കാമറ പറയാത്ത ചില ശരീരഭാഷണങ്ങള്‍
Daily News
കാമറ പറയാത്ത ചില ശരീരഭാഷണങ്ങള്‍
ന്യൂസ് ഡെസ്‌ക്
Saturday, 6th April 2013, 6:58 pm

കാടിന്റെ വന്യതയില്‍ നിന്നും കാഴ്ചകളില്‍ നിന്നും ശീതളിമയില്‍ നിന്നുമാണ് മനസ്സില്‍ പുതിയ ഉറവകള്‍ ഉണ്ടാവുന്നത്. വനയാത്രകള്‍ക്കിടയിലാണ് ചിത്രശലഭങ്ങളെയും തുമ്പികളെയും പക്ഷികളെയും ബാബുകാമ്പ്രത്തിന്റെ സ്റ്റില്‍ കാമറ ഫോക്കസ് ചെയ്യുന്നത്. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാബുകാമ്പ്രത്ത് തന്റെ സിനിമകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പറയുന്നു.


ബാബു കാമ്പ്രത്ത്/ പ്രകാശ് മഹാദേവഗ്രാമം


സാമൂഹ്യപ്രസക്തിയുള്ള മികച്ച കഥേതര ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയത് ബാബു കാമ്പ്രത്തിന്റെ “ബിഹൈന്‍ഡ് ദി മിസ്റ്റ്” എന്ന ചിത്രമാണ്. ബാബു കാമ്പ്രത്ത് ആക്ടിവിസ്റ്റ് ഫിലിം മേക്കറും പ്രശസ്തനായ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുമാണ്.

ബാബു കാമ്പ്രത്തിന്റെ മുന്‍ചിത്രങ്ങളായ കാനവും കയ്പാടും പറയുന്നത് പരിസ്ഥതിയുടെ രാഷ്ട്രീയമാണ്. ബിഹൈന്‍ഡ് ദി മിസ്റ്റ് പറയുന്നത് മഞ്ഞിന്റെ തിരശ്ശീലക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന തോട്ടം തൊഴിലാളികളുടെ പൊള്ളുന്ന ജീവിതമാണ്,നിസ്സഹായതയാണ്, അടിമജീവിതത്തിന്റെ നിലവിളികളാണ്.[]

കാനവും കൈപ്പാടും തുടരെ തുടരെ ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ചിത്രങ്ങളാണ്. പുരസ്‌കാരങ്ങളുടെ പൊലിമ ബാബുകാമ്പ്രത്തിനെ പ്രലോഭിപ്പിക്കുന്നില്ല. ജീവിതത്തെ പതിവ് ചാലുകളില്‍ മേയാന്‍ വിട്ട് “മദര്‍ ബേര്‍ഡ്”എന്ന പുതിയ ഡോക്യുമെന്ററിയുടെ തിരക്കിലാണിപ്പോള്‍. മാടായിപ്പാറയുടെ ജൈവവൈവിധ്യത്തില്‍ നിന്നും ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതത്തില്‍ നിന്നുമാണ് ബാബു പുതിയ ചിത്രം രൂപപ്പെടുത്തുന്നത്.

സ്ഥാനമാനങ്ങള്‍ക്കൊപ്പം സഞ്ചരിക്കാത്തത് കൊണ്ടായിരിക്കും ദേശീയ ഫിലിം അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ ഈഫിലിം മേക്കര്‍ക്ക് ഇടം കിട്ടാതെ പോയത്. സെലിബ്രിറ്റി ഫിഗറുകളായ രണ്ടാം കിടക്കാരും മൂന്നാം കിടക്കാരുമായ താരങ്ങള്‍ ചാനല്‍ മുറികളിലും പത്രമാധ്യമങ്ങളിലും നിറഞ്ഞാടിയപ്പോള്‍ ഈ ദേശീയപുരസ്‌കാരജേതാവിനെ പലരും മറന്നുപോയി.

