സഹാറൻപൂർ: പഞ്ചാബ് നാഷണൽ ബാങ്കിന്റെ (പി.എൻ.ബി) കറൻസി വോൾട്ടിൽ സൂക്ഷിച്ചിരുന്ന 7.4 കോടി രൂപയുടെ ഒറിജിനൽ നോട്ടുകൾ മാറ്റി പകരം വ്യാജ നോട്ടുകൾ നിക്ഷേപിച്ച സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കേസ്.
ഉത്തർപ്രദേശിലെ സഹാറൻപൂർ ശാഖയിലാണ് സംഭവം. തട്ടിപ്പ് പുറത്തുവന്നതിനെ തുടർന്ന് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചു.
ബാങ്ക് നോഡൽ ഓഫീസർ അരുൺ കുമാർ ചൗബെയുടെ പരാതിയിൽ സീനിയർ ഡിവിഷണൽ മാനേജർ രവി കുമാർ, കറൻസി ചെസ്റ്റ് മാനേജർമാരായ സുശീൽ ശർമ്മ, അമിത് കുമാർ എന്നിവരെ പ്രതികളാക്കി സദർ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പണത്തിൽ വന്ന മറ്റൊരു കുറവുമായി ബന്ധപ്പെട്ട് ബാങ്കിലെ ഹൗസ് കീപ്പർ വിശാൽ കുമാറിനെതിരെയും റിപ്പോർട്ട് ഫയൽ ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് 10-ന് റിസർവ് ബാങ്കിലേക്ക് (ആർ.ബി.ഐ) അയച്ച പണത്തിൽ 4.36 ലക്ഷം രൂപയുടെ കുറവ് കണ്ടതാണ് തട്ടിപ്പിലേക്കുള്ള വഴിതുറന്നത്. തുടർന്ന് ആർ.ബി.ഐ നിർദേശപ്രകാരം നടത്തിയ വിശദമായ ഓഡിറ്റിലാണ് വോൾട്ടിൽ കോടികളുടെ വ്യാജ നോട്ടുകൾ സൂക്ഷിച്ചിരുന്ന വിവരം കണ്ടെത്തിയത്.
വോൾട്ടിലെ നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്ന നടപടികൾ തുടരുകയാണെന്നും തട്ടിയെടുത്ത തുക വീണ്ടെടുക്കുമെന്നും സഹാറൻപൂർ ഡി.ഐ.ജി അഭിഷേക് പറഞ്ഞു.
കള്ളനോട്ടുകൾ എവിടെനിന്ന് എത്തിച്ചു, തട്ടിപ്പിന് പിന്നിൽ ആരൊക്കെ പ്രവർത്തിച്ചു എന്നീ കാര്യങ്ങൾ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളും ഇടപാട് രേഖകളും കേന്ദ്രീകരിച്ച് എസ്.ഐ.ടി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Content Highlight:₹7.4 Crore Fake Currency Fraud at Punjab National Bank in UP; Case Registered Against Officials.