ബി.ജെ.പിക്കാരനായതിന് ശേഷം എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട്; 2016ല്‍ കെ റെയിലിനെ അനുകൂലിച്ചുള്ള ഇ. ശ്രീധരന്റെ ലേഖനം പങ്കുവെച്ച് തോമസ് ഐസക്ക്
Kerala News
ബി.ജെ.പിക്കാരനായതിന് ശേഷം എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട്; 2016ല്‍ കെ റെയിലിനെ അനുകൂലിച്ചുള്ള ഇ. ശ്രീധരന്റെ ലേഖനം പങ്കുവെച്ച് തോമസ് ഐസക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th January 2022, 6:44 pm

തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച മെട്രോമാനും ബി.ജെ.പി അനുഭാവിയുമായ ഇ. ശ്രീധരന് മറുപടിയുമായി മുന്‍ മന്ത്രി തോമസ് ഐസക്ക്.

ഇ. ശ്രീധരന്‍ 2016 ജനുവരി 15ന് മാതൃഭൂമിയില്‍ എഴുതിയ ലേഖനം പങ്കുവെച്ചായിരുന്നു തോമസ് ഐസക്കിന്റെ വിമര്‍ശനം. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ഹൈസ്പീഡ് റെയില്‍വേലൈന്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന്റെ നവയുഗം അവതരിക്കും എന്നായിരുന്ന ലേഖനത്തില്‍ ശ്രീധരന്‍ എഴുതിയരുന്നത്.

അന്ന് ഇങ്ങനെ ലേഖനമെഴുതിയ ശ്രീധരന് ഇന്ന് എന്ത് പറ്റിയെന്നും അദ്ദേഹം പറയുന്നു. ഇ. ശ്രീധരന്‍ ബി.ജെ.പിക്കാരനായതിന് ശേഷം എന്തോ കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു.

‘മലയാളികളുടെ മനസില്‍ വളരെയേറെ ബഹുമാനമുണ്ടായിരുന്ന ഒരു വ്യക്തിത്വമായിരുന്നു ഇ. ശ്രീധരന്‍. പക്ഷെ അദ്ദേഹം ബി.ജെ.പിക്കാരനായതിനുശേഷം എന്തോ കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ട്. നാളെ (ശനിയാഴ്ച) അവതരിപ്പിക്കുന്ന മണിമാറ്റേഴ്‌സിലേക്ക് വന്ന ചോദ്യങ്ങളില്‍ പലതും ഇ. ശ്രീധരന്‍ പറഞ്ഞതിനോട് പ്രതികരണം എന്താണ് എന്നായിരുന്നു. അദ്ദേഹത്തിന് അദ്ദേഹം തന്നെ 2016ല്‍ എഴുതിയ ലേഖനത്തിലൂടെ മറുപടി നല്‍കിയിട്ടുണ്ട്,’ തോമസ് ഐസക്ക് പറഞ്ഞു.

അതേസമയം, അനുമതി ലഭിച്ച പദ്ധതികള്‍ നടപ്പിലാക്കാതെ കെ റെയില്‍ നടപ്പിലാക്കണമെന്നത് സര്‍ക്കാരിന്റെ പിടിവാശിയാണെന്നായിരുന്നു വിഷയത്തില്‍ ഇ. ശ്രീധരന്റെ പ്രതികരണം.

കേന്ദ്രം കെ റെയിലിന് അനുമതി നല്‍കുമെന്ന് കരുതുന്നില്ല. കേന്ദ്രാനുമതി ഇല്ലാതെ റെയില്‍വെ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയില്ല. അക്കാര്യങ്ങളൊന്നും സംസ്ഥാനം പരിശോധിച്ചിട്ടില്ല. ഉദ്യോഗസ്ഥര്‍ വേണ്ടവിധം മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നില്ല. പദ്ധതിയിലെ സാങ്കേതിക പ്രശ്നങ്ങള്‍ താന്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു ഇ. ശ്രീധരന്‍ പറഞ്ഞിരുന്നത്.