കേരളത്തിന് പാരിസ്ഥിതിക അവബോധം നല്‍കിയ ജോണ്‍സി മാഷുടെ സ്‌കൂളില്‍(സീക്ക്) നിന്നുമാണ് ബാബു കാമ്പ്രത്ത് എന്ന ആക്ടിവിസ്റ്റ് രൂപപ്പെട്ടത്. ജോണ്‍സി മാഷുമായുള്ള സൗഹൃദമാണ് ബാബുവിനെയും സുഹൃത്തും ആക്ടിവിസ്റ്റ് ഫോട്ടോഗ്രാഫറായ മധുരാജിനെയും സീക്കിലെത്തിച്ചത്.

സീക്കിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നടക്കാറുള്ള കോടഞ്ചേരി വനവാസക്യാമ്പില്‍ 1986 ല്‍ എത്തിയതോടെയാണ് കാടിനെ അടുത്തറിയാന്‍ തുടങ്ങിയത്. 1986 ലാണ് ആദ്യമായി കാട് കയറിയത്, തുടര്‍ന്ന് ഒറ്റക്കും കൂട്ടായും ധാരാളം വനയാത്രകള്‍ നടത്തി.

കാടിന്റെ വന്യതയില്‍ നിന്നും കാഴ്ചകളില്‍ നിന്നും ശീതളിമയില്‍ നിന്നുമാണ് മനസ്സില്‍ പുതിയ ഉറവകള്‍ ഉണ്ടാവുന്നത്. വനയാത്രകള്‍ക്കിടയിലാണ് ചിത്രശലഭങ്ങളെയും തുമ്പികളെയും പക്ഷികളെയും ബാബുകാമ്പ്രത്തിന്റെ സ്റ്റില്‍ കാമറ ഫോക്കസ് ചെയ്യുന്നത്. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാബുകാമ്പ്രത്ത് തന്റെ സിനിമകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പറയുന്നു.

ബിഹൈന്‍ഡ് ദി മിസ്റ്റ്

പയ്യന്നൂരില്‍ എല്‍.ഐ.സി.ജീവനക്കാരനായ ബാബുകാമ്പ്രത്ത് പ്രമോഷനോടെ സ്ഥലം മാറ്റം കിട്ടിയാണ് അടിമാലിയിലെത്തുന്നത്. അടിമാലിയിലെ ബാബുവിന്റെ ക്വാര്‍ട്ടേര്‍സിന്റെ വരാന്തയില്‍ ഇരുന്നാല്‍ മുന്നിലായുള്ള വലിയ കുന്നിന്റെ പള്ളയിലൂടെ പറന്ന് പോകുന്ന മഞ്ഞിന്റെ തുണ്ടുകള്‍ കാണാം. ആദ്യമാദ്യം അപരിചിതമായ ദേശത്തെ ഏകാന്തതയുടെ പടം പൊഴിച്ചത് ഇങ്ങനെയുള്ള കാഴ്ചകളില്‍ ലയിച്ചിരുന്നാണ.

തുടര്‍ന്ന് അടുത്തിടെ വാങ്ങിയ കാനത്തിന്റെ 7 ഡി കാമറയുമായി വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലും ബൈക്കില്‍ മൂന്നാറിലേക്കുള്ള കുന്നകള്‍ കയറുക ശീലമായി. ഇത്തരം യാത്രകളിലൊന്നും മൂന്നാറിന്റെ മായകാഴ്ചകളില്‍ മനസ്സുടക്കിയില്ല.

ലായം നഷ്ടപ്പെടാതിരിക്കാന്‍ ചങ്ങലക്കൊളുത്തുപോലെ ഇവരുടെ മക്കള്‍ തൊഴിലിടങ്ങളിലെ അടിമജീവിതത്തിന്റെ അവകാശികളാവുന്നു

മോഹകാഴ്ചകളില്‍ വീണുപോകാത്ത വേറിട്ട അന്വേഷണമാണ് ലായത്തിന്റെ ഒറ്റമുറിയുടെ വിശാലതയില്‍ ജീവിതം നെയ്യുന്ന തോട്ടം തൊഴിലാളികളുടെ ജീവിതത്തിനു നേരെ ക്യാമറ തിരിക്കാന്‍  പ്രേരണയായത്. തമിഴ്‌നാട്ടില്‍ നിന്നും തൊഴില്‍ തേടിയെത്തിയവരാണ് തോട്ടം തൊഴിലാളികളിലേറെയും. കനത്ത മഞ്ഞിലും മഴയിലും വെയിലിലും തുച്ഛമായ കൂലിക്ക് തൊഴില്‍ ചെയ്യാന്‍ വിധിക്കപ്പെട്ട അടിമജീവിതങ്ങള്‍.

