കൊച്ചി: 2026-27ലെ കേരള ബഡ്ജറ്റിന് മാര്‍ക്കിടാന്‍ നടത്തിയ പോള്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂലമായതോടെ വെട്ടിലായി മനോരമ ന്യൂസ്. 89 ശതമാനം ആളുകളാണ് സംസ്ഥാന ബഡ്ജറ്റിനെ അനുകൂലിച്ച് പോളില്‍ വോട്ട് രേഖപ്പെടുത്തിയത്.
ബഡ്ജറ്റിന് മാര്‍ക്കിടാന്‍ മൂന്ന് ഓപ്ഷനുകളാണ് മനോരമ നല്‍കിയിരുന്നത്. മികച്ചത്, മോശം, ശരാശരി എന്നിങ്ങനെയായിരുന്നു ഈ ഓപ്ഷനുകള്‍. എട്ട് ശതമാനം പേര്‍ മാത്രമാണ് പോളില്‍ മോശം രേഖപ്പെടുത്തിയത്.
ഇതോടെ മനോരമ പോള്‍ പിന്‍വലിക്കുകയും ഇതുസംബന്ധിച്ച വാര്‍ത്ത ഡിലീറ്റ് ചെയ്യുകയുമായിരുന്നു. ഈ വാര്‍ത്തയുടെ ലിങ്ക് ഇപ്പോള്‍ ‘404’ലാണ് കാണുന്നത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ മനോരമക്കെതിരെ സോഷ്യല്‍ മീഡിയയിലെ ഇടത് ഹാന്‍ഡിലുകളില്‍ നിന്നും രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. നിരവധി ആളുകളാണ് പോളിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്.
ശ്ശെടാ ഒത്തില്ല, കലങ്ങിയില്ല, ഇനി കുറച്ച് ക്ഷീണമാകാം, ഉപ്പും ചോറും കൊടുത്തവനെ തിരിഞ്ഞ് കൊത്തില്ലല്ലോ, ഞെട്ടിയത് ഇപ്പോള്‍ മനോരമയാണല്ലോ എന്നിങ്ങനെയുള്ള പരിഹാസ കമന്റുകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
അതേസമയം 1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവുമാണ് പ്രതീക്ഷിക്കുന്നതെന്ന് ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബഡ്ജറ്റ് അവതരണത്തില്‍ വ്യക്തമാക്കിയിരുന്നു.
റവന്യൂ വരുമാനത്തില്‍ 45,889.49 കോടി രൂപയുടെ വര്‍ധനവും തനത് നികുതി വരുമാനത്തില്‍ 10,271.51 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1595.05 കോടി രൂപയുടെയും വര്‍ധനവാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബിരുദതലം വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കിക്കൊണ്ടുള്ള പ്രഖ്യാപനമാണ് ഇത്തവണത്തെ ബഡ്ജറ്റിനെ ശ്രദ്ധയമാക്കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഷുറന്‍സ് അടക്കമാണ് ബഡ്ജറ്റിലുള്ളത്. സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി.