ചാര്‍ളി എന്ന നായികയുടെ സിനിമ | 777 Charlie Review | ANNA'S VIEW
അന്ന കീർത്തി ജോർജ്

ചാര്‍ളി എന്ന പട്ടിക്കുട്ടിയുടെ സിനിമയാണ് 777 ചാര്‍ളി. സിനിമയുടെ സെന്ററും പ്രധാന ആകര്‍ഷണവും ഏറ്റവും ഭംഗിയുള്ള ഘടകവുമൊക്കെ ഈ പട്ടിക്കുട്ടി തന്നെയാണ്. സ്വീറ്റായ, കുറെ സ്ഥലത്ത് റ്റൂ സ്വീറ്റ് ആന്റ് ഇമോഷണലായ സിനിമയാണ് 777 ചാര്‍ളി. സിനിമയിലെ ഈ ചാര്‍ളിയും ധര്‍മ എന്ന കഥാപാത്രവും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളമായ അനുഭവത്തോടൊപ്പം ഇന്ത്യയുടെ വിവിധ ഭൂപ്രദേശങ്ങളുടെ നല്ലൊരു വിഷ്വല്‍ ട്രീറ്റും സിനിമ നല്‍കുന്നുണ്ട്.

മനുഷ്യനും നായയുമായുള്ള ബന്ധത്തിന്റെ ഏറ്റവും ഹൃദയസ്പര്‍ശിയായ ചിത്രീകരണങ്ങളിലൊന്നാണ് 777 ചാര്‍ളി. പെറ്റ് ലവേഴ്സ് ആയവരും അല്ലാത്തവരുമൊക്കെ ഇത്തിരി ഇമോഷണലായി, അതായത് ചിലയിടത്തൊക്കെ ചിരിച്ചും കുറച്ചൊന്ന് കണ്ണു നനഞ്ഞുമൊക്കെയായിരിക്കും ഈ സിനിമ കണ്ടിരിക്കുക.

ശരിക്കും അത്ഭുതപ്പെടുത്തും വിധമാണ് ചാര്‍ളി എന്ന പട്ടിക്കുട്ടിയെ ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. ചാര്‍ളിയാണ് ഇതിലെ കേന്ദ്ര കഥാപാത്രം. രക്ഷിത് ഷെട്ടിയുടെ ധര്‍മ പ്രധാന സഹതാരമാണെന്നേ പറയാന്‍ പറ്റു. സന്തോഷവും സങ്കടവും കുസൃതിയും പക്വതയും പരസ്പരം മനസിലാക്കുന്നതും പേടിയും എന്നുവേണ്ട എല്ലാ ഇമോഷന്‍സും ഇതില്‍ ചാര്‍ളി കൈകാര്യം ചെയ്യുന്നുണ്ട്. കിരണ്‍രാജിന്റെ തിരക്കഥയും സംവിധാനവും ഏറ്റവും മികച്ചു നില്‍ക്കുന്നത് ചാര്‍ളിയെ തന്നെ കേന്ദ്രമാക്കി നിര്‍ത്തി സിനിമ ചെയ്തിരിക്കുന്നിടത്താണ്.

അതിനൊപ്പം നിയമവിരുദ്ധ ബ്രീഡിങ്ങ്, അവയ്ക്കെതിരെ നടക്കുന്ന ക്രൂരതകള്‍, മൃഗങ്ങളെ വളര്‍ത്താനുള്ള ലൈസന്‍സ് എന്നിങ്ങനെയുള്ള കാര്യങ്ങളും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. പക്ഷെ അത് വേണ്ടത്ര പ്രാധാന്യത്തിലോ ആളുകള്‍ക്ക് കൃത്യമായി മനസിലാകുന്ന രീതിയിലോ കടന്നുവന്നിട്ടില്ല. സിനിമയുടെ അവസാനം ഇതു സംബന്ധിച്ച ഡാറ്റ പറയുന്നുണ്ടെങ്കിലും, സിനിമയിലെ ഇല്ലീഗല്‍ ബ്രീഡിങ്ങിനെ കുറിച്ചുള്ള ഭാഗങ്ങള്‍ ചെറുതായി ഒന്നു പറഞ്ഞുവെക്കും പോലെ മാത്രമാണ് വരുന്നത്.

