ബംഗ്ലാദേശില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് തീപിടിച്ച് 69 പേര്‍ കൊല്ലപ്പെട്ടു
Accident
ബംഗ്ലാദേശില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് തീപിടിച്ച് 69 പേര്‍ കൊല്ലപ്പെട്ടു
ന്യൂസ് ഡെസ്‌ക്
Thursday, 21st February 2019, 8:55 am

ധാക്ക: ബംഗ്ലാദേശില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് തീപിടിച്ച് 69 പേര്‍ കൊല്ലപ്പെട്ടു. ധാക്കയിലാണ് അപകടമുണ്ടായത്. ബഹുനില കെട്ടിടത്തിന്റെ താഴെ നിലയില്‍ കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിച്ചത്. പിന്നീട് മറ്റു കെട്ടിടങ്ങളിലേക്കും പടരുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

ധാക്കയിലെ ചരിത്രപ്രധാന സ്ഥലമായ ചൗക്ക് ബസാറിലാണ് അപകടമുണ്ടായത്. നൂറോളം വര്‍ഷം പഴക്കമുള്ള കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഇടുങ്ങിയ തെരുവുകളും കെട്ടിടങ്ങള്‍ക്കെല്ലാം ഇഞ്ചുകളുടെ ദൂരവും മാത്രമാണുള്ളത്.

തീപിടിച്ച സമയത്ത് അപകട സ്ഥലത്ത് ട്രാഫിക് ജാം ഉണ്ടായിരുന്നുവെന്നും അത്‌കൊണ്ട് ആളുകള്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ലെന്നും ബംഗ്ലാദേശ് ഫയര്‍ഫോഴ്‌സ് തലവന്‍ അലി അഹമ്മദ് പറഞ്ഞു. ഗ്യാസ് സിലിണ്ടറില്‍ നിന്ന് കെമിക്കലുകളിലേക്ക് തീ പടര്‍ന്നതാകാം അപകട കാരണമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ടവരില്‍ ബില്‍ഡിങ്ങിന് പുറത്തുള്ളവരും വിവാഹ സംഘവും ഉള്ളതായി അധികൃതര്‍ പറഞ്ഞു.

2010ലും സമാനമായ തീപിടുത്തത്തില്‍ 120 പേര്‍ ധാക്കയില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം 2013ല്‍ റാണാ പ്ലാസ എന്ന കെട്ടിടം തകര്‍ന്ന് 1100 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.