രണ്ടാം ലോകമഹായുദ്ധത്തിന്റെ 80ാം വാര്‍ഷികത്തില്‍ ബെര്‍ലിനില്‍ സോവിയറ്റ് പതാകകള്‍ക്കും ചിഹ്നങ്ങള്‍ക്കും വിലക്ക്
World News
രണ്ടാം ലോകമഹായുദ്ധത്തിന്റെ 80ാം വാര്‍ഷികത്തില്‍ ബെര്‍ലിനില്‍ സോവിയറ്റ് പതാകകള്‍ക്കും ചിഹ്നങ്ങള്‍ക്കും വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th May 2025, 9:41 am

മോസ്‌കോ: രണ്ടാം ലോകമഹായുദ്ധ സ്മാരകങ്ങളില്‍ സോവിയറ്റ് പതാകകള്‍ക്കും ചിഹ്നങ്ങള്‍ക്കും ബെര്‍ലിനില്‍ വിലക്ക്. പൊതുസമാധാനത്തെയും ഉക്രൈന്‍ സംഘര്‍ഷത്തെയും കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് ബെര്‍ലിന്‍ അഡ്മിനിസ്‌ട്രേറ്റീവ് കോടതി പതാകയ്‌ക്കേര്‍പ്പെടുത്തിയ വിലക്ക് ശരിവെച്ചത്.

രണ്ടാം ലോകമഹായുദ്ധത്തില്‍ നാസി ജര്‍മനിയുടെ പരാജയത്തിന്റെ 80ാം വാര്‍ഷികാഘോഷ വേളയിലാണ് സോവിയറ്റ് പതാകകളും ചിഹ്നങ്ങളും വിലക്കി കൊണ്ടുള്ള നടപടി.

സോവിയറ്റ് പതാകകള്‍, വിക്ടറി ബാനര്‍, സെന്റ് ജോര്‍ജ്ജ് റിബണുകള്‍, ചരിത്രപരമായ സൈനിക യൂണിഫോമുകള്‍, യുദ്ധകാലത്തെ ഗാനങ്ങള്‍ തുടങ്ങിയവയ്ക്കടക്കം പൊലീസ് നിരോധനം ബാധകമാണെന്ന് ബെര്‍ലിനിലെ അഡ്മിനിസ്‌ട്രേറ്റീവ് കോടതി ഉത്തരവില്‍ പറയുന്നു.

പതാകയ്ക്കും ചിഹ്നങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി ഈ മാസം ആദ്യം സോവിയറ്റ് ഗാനങ്ങള്‍ പരസ്യമായി ആലപിക്കുന്നത് ബെര്‍ലിന്‍ പൊലീസ് വിലക്കിയിരുന്നു. മെയ് ഒമ്പതിനും എട്ടിനും ബെര്‍ലിനില്‍ നടക്കുന്ന പരിപാടിയിലാണ് ഗാനങ്ങള്‍ വിലക്കിയത്.

പതാകയും ചിഹ്നങ്ങളും വിലക്കിയ നടപടിക്കെതിരെ ട്രെപ്‌റ്റോവിലെ ഒരു അസോസിയേഷന്‍ അപ്പീല്‍ നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. സോവിയറ്റ് സ്മാരകത്തില്‍ തങ്ങളുടെ അനുസ്മരണ പരിപാടി നടത്താനുള്ള സ്വാതന്ത്ര്യം അന്യായമായി നിയന്ത്രിക്കുന്നുവെന്ന് കാണിച്ചാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.

പതാകകളും ചിഹ്നങ്ങളും നിരോധിച്ച നടപടിയെ റഷ്യ അപലപിക്കുകയുമുണ്ടായി. സോവിയറ്റ് പതാകകളും ചിഹ്നങ്ങളും പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ച് കൊണ്ടുള്ള നടപടി അപമാനകരവും വിവേചനപരവുമാണെന്ന് മോസ്‌കോ അറിയിച്ചു.

എന്നാല്‍ നാസിസത്തിന്റെ പരാജയത്തിന്റെ 80ാം വാര്‍ഷികം ആഘോഷിക്കുന്നതിനുള്ള സോവിയറ്റ് സൈനികരുടെ പിന്‍ഗാമികളുടെയും ജനങ്ങളുടെയും അവകാശത്തെ ലംഘിക്കുന്നതിന് തുല്യമാണ് പതാകകള്‍ നിരോധിച്ചുള്ള നടപടിയെന്ന് ബെര്‍ലിനിലെ റഷ്യന്‍ എംബസി അറിയിച്ചു.

‘നിരോധനം ന്യായീകരിക്കാനാവാത്തതും വിവേചനപരവും മനുഷ്യന്റെ അന്തസിനെ അപമാനിക്കുന്നതുമാണെന്ന് ഞങ്ങള്‍ കരുതുന്നു. ചരിത്രപരമായ തിരുത്തല്‍വാദത്തിന്റെയും രാഷ്ട്രീയ അവസരവാദത്തിന്റെയും വ്യക്തമായ പ്രകടനമായാണ് ഇതിനെ കാണുന്നത്.

ഈ സുപ്രധാന ദിവസങ്ങളില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിക്കാതെ എല്ലാവര്‍ക്കും ദീര്‍ഘകാല പാരമ്പര്യങ്ങള്‍ക്കനുസൃതമായി വീരമൃത്യു വരിച്ച റെഡ് ആര്‍മി സൈനികരെയും നാസിസത്തിന്റെ ഇരകളെയും അനുസ്മരിപ്പിക്കാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും അവസരം ലഭിക്കണമെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. ഇത് തടയാനുള്ള ഏതൊരു ശ്രമവും അപലപനീയമാണ്. തീരുമാനം പിന്‍വലിക്കണമെന്ന് ഞങ്ങള്‍ അടിയന്തിരമായി ആവശ്യപ്പെടുന്നു,’ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ 2023ലും രണ്ടാം മഹായുദ്ധ വിജയദിനത്തില്‍ ബെര്‍ലിന്‍ പൊലീസ് റഷ്യന്‍ സോവിയറ്റ് പതാകകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 2024ലും വിക്ടറി ബാനറുകളും മറ്റും നിരോധിച്ചിരുന്നു. ഈ രണ്ട് സാഹചര്യങ്ങളിലും സൈനിക വസ്ത്രം ധരിച്ചും നിരോധിക പതാകകള്‍ പ്രദര്‍ശിപ്പിച്ചും പ്രതിഷേധങ്ങളും നടന്നിരുന്നു.

Content Highlight: 80th anniversary of World War II; Soviet flags and symbols banned in Berlin