സ്വന്തമായി ഒരു തുണ്ട്  ഭൂമിയോ,വീടോ ഇവര്‍ക്കില്ല. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് ഒരു ന്യൂനപക്ഷത്തിന് മാത്രമാണ്. മാരകമായ കീടനാശിനി തെളിക്കുന്നവയാണ് തേയിലച്ചെടികള്‍. ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരിലേറെയും വിട്ടുമാറാത്ത രോഗങ്ങളുടെ കൂടാരങ്ങളാണ്.

ഒറ്റമുറിയില്‍ വിലങ്ങിട്ടതാണ് ഇവരുടെ ലൈംഗിക സ്വാതന്ത്ര്യം. അരക്ഷിതമായ ജീവിതാവസ്ഥയില്‍ കുട്ടികളിലേറെയും പാതിവഴിയില്‍ സ്‌കൂള്‍ ഉപേക്ഷിച്ചവരാണ്. തൊഴിലില്‍ നിന്നും പിരിയുമ്പോള്‍ ഇവര്‍ക്ക് ആശ്രയം ആകാശത്തിന്റെ മേല്‍ക്കൂരയും മഞ്ഞിന്റെ പുതപ്പും പെരുവഴിയുമാണ്. ലായം നഷ്ടപ്പെടാതിരിക്കാന്‍ ചങ്ങലക്കൊളുത്തുപോലെ ഇവരുടെ മക്കള്‍ തൊഴിലിടങ്ങളിലെ അടിമജീവിതത്തിന്റെ അവകാശികളാവുന്നു.

അടുത്ത പേജില്‍ തുടരുന്നു

മൂന്നാറില്‍ നിന്നും ‘ബി ഹൈന്‍ഡ് ദി മിസ്റ്റ്’ നുവേണ്ടി ബാബുകാമ്പ്രത്തിന്റെ കാമറ പകര്‍ത്തിയത് തോട്ടം തൊഴിലാളികളുടെ പരമ്പരാഗതമായി തുടരുന്ന അടിമജീവിതത്തിന്റെ നിസ്സഹായമായ നിലവിളികളുടെയും പൊള്ളുന്ന ജീവിതത്തിന്റെയും ദൃശ്യപാഠങ്ങളാണ്.

മൂന്നാറിന് സമ്പന്നമായൊരു ദൃശ്യഭാഷയുണ്ട്, ജൈവവൈവിധ്യമുണ്ട്, പാരിസ്ഥിതിക പ്രാധാന്യമുണ്ട്, വാണിഭക്കാര്‍ തീറെഴുതിയെടുത്ത മോഹിപ്പിക്കുന്നശരീരമുണ്ട്, ലായത്തിന്റെ നാല് ചുവരുകള്‍ക്കുള്ളിലൊളിപ്പിച്ച തോട്ടം തൊഴിലാളികളുടെ തീപിടിച്ച ജീവിതമുണ്ട്.[]

മൂന്നാറില്‍ നിന്നും “ബി ഹൈന്‍ഡ് ദി മിസ്റ്റ്” നുവേണ്ടി ബാബുകാമ്പ്രത്തിന്റെ കാമറ പകര്‍ത്തിയത് തോട്ടം തൊഴിലാളികളുടെ പരമ്പരാഗതമായി തുടരുന്ന അടിമജീവിതത്തിന്റെ നിസ്സഹായമായ നിലവിളികളുടെയും പൊള്ളുന്ന ജീവിതത്തിന്റെയും ദൃശ്യപാഠങ്ങളാണ്.

