'സി.പി.ഐ.(എം) കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു'; ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയതില്‍ പ്രതികരണവുമായി മുന്‍ എം.എല്‍.എ
Kerala News
'സി.പി.ഐ.(എം) കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു'; ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയതില്‍ പ്രതികരണവുമായി മുന്‍ എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st March 2023, 9:43 am

ഇടുക്കി: ദേവികുളം മണ്ഡലത്തിലെ എ.രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദ് ചെയ്ത ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മുന്‍ ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സി.പി.എം കുറച്ചു കൂടി ജാഗ്രത കാണിക്കണമായിരുന്നു എന്നാണ് ഒരു സാധാരണ പൗരനെന്ന നിലയില്‍ വിഷയത്തെ നോക്കിക്കാണുമ്പോള്‍ തനിക്ക് തോന്നുന്നതെന്ന് രാജേന്ദ്രന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജയുടെ ജാതി, മതം എന്നിവയെക്കുറിച്ചൊന്നും വ്യക്തമായ ധാരണ തനിക്കില്ലെന്നും അദ്ദേഹം പാര്‍ട്ടിയിലെത്തിയിട്ട്
പത്ത് വര്‍ഷമേ ആയിട്ടുള്ളൂ എന്നും രാജേന്ദ്രന്‍ പറഞ്ഞു.

താന്‍ ഇപ്പോള്‍ പാര്‍ട്ടി മെമ്പറല്ലെന്നും ഒരു സാധാരണ പൗരനെന്ന നിലയില്‍ പരിശോധിക്കുമ്പോള്‍ പാര്‍ട്ടി കുറച്ചു കൂടി ശ്രദ്ധ പുലര്‍ത്തണമായിരുന്നു എന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജയുടെ പേര് നിര്‍ദേശിച്ച ആള്‍ നന്നായി പരിശോധിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ സംഭവിച്ചത് പോലെയുണ്ടാകില്ലായിരുന്നു, എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റി എന്നു പറയാന്‍ താനില്ലെന്നും പട്ടികജാതിക്കാരെ അപമാനിച്ചുവെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരാമര്‍ശം കുറച്ചെങ്കിലും ശരി വെക്കുന്നതാണ് ഇപ്പോഴത്തെ ഹൈക്കോടതി വിധിയെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കണ്‍വേര്‍ട്ടഡ് ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടയാളായ രാജക്ക് പട്ടികജാതി സംവരണ സീറ്റായ ദേവികുളത്ത് മത്സരിക്കാനുള്ള യോഗ്യതയില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് വിജയം റദ്ദ് ചെയ്തത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡി. കുമാര്‍ നല്‍കിയ ഹരജിയിലായിരുന്നു കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 7848 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു എ.രാജ ദേവികുളത്ത് വിജയിച്ചത്.

Content Highlights: CPM should have paid more attention’; Former MLA reacted to the cancellation of Devikulam election