നീയൊക്കെ വിദേശത്ത് നിന്ന് വന്ന്, ഞങ്ങളുടെ ഭക്ഷണവും കഴിച്ച്, ഞങ്ങളുടെ ദയവ് കൊണ്ട് ഇവിടെ ജീവിച്ചിട്ട്, ഞങ്ങളുടെ രാജ്യത്തിനെതിരെയും ഞങ്ങളുടെ മതത്തിനെതിരെയും പ്രവര്‍ത്തിക്കുന്നോ? എന്ന് ചോദിച്ചാണ് അവര്‍ കന്യാസ്ത്രീകളെ ആക്രമിച്ചത്.
അവര്‍ ഇത് ഞങ്ങളോട് പറയുമ്പോള്‍, ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞുവെന്നും കണ്ഠമിടറിയെന്നും വാക്കുകള്‍ ഇടയ്ക്ക് നിന്നുപോയെന്നും എ.എ. റഹീം കൂട്ടിച്ചേര്‍ത്തു. ഇത് പറഞ്ഞ് സിസ്റ്റര്‍മാര്‍ സഖാവ് ബൃന്ദയുടെ ചുമലിലേക്ക് ചാഞ്ഞു.
പൊലീസ് കസ്റ്റഡിയില്‍ വച്ചാണ് ബജറംഗ്ദള്‍ ക്രിമിനലുകള്‍ രണ്ട് കന്യാസ്ത്രീകളോട് അവരുടെ ഈ രാജ്യത്തെ അസ്തിത്വം ചോദ്യം ചെയ്തത്. പൊലീസ് കസ്റ്റഡിയില്‍ വച്ചു കൂടെയുണ്ടായിരുന്ന 19കാരനായ ആദിവാസി യുവാവ് സുഖ്മായ് മണ്ഡവിയെയും ബജറംഗ്ദള്‍ ക്രിമിനല്‍ സംഘം പൊതിരെ തല്ലി.
രണ്ട് പെണ്‍കുട്ടികളേയും ക്രൂരമായി മര്‍ദിച്ചു. അപ്പോഴും പൊലീസ് മൂക സാക്ഷികളായിരുന്നു. ‘നിയമം നിയമത്തിന്റെ വഴിക്ക്’എന്ന് പറഞ്ഞ ബി. ജെ. പി മുഖ്യമന്ത്രിയുടെ നാട്ടില്‍, നിയമപാലകരുടെ മുന്നിലിട്ടാണ് ഈ ഗുണ്ടായിസം മുഴുവന്‍ നടന്നതെന്ന് എ.എ. റഹീം പറഞ്ഞു.
രോഗങ്ങള്‍ ഉളള രണ്ട് കന്യാസ്ത്രീകള്‍ക്കും കട്ടില്‍ പോലും ഇതുവരെ നല്‍കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊടും ക്രിമിനലുകളെ അടച്ചിരിക്കുന്ന ദുര്‍ഗിലെ സെന്‍ട്രല്‍ ജയിലില്‍ കുറ്റവാളികള്‍ക്കൊപ്പം തിരുവസ്ത്രം ധരിച്ച രണ്ട് മാലാഖമാര്‍ കഴിയുകയാണ്.
മോദിയുടെ ഇന്ത്യയിലെ നീതി നിഷേധത്തിന്റെയും ക്രിസ്ത്യന്‍ വേട്ടയുടെയും നേര്‍കാഴ്ച്ചയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഇന്നാണ് എ.എ.റഹീം ഉള്‍പ്പെടുന്ന ഇടത് എം.പിമാരുടെയും നേതാക്കളുടേയും സംഘത്തിന് ചത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ കാണാനുള്ള അവസരം ലഭിച്ചത്.
ഇന്നലെ സന്ദര്‍ശനത്തിനായി ജയിലില്‍ എത്തിയെങ്കിലും സമയം വൈകിയെന്ന് കാണിച്ച് ജയില്‍ അധികൃതര്‍ സംഘത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം ജയിലില്‍ കഴിയുന്ന സിസ്റ്റര്‍മാരുടെ കോണ്‍വെന്റും ഇടത് സംഘം സന്ദര്‍ശിച്ചിരുന്നു.
Content Highlight: A.A Rahim shares experience with Nuns arrested in Chhattisgarh