ബിഹൈന്‍ഡ് ദി മിസ്റ്റ് അവസാനിക്കുന്നത് കമ്പുകള്‍ കൊണ്ട് കളിവീട് വെക്കുന്ന കുട്ടികളിലാണ്. ഈ കാഴ്ച തീ പിടിച്ച ജീവിതങ്ങളുടെ സ്വപ്നമാണ്. മൂന്നാറിന്റെ മോഹക്കാഴ്ചകളുടെ പൊളിച്ചെഴുത്താണ് ഈ ചെറുചിത്രം.

 

 

രചന, നിര്‍മ്മാണം, കാമറ, സംവിധാനം ബാബുകാമ്പ്രത്ത്,

എഡിറ്റിങ്ങ്-ലിജോ തോമസ്,

ശബ്ദം-അലിയാര്‍,

ഗവേഷണം-എം.അമല്‍

കേരളത്തിലെ ചിത്രശലഭങ്ങള്‍

മൊട്ടക്കുന്ന് എന്ന് തോന്നുന്ന മാടായിപാറയുടെ വിശാലതയില്‍ നിന്നാണ് ജൈവവൈവിധ്യത്തിന്റെ അടയാളങ്ങളായ ചിത്രശലഭങ്ങളെയും തുമ്പികളെയും പക്ഷികളെയും ബാബുകാമ്പ്രത്തിന്റെ കാമറ കണ്ടെത്തുന്നത്. ഈ തരിശുനിലത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം ലോകത്തോട് വിളിച്ച് പറഞ്ഞത് ബാബു ഇവിടെ നിന്ന് പകര്‍ത്തിയ 150ല്‍ പരം സ്പീഷിസ് ചിത്രശലഭങ്ങളുടെ അപൂര്‍വ്വചിത്രങ്ങളാണ്.

ഇന്ന് ചിത്രശലഭങ്ങളെക്കുറിച്ചുള്ള അധികാരികരേഖയാണ് “കേരളത്തിലെ ചിത്രശലഭങ്ങള്‍” എന്ന ഫോട്ടോ ഫീല്‍ഡ് ഗൈഡ്.

മാടായി പാറയിലേക്കുള്ള യാത്രകളില്‍ കൂട്ടായി പലപ്പോഴും ഡോ:ജാഫര്‍പാലോട്ടും,വി.സി.ബാലകൃഷ്ണനും ഉണ്ടാവും. ഇവരുടെ പ്രേരണയും മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ സുഹൃത്തുക്കളുടെ സന്നദ്ധതയുമാണ് “കേരളത്തിലെ ചിത്രശലഭങ്ങള്‍” എന്ന പുസ്തകം യാഥാര്‍ത്ഥ്യമാക്കിയത്. ഇന്ന് ചിത്രശലഭങ്ങളെക്കുറിച്ചുള്ള അധികാരികരേഖയാണ് “കേരളത്തിലെ ചിത്രശലഭങ്ങള്‍” എന്ന ഫോട്ടോ ഫീല്‍ഡ് ഗൈഡ്.

കുന്നുകളിലൂടെയും വനപ്രദേശങ്ങളിലൂടെയും അരുവിതടങ്ങളിലൂടെയുമുള്ള പത്ത് വര്‍ഷത്തെ അലച്ചിലിന്റെ സാക്ഷ്യപത്രം. ഇത്രയും സമഗ്രമായൊരു പൂമ്പാറ്റ പുസ്തകം ഇന്ത്യയില്‍ മറ്റൊരു ഭാഷയിലുമില്ല. പ്രൈമറി വിദ്യാര്‍ത്ഥികളുടെ സിലബസിന്റെ ഭഗമാണ് ചിത്രശലഭങ്ങളെ പേര് ചൊല്ലി വിളിക്കുന്ന ഈ പൂമ്പാറ്റ പുസ്തകം.

