ആരോഗ്യമേഖലയില്‍ കേന്ദ്രം നല്‍കാനുള്ള കുടിശ്ശിക 678 കോടി; ബി.ജെ.പി അതിനുവേണ്ടി പ്രതിഷേധിക്കട്ടെ: പൊതുമരാമത്ത് മന്ത്രി
Kerala News
ആരോഗ്യമേഖലയില്‍ കേന്ദ്രം നല്‍കാനുള്ള കുടിശ്ശിക 678 കോടി; ബി.ജെ.പി അതിനുവേണ്ടി പ്രതിഷേധിക്കട്ടെ: പൊതുമരാമത്ത് മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th February 2025, 3:32 pm
പടവലങ്ങ പോലെ ബി.ജെ.പിയെ താഴോട്ടാക്കാൻ ജോർജ് കുര്യൻ കരാർ എടുത്തിട്ടുണ്ടെന്ന് തോന്നുവെന്നും മുഹമ്മദ് റിയാസ്

കോഴിക്കോട്: അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ സംസ്ഥാന സമ്മേളനത്തിലേക്ക് പ്രതിഷേധവുമായെത്തിയ ബി.ജെ.പിയെ വിമര്‍ശിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

ആര്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ ഒരു സംഘടനയുടെയോ രാഷ്ട്രീയപാര്‍ട്ടിയുടെയോ സമ്മേളനത്തിലേക്ക് മുദ്രാവാക്യം വിളിച്ച് വരുന്നത് ശരിയാണോയെന്ന് ബി.ജെ.പി നേതൃത്വം ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു.

മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.എ. മുഹമ്മദ് റിയാസ്. സമ്മേളനത്തിനെത്തിയ മന്ത്രിക്കെതിരെ പ്രതതിഷേധവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രിയുടെ പ്രതികരണം.

കെ.എസ്.ടി.എയുടെ സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി, ഇന്ന് (ചൊവ്വ) കോഴിക്കോട് വെച്ച് പൂര്‍വ അധ്യാപകരുടെ സംഗമം നടന്നിരുന്നു. ഈ സംഗമത്തില്‍ വളരെ പ്രായമുള്ള അധ്യാപകരാണ് ഉണ്ടായിരുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനിടെയിലേക്കാണ് ബി.ജെ.പി പ്രതിഷേധവുമായെത്തിയത്.

ബി.ജെ.പിയുടെ സമ്മേളന വേദിയിലേക്ക് ഇത്തരത്തില്‍ ഒരു പ്രതിഷേധവും മുദ്രാവാക്യവുമായി എത്തുന്ന കാര്യം ചിന്തിച്ചുനോക്കണമെന്നും മന്ത്രി പറഞ്ഞു.

പ്രതിഷേധക്കാരോട് സംസാരിക്കാനും അവരുടെ പ്രശ്‌നത്തിന് മറുപടി നല്‍കാനും താന്‍ തയ്യാറാണെന്നും പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ആരോഗ്യസംബന്ധമായ വിഷയത്തിലാണ് ബി.ജെ.പിയുടെ പ്രതിഷേധം നടന്നത്. ആരോഗ്യമേഖലയില്‍ കേന്ദ്രം കേരളത്തിന് നല്‍കാനുള്ള കുടിശ്ശിക തുക 678 കോടി രൂപയാണ്. കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പിയും. അപ്പോള്‍ ബി.ജെ.പി പ്രതിഷേധം നടത്തേണ്ടത് അവരുടെ കേന്ദ്രകമ്മിറ്റി ഓഫീസിലോ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ ആയിരുന്നുവെന്നും പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ പ്രസ്താവനയെയും മന്ത്രി വിമര്‍ശിച്ചു. കേരളം പിന്നോക്കമാണെന്ന് സമ്മതിച്ചാല്‍ സഹായം നല്‍കാമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. കേരളം മുന്നോക്കാവസ്ഥയിലാണെന്ന് കേന്ദ്രം പറയാന്‍ കാരണം തന്നെ സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ രംഗത്തെ വികസനത്തെ മുന്‍നിര്‍ത്തിയാണെന്നും റിയാസ് ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഇല്ലാത്ത അത്രയും സൗകര്യങ്ങള്‍ കേരളത്തിലെ ആരോഗ്യ രംഗത്തുണ്ട്. അത് ബി.ജെ.പിക്കും നിഷേധിക്കാനാവില്ല. സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഫണ്ടും ഉപയോഗിക്കുന്നത് ആരോഗ്യ രംഗത്തെ വികസനത്തിനായാണെന്നും മന്ത്രി പറഞ്ഞു.

ഇതിലെല്ലാം കേരളം പിന്നിലാണെന്ന് പറയണമെന്നാണ് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടത്. കേരളത്തിലെ ബി.ജെ.പി പല പ്രയാസങ്ങളും നേരിടുന്നുണ്ട്. ബി.ജെ.പിയോടുള്ള വിരോധത്താല്‍ പടവലങ്ങ പോലെ പാര്‍ട്ടിയെ താഴോട്ടാക്കാന്‍ ജോര്‍ജ് കുര്യന്‍ കരാര്‍ എടുത്തിട്ടുണ്ടെന്നാണ് തോന്നുന്നതെന്നും പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

ഏതെങ്കിലും ഒരു നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നും പ്രതിഷേധിച്ച സ്ഥലം തെറ്റിപ്പോയെന്നും പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. ബോധപൂര്‍വം കേന്ദ്രസര്‍ക്കാര്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണെന്നും കേരളത്തിന് കേന്ദ്രം നല്‍കാനുള്ള പണത്തിനായി സംസ്ഥാനത്തെ ജനങ്ങള്‍ക്കൊപ്പം നിന്ന് ബി.ജെ.പി പ്രതിഷേധിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

Content Highlight: 678 crore due from the Center in the health sector; Let the BJP protest for it: Public Works Minister