മൃഗങ്ങളെ വളര്‍ത്തുന്നവര്‍ക്ക് ആ മൃഗങ്ങള്‍ ചുമ്മാ നേരംപോക്കല്ലെന്നും അവരുടെ അത്രയും അടുത്ത സുഹൃത്തോ കുടുംബാംഗമോ ആണെന്ന് പലരും പറഞ്ഞ് നമ്മള്‍ കേട്ടുകാണും. അത് ശരിക്കും എങ്ങനെയാണെന്ന് സിനിമാറ്റിക്കായ രീതിയിലൂടെ ഈ ചിത്രം പറയുന്നുണ്ട്. ഇതില്‍ ധര്‍മക്ക് കൊടുത്ത പോലെ ഒരു ദുരന്തപൂര്‍ണമായ ഫ്ളാഷ് ബാക്കൊന്നും ഇല്ലെങ്കില്‍ പോലും ഈ മൃഗങ്ങളുമായി ഉണ്ടാകുന്ന, പ്രത്യേകിച്ച് പട്ടിക്കുട്ടികളുടെ കാര്യത്തിലൊക്കെ മനുഷ്യര്‍ക്ക് തോന്നുന്ന അടുപ്പം സുന്ദരമായി സിനിമയില്‍ കാണിച്ചിട്ടുണ്ട്.

ഏറ്റവും നല്ല ആലിംഗനങ്ങള്‍ കാണാന്‍ കഴിഞ്ഞ സിനിമ കൂടിയാണ് ചാര്‍ളി. ചാര്‍ളി ധര്‍മയെ ആശ്വസിപ്പിക്കാന്‍ വേണ്ടി കെട്ടിപ്പിടിക്കുന്നത് കാണുമ്പോള്‍ കണ്ടിരിക്കുന്ന എല്ലാവരും അങ്ങനെയൊരു ഹഗ്ഗിന് വേണ്ടി ആഗ്രഹിച്ചുപോകും.

ചാര്‍ളിയും ധര്‍മയും ഔട്ട് കാസ്റ്റുകളാണ്, വേദന നിറഞ്ഞ ഭൂതകാലമുണ്ട്, അവര്‍ക്ക് സ്നേഹിക്കാനും താങ്ങാവാനും ആരുമില്ല. അങ്ങനെയുള്ള രണ്ട് പേര്‍ കണ്ടുമുട്ടുമ്പോഴും ഒന്നിച്ച് നില്‍ക്കാന്‍ തീരുമാനിക്കുമ്പോഴും അവര്‍ തമ്മില്‍ ഉടലെടുക്കുന്ന പരസ്പര വിശ്വാസത്തിന്റെയും ആഴമുള്ള സൗഹൃദത്തിന്റെയും ഭംഗി സിനിമയിലുണ്ട്.

അതേസമയം സിനിമയിലെ ചില സീനുകളില്‍ വൈകാരികത കുറച്ചധികം കൂടിപ്പോയിരുന്നു. പല ഇമോഷണല്‍ രംഗങ്ങളും അതുകൊണ്ട് തന്നെ അധികമായും തോന്നി. ഇതില്‍ ധര്‍മയും ചാര്‍ളിയും യാത്ര തുടങ്ങിയ ശേഷം കണ്ടുമുട്ടുന്ന കഥാപാത്രങ്ങളുമായുള്ള സീനിലൊക്കെ അല്‍പം ലാഗും ഇമോഷണല്‍ ഓവര്‍ലോഡും തോന്നിയിരുന്നു.

ഇന്ത്യയുടെ വിവിധ ഭൂപ്രദേശങ്ങള്‍ സിനിമയില്‍ കടന്നുവരുന്നുണ്ട്. വരണ്ട ഭൂപ്രദേശങ്ങളും തിരക്കുള്ള തെരുവുകളും മഞ്ഞുമലകളുമെല്ലാം സിനിമയില്‍ കാണാം. പിന്നെ തുടക്കം മുതല്‍ തന്നെ ചെറിയ മഞ്ഞിന്റെ തണുപ്പ് ഫീല്‍ ചെയ്യുന്ന തരത്തിലുള്ള കളര്‍ ടോണ്‍ കൂടിയാകുമ്പോള്‍ സിനിമക്ക് ഒരു മുത്തശ്ശിക്കഥയുടെ ഭംഗിയുണ്ട്. അരവിന്ദ് കശ്യപിന്റെ ക്യാമറ വലിയ കാന്‍വാസുകള്‍ കാണിച്ചുകൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്.