കാനം (A Life Story of Midland Hi-lls)

കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളെ ജലസമൃദ്ധമാക്കുന്ന 19 നദികളില്‍ 14 എണ്ണവും ഉത്ഭവിക്കുന്നത് ഇടനാടന്‍ ചെങ്കല്‍കുന്നുകളില്‍ നിന്നാണ്. കുന്ന് വെറും ചരല്‍ കൂനകളല്ലെന്നും ജൈവസമൃദ്ധിയുടെ അടയാളമാണെന്നും ബാബുവിനെ പഠിപ്പിച്ചത് ജോണ്‍സിമാഷാണ്. ഇടനാടന്‍ ചെങ്കല്‍കുന്നുകള്‍ മണ്ണ് മാന്തി യന്ത്രങ്ങളുടെ നീരാളി കൈകളില്‍ നാശോന്മുഖമായി കൊണ്ടിരിക്കുമ്പോഴാണ് തന്റെ പ്രവര്‍ത്തന തട്ടകമായ ഈ കുന്നുകളുടെ ജീവനുവേണ്ടി ജോണ്‍സി മാഷ് ശബ്ദമുയര്‍ത്തിയത്.

വടക്കെ മലബാറിലെ അത്ര പ്രശസ്തമല്ലാത്ത ഒരു ജലശ്രോതസ്സാണ് കാനം

കേരളത്തിലെ ചിത്രശലഭങ്ങള്‍ എന്ന പുസ്തകത്തിനുവേണ്ടിയുള്ള യാത്രയിലാണ് ബാബുകാമ്പ്രത്തിന് ഇടനാടന്‍ ചെങ്കല്‍ കുന്നുകള്‍ ഉറവയാകുന്നത്. ഇവിടെ നിന്നും കാമറ പകര്‍ത്തിയ ചിത്രങ്ങള്‍ ജൈവരേഖകളായി മാറുന്നത്.കുന്നുകള്‍ മണ്ണിന്റെ ജൈവ സമൃദ്ധിയെ നശിക്കാതെ ചേര്‍ത്ത് പിടിക്കാനുള്ള പാരിസ്ഥിതിക പ്രാധാന്യമുള്ളതാണെന്ന് പറയാനുള്ള ശ്രമമാണ് “കാനം” എന്ന ആദ്യ ഡോക്യുമെന്ററി ആയത്.

“കുന്ന് വെറും ചരല്‍കൂനയല്ല.ജീവന്റെ അത്ഭുതലോകമാണ്. പ്രകൃതിയെ സ്‌നേഹിക്കുന്ന മനസ്സുണ്ടെങ്കില്‍ ഈ കാഴ്ചകള്‍ സ്വന്തം ചുറ്റുവട്ടത്ത് നിന്ന് കണ്ടെടുക്കാനാവും” കാനം അവസാനിക്കുന്നത് ഈ വാക്കുകളിലാണ്.

വളരെ അമേച്വറായ രീതിയിലായിരുന്നു കാനത്തിന്റെ പിറവി.പ്രത്യേക ഷൂട്ടിങ്ങ് ഷെഡ്യൂള്‍ ഒന്നുമില്ല, ഒഴിവുദിവസങ്ങളില്‍ സുഹൃത്ത് സൂരജുമായി ചേര്‍ന്ന് കാനം എന്ന ജല ശ്രോതസ്സ് തേടി യാത്രയാവും. വടക്കെ മലബാറിലെ അത്ര പ്രശസ്തമല്ലാത്ത ഒരു ജലശ്രോതസ്സാണ് കാനം. ഇടനാടന്‍ ചെങ്കല്‍ കുന്നുകളില്‍ നിന്നാണ് കാനത്തിന്റെ ഉത്ഭവം. (അമിതമായ കുന്നിടിക്കല്‍ മൂലം ഈ ജല ശ്രോതസ്സ് ഇന്ന് മരണാസന്നമായിരിക്കുന്നു)

സീക്കിന്റെ വനവാസക്യാമ്പുകളില്‍ നിന്നാണ് തലശ്ശേരിക്കാരനായ സൂരജ് സുഹൃത്താവുന്നത്. സൂരജിന്റെ കയ്യിലുണ്ടായിരുന്നചെറിയൊരു മൂവി ക്യാമറയിലായിരുന്നു ചിത്രീകരണം. ഋതുഭേദങ്ങള്‍ക്കൊപ്പമുള്ള യാത്രകളില്‍ രണ്ട് വര്‍ഷം കൊണ്ട് 12 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി. സുഹൃത്ത് ലിജോ തോമസിന്റെ എഡിറ്റിങ്ങ് ടേബിളില്‍ 28 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ചെറുചിത്രം പിറന്നു.

