശാലി; ഇറാന്‍ ജയിലില്‍ നിന്നും മോചിതനായ മെയ്‌സാമിയെ പ്രകീര്‍ത്തിച്ച് അമേരിക്ക
World News
ഭരണകൂടത്തിനെതിരെ ശരീരം കൊണ്ട് പോരാടിയ ധീരശാലി; ഇറാന്‍ ജയിലില്‍ നിന്നും മോചിതനായ മെയ്‌സാമിയെ പ്രകീര്‍ത്തിച്ച് അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th February 2023, 5:53 pm

ടെഹ്‌റാന്‍: ഫര്‍ഹാന്‍ മെയ്‌സാമിയുടെ മോചനത്തെ സ്വാഗതം ചെയ്ത് അമേരിക്ക. ഇറാന്‍ സര്‍ക്കാരിന്റെ വധശിക്ഷ രീതികള്‍ക്കെതിരെയും, നിര്‍ബന്ധിത വസ്ത്ര ധാരണത്തിനെതിരെയും ശരീരം കൊണ്ട് പോരാടിയ ധൈര്യശാലിയാണ് മെയ്‌സാമിയെന്ന് ഇറാനിലെ അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ റോബര്‍ട്ട് മല്ലേ ട്വീറ്റ് ചെയ്തു.

ഇറാനിലെ ശിരോവസ്ത്ര നയത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത ഫര്‍ഹാദ് മെയ്‌സാമിയെ ഇറാന്‍ വിട്ടയച്ചിരുന്നു.

ശിരോവസ്ത്ര നയത്തിനെതിരെയും നിര്‍ബന്ധിത ഹിജാബ് ധാരണത്തിനെതിരെയും നിരവധി വനിതാ ആക്ടിവിസ്റ്റുകള്‍ രംഗത്ത് വന്നിരുന്നു. ഇവരെ പിന്തുണച്ച് കൊണ്ട് ഭരണകൂട നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിനാണ് മെയ്‌സാമിയെ 2018ല്‍ ജയിലിലടച്ചത്.

വിവേചനങ്ങള്‍ക്കെതിരെ ജയിലില്‍ കിടന്നും നിരാഹാര സമരം ചെയ്ത മെയ്‌സാമിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങളില്‍ ആരോഗ്യം നശിച്ച് മെലിഞ്ഞുണങ്ങിയ നിലയിലായിരുന്നു അദ്ദേഹം.

ഇതിനെതിരെ വലിയ പ്രതിഷേധം ഇറാന്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. ലോകത്തെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മെയ്‌സാമിയുടെ മോചനം ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ നേതാവും ഇറാനിലെ മുന്‍ പ്രസിഡന്റുമായ ആയത്തൊള്ള അലി ഖമനയി സമര്‍പ്പിച്ച പൊതുമാപ്പ് അംഗീകരിച്ചു കൊണ്ട് മെയ്‌സാമിയെ വിട്ടയക്കുന്നുവെന്നാണ് കോടതി അറിയിച്ചത്. ഇറാനില്‍ സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധിച്ച് അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് ആയത്തൊള്ള അലി ഖമനയി ആവശ്യപ്പെട്ടിരുന്നു.

1979ലെ ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തിന്റെ വാര്‍ഷിക ദിനത്തിലാണ് ഈ നടപടി എന്നതും ശ്രദ്ധേയമാണ്.

മെയ്‌സാമിയുടെ ചിത്രങ്ങള്‍ ഇറാനിയന്‍ ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളുടെ നേര്‍ച്ചിത്രമാണ് എന്ന് ആംനസ്റ്റി ഇന്റര്‍നാഷണലും പ്രസ്താവിച്ചിരുന്നു.

എന്നാല്‍ പ്രതിഷേധങ്ങള്‍ മൂര്‍ച്ഛിച്ചപ്പോഴും ഇറാന്‍ സര്‍ക്കാര്‍ വാര്‍ത്തകള്‍ നിഷേധിക്കുകയായിരുന്നു. നാല് വര്‍ഷങ്ങള്‍ മുമ്പുള്ള നിരാഹാര സമരത്തിന്റെ ചിത്രങ്ങളാണിതെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

പ്രതിഷേധിക്കാരെ വധശിക്ഷയ്ക്ക് വിധിച്ച നടപടിക്കെതിരെ കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് മെയ്‌സാമി നിരാഹാര സമരം ആരംഭിച്ചത്. വധശിക്ഷകള്‍ അവസാനിപ്പിക്കുക, സാധാരണക്കാരെയും രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുക, നിര്‍ബന്ധിത ഹിജാബ് പീഡനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മെയ്‌സാമി നിരാഹാരം ആരംഭിച്ചത്.

കഴിഞ്ഞ വര്‍ഷം ഇറാനിലെ മതകാര്യ പൊലീസ് മഹ്‌സ അമിനിയെ ഹിജാബിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് അവര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഈ പ്രതിഷേധങ്ങളെ ഭരണകൂടം അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. സര്‍ക്കാരിന്റെ നടപടിയില്‍ 500 ഓളം പേര്‍ മരണപ്പെടുകയും 20000ത്തിലധികം പേരെ അറസ്റ്റ് ചെയ്തുവെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

content highlight: A brave man who fought with his body against the state; America praises Maysami who was released from Iran prison