ചിത്രത്തിലെ പ്രൊഡക്ഷന്‍ ഡിസൈനിനും ആര്‍ട്ട് വര്‍ക്കിനുമൊക്കെ ഈയൊരു മുത്തശ്ശിക്കഥ സ്റ്റോറിയുടെ, അല്ലെങ്കില്‍ നമ്മള്‍ ഒരു കഥ വായിക്കുകയാണെങ്കില്‍ മനസില്‍ വരുന്ന ചില ചിത്രങ്ങളുടെ ഭംഗിയുണ്ടായിരുന്നു. പല ഭാഷയിലുള്ള മാറിമാറി വരുന്ന പാട്ടുകളും പ്രേക്ഷകരെ സ്പര്‍ശിക്കുന്ന പശ്ചാത്തല സംഗീതവുമുള്ള നോബിന്‍ പോളിന്റെ മ്യൂസിക് കൂടിയാകുമ്പോള്‍ സിനിമ കൂടുതല്‍ ആസ്വദിക്കാനാകുന്നുണ്ട്.

ചിത്രത്തിലെ ചാര്‍ളിയുടെ കഥാപാത്രത്തെ പറ്റി കുറച്ചൊക്കെ നമ്മള്‍ ആദ്യമേ പറഞ്ഞുകഴിഞ്ഞു. അടുത്തത് ധര്‍മ എന്ന രക്ഷിത് ഷെട്ടിയുടെ കഥാപാത്രമാണ്. വളരെ റഫായ, ഒന്നിനോടും ആരോടും ഒരു സ്നേഹവുമില്ലാത്ത, ഒരു തികഞ്ഞ മുരടനായ ഇയാള്‍ ചാര്‍ളിയുടെ വരവോടെ പതിയെപതിയെ മാറുകയാണ്. ധര്‍മയുടെ ഓരോ ഇമോഷന്‍സും രക്ഷിത് ഷെട്ടി മനോഹരമായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. ചാര്‍ളിയിലേക്കാണ് നമ്മുടെ മുഴുവന്‍ ശ്രദ്ധയും പോകുന്നതെങ്കിലും ധര്‍മയെ ഓര്‍ത്തിരിക്കാവുന്ന രീതിയില്‍ തന്നെയാണ് രക്ഷിത് ഷെട്ടി സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ കഥയുമായി ഒരു തരത്തിലും ചേരാത്ത പ്ലോട്ടായി തോന്നിയതും, പ്രസന്റേഷനില്‍ അനാവശ്യമായി തോന്നിയ കഥാപാത്രവും വേദികയുടേതായിരുന്നു. ഒരു നായിക ടൈപ്പ് കഥാപാത്രം വേണമല്ലോ എന്ന രീതിയിലായിരുന്നു സംഗീത ശ്രീഗേരിയുടെ ഈ ക്യാരക്ടര്‍. കൂടുതല്‍ സമയം ഇവര്‍ക്ക് നല്‍കിയിട്ടില്ല എന്നത് ഒരു നല്ല കാര്യമായിരുന്നു.

കണ്ട് പരിചയിച്ച രീതിയിലുള്ള മറ്റു കഥാപാത്രങ്ങളും സിനിമയിലുണ്ട്. രാജ് ബി ഷെട്ടിയുടെ ഡോ. അശ്വിന്‍ കുമാര്‍ എന്ന കോമഡി ഡോക്ടര്‍ അങ്ങനെയുള്ളതാണ്. പക്ഷെ ഈ കഥാപാത്രം രസകരമായി തന്നെയാണ് സിനിമയിലെത്തുന്നത്. ‘ഗരുഡ ഗമന റിഷഭ വാഹന’യിലെ ശിവയായി രാജ് ബി ഷെട്ടിയെ കണ്ടതിന്റെ ഒരു ഹാങ്ങോവര്‍ ബാക്കി നില്‍ക്കുന്നത് കൊണ്ട് പെട്ടന്ന് ഈ റോളില്‍ കണ്ടപ്പോള്‍ ആദ്യമൊരു ചെറിയ ഞെട്ടല്‍ തോന്നിയിരുന്നു. അദ്ദേഹം നേരത്തെ തന്നെ കോമഡി കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നയാളാണ്. എന്നാലും ശിവയുടെ ഒരു ഫീല്‍ ബാക്കി നില്‍ക്കുന്നുണ്ടായിരുന്നു.

777 ചാര്‍ളി, കുറച്ചിടങ്ങളില്‍ ഒരു അധിക മെലോഡ്രാമയായി എന്ന് തോന്നുമെങ്കിലും ഇങ്ങനെയൊരു കഥ, ഒരു പട്ടിക്കുട്ടിയെ പ്രധാന കഥാപാത്രമാക്കി ചെയ്തെടുക്കുന്നതില്‍ ചാര്‍ളി ടീം വിജയിച്ചിട്ടുണ്ട്.

Content Highlight: 777 Charlie movie review

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.