അടുത്ത പേജില്‍ തുടരുന്നു

വളരെ പരിമിതമായ സാഹചര്യങ്ങളില്‍ ചിത്രീകരിച്ച ചെറിയ ചിത്രമാണ് കാനം. എല്‍.ഐ.സിയില്‍ നിന്ന് കിട്ടുന്ന ശമ്പളവും ഭാര്യ ദീപയുടെ പ്രോത്സാഹനവുമായിരുന്നു മൂലധനം. അരിഷ്ടിച്ച് ചിലവഴിച്ചത് കൊണ്ട് തന്നെ സാങ്കേതികസൗകര്യങ്ങളിലൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല.

കുട്ടികള്‍ക്ക് വേണ്ടി സ്‌കൂളുകളിലും പരിസ്ഥതി ക്യാമ്പുകളിലും പ്രദര്‍ശിപ്പിക്കുക എന്നതായിരുന്നു ആഗ്രഹം. ഒരു കൗതുകത്തിനാണ് ഗോവയില്‍ നടന്ന 39-മത് രാജ്യാന്തരചലച്ചിത്ര മേളയിലേക്ക് ചിത്രം അയച്ചത്. ക്ഷണം കിട്ടിയപ്പോള്‍ അത്ഭുതം തോന്നി.[]

വളരെ പരിമിതമായ സാഹചര്യങ്ങളില്‍ ചിത്രീകരിച്ച ചെറിയ ചിത്രമാണ് കാനം. എല്‍.ഐ.സിയില്‍ നിന്ന് കിട്ടുന്ന ശമ്പളവും ഭാര്യ ദീപയുടെ പ്രോത്സാഹനവുമായിരുന്നു മൂലധനം. അരിഷ്ടിച്ച് ചിലവഴിച്ചത് കൊണ്ട് തന്നെ സാങ്കേതികസൗകര്യങ്ങളിലൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഗോവന്‍ ചലച്ചിത്ര മേളയില്‍ ഹ്രസ്വചലച്ചിത്ര വിഭാഗത്തില്‍ “കാനം”പ്രേക്ഷക ശ്രദ്ധനേടി. അക്കൊല്ലം കേരളചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് നടത്തിയ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഏറ്റവും മികച്ച ഡോക്യുമെന്റിക്കുള്ള അവാര്‍ഡ് കാനത്തിനായിരുന്നു. കേരളസംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും വാതാവരണ്‍ പരിസ്ഥിതി പുരസ്‌കാരവും കാനത്തിന് ലഭിച്ചു.

കൈപ്പാട്(The Brackish water paddy and prawn field)

ആദ്യചിത്രമായ കാനം യാദൃശ്ചികമായിരുന്നെങ്കില്‍, രണ്ടാമത്തെ ചിത്രമായ കൈപ്പാടിന് വേണ്ടി ഏറെ മുന്നൊരുക്കങ്ങള്‍ നടത്തി. അപ്പോഴേക്കും ആദ്യചിത്രം ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തില്‍ സുഹൃത്ത് സൂരജ് ഏറെ സാങ്കേതിക സൗകര്യങ്ങളുള്ള പുതിയ കാമറ വാങ്ങിയിരുന്നു.

പുഴ കടലിനോട് ചേരുന്ന അഴിമുഖത്തിന് പിറകിലായി ഓരുജലം കെട്ടിനില്‍ക്കുന്ന കായലിനോട് ചേര്‍ന്ന ഏറ്റിറക്കങ്ങളില്‍ കൃഷിയോജ്യമാകുന്ന ചതുപ്പ് നിലങ്ങളാണ് കൈപ്പാട്.

വടക്കെ മലബാറുകാര്‍ക്ക് കൈപ്പാട് കൃഷി അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളാവുന്ന നാടന്‍ കൃഷി രീതിയാണ് കൈപ്പാട് കൃഷിയുടെ സൗന്ദര്യം. കാര്‍ഷിക സംസ്‌കൃതി കുടിയൊഴിഞ്ഞ് പോകുന്ന പുതിയ കാലത്ത് കൈപ്പാട് കൃഷി ഏങ്ങിനെ ഒരു സമൂഹത്തിന്റെ ജീവിതതാളമാകുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു “കൈപ്പാട്” എന്ന ഡോക്യുമെന്ററി.

