വാഷിങ്ടണ്‍: ഇന്ന് (വ്യാഴം) അര്‍ധരാത്രി 12 മണിയോടെ യു.എസ് സംസ്ഥാനമായ അലാസ്‌കയില്‍ വന്‍ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. ദ്വീപ് നഗരമായ സാന്‍ഡ് പോയിന്റിന് ഏകദേശം 87 കിലോമീറ്റര്‍ തെക്കായിട്ടാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചുവെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പ്രസ്താവനയില്‍ പറഞ്ഞു. പ്രസ്താവന അനുസരിച്ച് ആഴം കുറഞ്ഞ സ്ഥലത്താണ് ഭൂകമ്പം ഉണ്ടായത്. അതുകൊണ്ടുതന്നെ തുടര്‍ചലനങ്ങള്‍ക്ക് സാധ്യത കൂടുതലാണ്.
ഭൂകമ്പത്തെത്തുടര്‍ന്ന് തീരദേശ അലാസ്‌കയുടെ ചില ഭാഗങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയതായി യു.എസ് സുനാമി മുന്നറിയിപ്പ് സംവിധാനം അറിയിച്ചുവെന്ന് ന്യൂയോര്‍ക്ക് ടൈംസിനെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ വെതര്‍ സര്‍വീസ് നല്‍കുന്ന ഏറ്റവും അടിയന്തര മുന്നറിയിപ്പാണ് സുനാമി മുന്നറിയിപ്പ്. അതുകൊണ്ടുതന്നെ തീരദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ എത്രയും പെട്ടന്നുതന്നെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് അധികാരികള്‍ നിര്‍ദേശം നല്‍കി.
ആഴം കൂടിയ സ്ഥലങ്ങളില്‍ ഉണ്ടാകുന്നതിനെക്കാളും ആഴം കുറഞ്ഞ സ്ഥലങ്ങളിലുണ്ടാകുന്ന ഭൂകമ്പങ്ങള്‍ അപകടകരമാണ്. ആഴം കുറഞ്ഞ ഭൂകമ്പങ്ങളില്‍ നിന്നുള്ള ഭൂകമ്പ തരംഗങ്ങള്‍ക്ക് ഉപരിതലത്തിലേക്ക് സഞ്ചരിക്കാനുള്ള ദൂരം കുറവാണ്. ഇത് ശക്തമായ ഭൂകമ്പത്തിനും കൂടുതല്‍ നാശനഷ്ടങ്ങള്‍ക്കും കാരണമാകും എന്നാണ് പഠനങ്ങള്‍ പറയുന്നത്.
അമേരിക്കയിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഭൂകമ്പങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നത് അലാസ്‌കയിലാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ മുക്കാല്‍ ഭാഗത്തിലധികവും താമസിക്കുന്നത് 7 തീവ്രതയുള്ള ഭൂകമ്പം അനുഭവപ്പെടാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലാണ്. ഭൂകമ്പപരമായി സജീവമായ പസഫിക് റിങ് ഓഫ് ഫയറിന്റെ ഭാഗമാണ് അലാസ്‌ക. വടക്കേ അമേരിക്കയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും ശക്തമായ ഭൂകമ്പം 1964 മാര്‍ച്ചില്‍ അലാസ്‌കയില്‍ രേഖപ്പെടുത്തിയിരുന്നു. 9.2 തീവ്രതയായിരുന്നു അന്ന് രേഖപ്പെടുത്തിയത്.