ഡിഫന്റിങ് ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ താരം വിരാട് കോഹ്‌ലി ഇനി ഒറ്റയ്ക്ക് ഭാരം ചുമക്കേണ്ടതില്ലെന്ന് മുന്‍ ആര്‍.സി.ബി താരവും പ്രോട്ടിയാസ് ഇതിഹാസവുമായ എ.ബി. ഡി വില്ലിയേഴ്‌സ്. മുന്‍ നായകനായ വിരാടിന് ചുറ്റും മികച്ച ഒരു ടീമുണ്ടെന്നും തുടര്‍ച്ചയായി രണ്ടോ മൂന്നോ ട്രോഫികള്‍ നേടാന്‍ ടീമിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഫ്രാഞ്ചൈസിയുടെ ഭാരം ഇനി ചുമക്കുന്നത് താന്‍ മാത്രമല്ലെന്ന് വിരാടിന് അറിയാം. അദ്ദേഹത്തിന് ചുറ്റും നല്ലൊരു ടീമുണ്ട്, എല്ലാ കളിക്കാരും ട്രോഫി നേടാന്‍ ശ്രമിക്കുന്നു. ആര്‍.സി.ബി നല്ല നിലയിലാണെന്ന് ഞാന്‍ കരുതുന്നു, അവര്‍ക്ക് വലിയ മാറ്റമൊന്നും ആവശ്യമില്ല.
വരാനിരിക്കുന്ന സീസണിലും അവരുടെ കിരീടം നിലനിര്‍ത്താനും വിജയികളായി ഉയര്‍ന്നുവരാനും അവര്‍ക്ക് അവസരമുണ്ട്. അവര്‍ക്ക് തുടര്‍ച്ചയായി രണ്ടോ മൂന്നോ ട്രോഫികള്‍ നേടാന്‍ കഴിയും,’ ഡിവില്ലിയേഴ്‌സ് പറഞ്ഞു.
അതേസമയം ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് മാര്‍ച്ച് 28ന് ആരംഭിക്കുന്ന ഐ.പി.എല്‍ പൂരത്തിനാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.
മത്സരത്തില്‍ ഏവരുടേയും ശ്രദ്ധാകേന്ദ്രം ബെംഗളൂരു സൂപ്പര്‍ താരം വിരാട് കോഹ്‌ലിയായിരിക്കും. ഐ.പി.എല്ലിന്റെ 19ാം സീസണില്‍ വിരാടിന്റെ പ്രകടനം കാണാന്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്.
നായകനായി ഏറെ വര്‍ഷക്കാലം ആര്‍.സി.ബിക്കൊപ്പം ഉണ്ടായെങ്കിലും വിരാടിന് കഴിഞ്ഞ സീസണിലാണ് കിരീടം ചൂടാന്‍ അവസരം ലഭിച്ചത്. ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തിയായിരുന്നു ആര്‍.സി.ബി കപ്പുയര്‍ത്തിയത്.
ഐ.പി.എല്ലില്‍ ആര്‍.സി.ബിക്ക് വേണ്ടി 259 ഇന്നിങ്സില്‍ കളിച്ച വിരാട് 8661 റണ്‍സാണ് അടിച്ചെടുത്തത്. ടൂര്‍ണമെന്റില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്നവ്യക്തിഗത സ്‌കോറാണിത്. 113 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 39.5 എന്ന എക്കോണമിയിലും 132.9 എന്ന സ്ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. ടൂര്‍ണമെന്റില്‍ എട്ട് സെഞ്ച്വറിയും 63 അര്‍ധ സെഞ്ച്വറിയും താരത്തിനുണ്ട്.
Content Highlight: A B de Villiers Talking About RCB