ഒരു കാലഘട്ടത്തിന്റെ കാര്‍ഷിക വിജ്ഞാനത്തിന്റെ അവശേഷിപ്പും ജീവിതത്തിന്റെ ചരിത്രവായനയുമാണ് കൈപ്പാട് കൃഷി. മണ്ണും വിത്തിനങ്ങളും അവര്‍ക്ക് നാട്ടറിവ് പകര്‍ന്ന മനപ്പാഠമാണ്. രോഗവാഹിനികളായ രാസവളങ്ങളോ മണ്ണിനെകൊല്ലുന്ന വിത്തിനങ്ങളോ കൈപ്പാട് കൃഷിക്ക് ഉപയോഗിക്കാറില്ല.

അഴിമുഖ പ്രദേശത്തെ ഓരുവെള്ളം കയറുന്ന പാടത്ത് ഒരു വര്‍ഷം സംഭവിക്കുന്ന ജൈവികപരിണാമങ്ങളാണ് ഡോക്യുമെന്ററിക്ക് വേണ്ടി പകര്‍ത്തിയത്. ഒന്നരവര്‍ഷത്തോളമെടുത്തു ചിത്രീകരണത്തിന് ഓരുവെള്ളം കയറുന്ന കൈപ്പാട് നിലങ്ങളില്‍ ജൈവകൃഷിരീതിയിലൂടെ നെല്ലും ചെമ്മീനും വിളവിറക്കുന്നതെങ്ങിനെ എന്ന് പ്രതിപാദിക്കുകയാണ് ഈ ചിത്രത്തില്‍.

ജൈവകൃഷി മണ്ണിനെ എങ്ങിനെ സമ്പന്നമാക്കുന്നു എന്ന് ശാസ്ത്രീയ നിരീക്ഷണങ്ങളിലൂടെ ചെറിയ ചെറിയ ഷോട്ടുകളായി ചിത്രം പറയുന്നു. ശാസ്ത്രീയ ഗവേഷണവും പാരിസ്ഥിതിക അവബോധവും കഠിനമായ പരിശ്രമവും ഫോട്ടോഗ്രാഫര്‍ എന്ന നിലയിലുള്ള ബാബുകാമ്പ്രത്തിന്റെ കാഴ്ച ശീലങ്ങളുമാണ് കൈപ്പാട് എന്ന ഡോക്യുമെന്ററിക്ക് കരുത്ത് പകരുന്നത്.

2010 ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള വസുധ പുരസ്‌കാരം കൈപ്പാടിന് ലഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ടെലിവിഷന്‍ അവാര്‍ഡും പ്രതിരോധ സിനിമക്കുള്ള ജോണ്‍എബ്രഹാം പുരസ്‌ക്കാരവും ഈ ചിത്രത്തിന് ലഭിച്ചു.

കുടുംബം

പയ്യന്നൂരിലെ കാമ്പ്രത്ത് കാര്‍ത്ത്യായനിയുടെയും ചാത്തപ്പ പൊതുവാളുടെയും ഏഴാമത്തെ മകനാണ് ബാബു കാമ്പ്രത്ത്. പ്രീഡ്രിഗ്രി പയ്യന്നൂര്‍ കോളേജിലും ബിരുദപഠനം കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലും. കണ്ണൂര്‍ എസ്.എന്‍.കോളേജില്‍ നിന്ന് ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കുന്നതിനുമുമ്പെ എല്‍.ഐ.സിയില്‍ ജോലി ലഭിച്ചു. ഭാര്യ ദീപ, മക്കള്‍ ഹരിമുരളി, ഹരിത. കണ്ണൂര്‍ ജില്ലയിലെ പിലാത്തറയില്‍ “തണല്‍” എന്ന വീട്ടില്‍ താമസം.


പ്രകാശ് മഹാദേവഗ്രാമം
9895238108
ബാബു കാമ്പ്രത്ത്
9446895568