75 വര്‍ഷത്തിന് ശേഷം രാജ്യത്ത് തുല്യത ഉറപ്പാക്കിയെന്ന് സ്മൃതി ഇറാനി, ബില്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം; വിവാഹപ്രായ ഏകീകരണ ബില്‍ അവതരിപ്പിച്ചു
national news
75 വര്‍ഷത്തിന് ശേഷം രാജ്യത്ത് തുല്യത ഉറപ്പാക്കിയെന്ന് സ്മൃതി ഇറാനി, ബില്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം; വിവാഹപ്രായ ഏകീകരണ ബില്‍ അവതരിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st December 2021, 3:42 pm

ന്യൂദല്‍ഹി: രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്നതിനുള്ള വിവാഹപ്രായ ഏകീകരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സമൃതി ഇറാനിയാണ് ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചത്.

ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ 75 വര്‍ഷത്തിന് ശേഷം വിവാഹബന്ധത്തില്‍ തുല്യത ഉറപ്പാക്കിയെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് സ്മൃതി ഇറാനി അവകാശപ്പെട്ടു.

’19ാം നൂറ്റാണ്ടില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം പത്ത് വയസായിരുന്നു. 84 ല്‍ അത് 15 ആയി. ഇതാദ്യമായി വിവാഹത്തിന് സ്ത്രീയ്ക്കും പുരുഷനും ഒരേ പ്രായപരിധി നല്‍കുകയാണ്,’ സ്മൃതി പറഞ്ഞു.

അതേസമയം ബില്ലിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ബില്ലിന്റെ കോപ്പികള്‍ കീറിയെറിഞ്ഞ പ്രതിപക്ഷം കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായാണ് കാര്യങ്ങള്‍ നടപ്പാക്കുന്നതെന്ന് ആരോപിച്ചു.

പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. ആരുമായും കൂടിയാലോചിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നും സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച വേണം എന്നുമാണ് പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം.

അതേസമയം പ്രതിഷേധത്തിനിടെ വിവാഹപ്രായ ഏകീകരണ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു. മതേതര മുഖമുള്ള ബില്ലാണ് അവതരിപ്പിച്ചതെന്നും എല്ലാ സമുദായങ്ങള്‍ക്കും ഒരുപോലെ ബാധകമാണെന്നും സ്മൃതി ഇറാനി പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതിന് പിന്നാലെ വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രതിഷേധവും എതിര്‍പ്പും അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  75 yrs late in giving equal rights, Smriti Irani on bill to raise marriage age of women