കെ റെയില്‍ പദ്ധതിയുടെ ഡി.പി.ആര്‍ പുറത്തുവിടാത്തത് ദുരൂഹമാണ്. വലിയ നിര്‍മാണച്ചെലവ് വരുന്ന പദ്ധതിയുടെ ചെലവ് കുറച്ചു കാണിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. പ്രോജക്ട് റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനു കാരണം ജനങ്ങള്‍ പദ്ധതി ചെലവ് മനസിലാക്കുമെന്നതാണെന്നും ഇ. ശ്രീധരന്‍ ആരോപിച്ചിരുന്നു.

തോമസ് ഐസക്കിന്റെ വാക്കുകള്‍

കേന്ദ്രം അതിവേഗ കോറിഡോര്‍ കൊണ്ടുവരുമല്ലോ..?..നഞ്ചന്‍ഗോഡ് പാത, ഗുരുവായൂര്‍-തിരൂര്‍ അനുമതി കിട്ടിയല്ലോ എന്നെല്ലാം പ്രചരിപ്പിക്കുന്നവര്‍ ആലപ്പുഴയിലേക്ക് ഒന്ന് നോക്കണം.

1991 ല്‍ പൂര്‍ത്തിയായ തീരദേശ പാതയില്‍ ഇരട്ടിപ്പിക്കല്‍ തുടങ്ങി 20 വര്‍ഷം ആയി. ഇത് വരെ കായംകുളം-ഹരിപ്പാട് വരെ 20 കിലോമീറ്റര്‍ മാത്രമാണ് ഇരട്ടിപ്പിച്ചത്. ഈ വര്‍ഷം അമ്പലപ്പുഴ വരെ കമ്മീഷന്‍ ചെയ്യും. ആകെ 100 കിലോമീറ്ററിലധികം വരുന്ന തീരദേശപാത, റെയില്‍വേയുടെ ഈ സമയ കണക്കു വച്ചാണെങ്കില്‍ പൂര്‍ത്തിയാകാന്‍ 100 വര്‍ഷത്തിലധികം എടുക്കും. ഏതായാലും അമ്പലപ്പുഴ മുതല്‍ എറണാകുളം വരെയുള്ളത് ഇതിനിടെ റെയില്‍വേ ഫ്രീസ് ചെയ്തു.

2016ല്‍ പിണറായി സര്‍ക്കാര്‍ വന്ന സമയം മുതല്‍ ശ്രമിച്ചതിന്റെയും 2019 മുതല്‍ എ.എം. ആരിഫ് എംപിയുടെ നിരന്തരമായ ഫോളോഅപ്പിന്റെയും അവസാനം, 2020-ലാണ് ഡീഫ്രീസ് ചെയ്ത് പദ്ധതി തുടരാന്‍ അനുമതി കിട്ടിയതും ഭൂമി ഏറ്റെടുക്കാനും നിര്‍മ്മാണത്തിനും പണം അനുവദിച്ച് ടെന്‍ഡറിലേക്ക് പോയതും. കേരളത്തില്‍ ഭൂമി വില കൂടുതലാണ്.

റെയില്‍വേക്ക് പദ്ധതികള്‍ ലാഭകരമല്ല എന്ന് പറഞ്ഞ് മുകളില്‍ പറഞ്ഞ പദ്ധതികള്‍ എല്ലാം ഫ്രീസ് ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്തു കഴിഞ്ഞു. കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോഴും ബി.ജെ.പി ഭരിക്കുമ്പോഴും ഇന്ത്യയുടെ റെയില്‍വേ ഭൂപടത്തില്‍ കേരളം ഇല്ല. ഇവിടെ ട്രെയിന്‍ ഓടണമെന്ന് റെയില്‍വേയ്ക്ക് ഒരു നിര്‍ബന്ധവുമില്ല. അത് ഏറ്റവും നന്നായി ഇ. ശ്രീധരന് അറിയാം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTNT HIGHLIGHTS:  Thomas Isaac responds to Sreedharan in K rail controversy