ഇസ്രഈലിന്റെ വെടിനിര്‍ത്തല്‍ ലംഘനത്തിന് ശേഷം കൊല്ലപ്പെട്ടത് 67 ഫലസ്തീന്‍ കുട്ടികള്‍: ഐക്യരാഷ്ട്രസഭ
World News
ഇസ്രഈലിന്റെ വെടിനിര്‍ത്തല്‍ ലംഘനത്തിന് ശേഷം കൊല്ലപ്പെട്ടത് 67 ഫലസ്തീന്‍ കുട്ടികള്‍: ഐക്യരാഷ്ട്രസഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd November 2025, 7:15 am

ജനീവ: വെടിനിര്‍ത്തലിന് ശേഷവും ഇസ്രഈല്‍ ആക്രമണത്തില്‍ 67 ഫലസ്തീന്‍ കുട്ടികള്‍ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ചില്‍ഡ്രണ്‍സ് ഫണ്ട് (യുണിസെഫ്).

വ്യാഴാഴ്ച തെക്കന്‍ ഗസയിലെ ഖാന്‍ യൂനിസിലെ ഒരു വീട്ടില്‍ ഇസ്രഈലിന്റെ ആക്രമണത്തില്‍ ഒരു പെണ്‍കുഞ്ഞും കൊല്ലപ്പെട്ടെന്ന് യുണിസെഫ് വക്താവ് റിക്കാര്‍ഡോ പൈറസ് പറഞ്ഞു. ഇസ്രഈല്‍ നടത്തിയ ഈ ആക്രമണ പരമ്പരയില്‍ മറ്റ് ഏഴ് കുട്ടികളും മരിച്ചെന്ന് പൈറസ് കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തല്‍ ലംഘനത്തിന് ശേഷമുണ്ടായ മരണസംഖ്യയെക്കുറിച്ച് കഴിഞ്ഞ ദിവസം ജനീവയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരു പക്ഷത്തിന്റെയും സമ്മതപ്രകാരമുള്ള വെടിനിര്‍ത്തലുണ്ടായിട്ടും ഇസ്രഈലിന്റെ നടപടി അമ്പരപ്പിക്കുന്നതാണെന്ന് പൈറസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘നാം പലതവണ ആവര്‍ത്തിച്ചതുപോലെ, ഇവ സ്ഥിതിവിവരണക്കണക്കുകളല്ല: ഓരോ കുട്ടിയും ഒരു കുടുംബമാണ്, ഒരു സ്വപ്നം, ഒരു ജീവിതമാണ് – ഇസ്രഈലിന്റെ തുടര്‍ച്ചയായ അക്രമത്താല്‍ പെട്ടെന്നാണ് എല്ലാം ഇല്ലാതായത്,’ പൈറസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

2023 ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രഈലിന്റെ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 64,000 പേര്‍ കൊല്ലപ്പെട്ടതായും യൂണിസെഫ് പറഞ്ഞു. യുദ്ധത്തിന്റെ ആഘാതം മുഴുവന്‍ ഫലസ്തീന്‍ കുട്ടികളാണ് അനുഭവിച്ചതെന്നും സംഘടന ചൂണ്ടിക്കാട്ടി.

2024 യുദ്ധത്തിന്റെ ഫലമായി ഓരോ മാസവും ശരാശരി 475 ഫലസ്തീന്‍ കുട്ടികള്‍ വൈകല്യങ്ങള്‍ക്കിരയായെന്ന് സേവ് ദി ചില്‍ഡ്രണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. തലച്ചോറിന് ഉണ്ടാക്കിയ പരിക്കും പൊള്ളലും ഇതില്‍ ഉള്‍പ്പെടുന്നു. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ അംഗവൈകല്യമുള്ള കുട്ടികളുടെ കൂട്ടമുള്ളത് ഗസയിലാണ് എന്ന് എന്ന് മാനുഷിക സംഘടന പറഞ്ഞു.

അതേസമയം പട്ടിണിയെ യുദ്ധമായി ഉപയോഗിക്കുന്നതായും പ്രദേശത്തെ ഒരു മാനുഷിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പോഷകാഹാരക്കുറവ് മൂലം നിരവധിക്കുട്ടികളാണ് ഗസയില്‍ യുദ്ധത്തിനുശേഷം മരിച്ചു വീണത്.

Content Highlight: 67 Palestinian children killed in Gaza after Israeli ceasefire violation: United Nations