കൊച്ചിയുടെ വികസനത്തെ കുറിച്ച് ട്രോളുകള്‍ ക്ഷണിച്ച് കണ്ണന്താനം; ഓടിച്ചു വിട്ട് ട്രോളന്മാര്‍
Social Tracker
കൊച്ചിയുടെ വികസനത്തെ കുറിച്ച് ട്രോളുകള്‍ ക്ഷണിച്ച് കണ്ണന്താനം; ഓടിച്ചു വിട്ട് ട്രോളന്മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th April 2019, 7:34 pm

കോഴിക്കോട്: അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ഏറ്റുവാങ്ങിയ രാഷ്ട്രീയ നേതാവാണ് എറണാകുളത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. മണ്ഡലം മാറി വോട്ടു ചോദിച്ചതും കോടതിയില്‍ കയറി വോട്ടു ചോദിച്ചതുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വ്യാപക ട്രോള്‍ ഏറ്റുവാങ്ങിയിരുന്നു കണ്ണന്താനം.

എന്നാല്‍ തനിക്കു നേരെ വരുന്ന ട്രോളുകളെ മറികടക്കാന്‍ വികസനത്തെ കുറിച്ച് ട്രോളുണ്ടാക്കാന്‍ പറഞ്ഞ കണ്ണന്താനം പുലിവാല്‍ പിടിച്ചിരിക്കുകയാണിപ്പോള്‍. ട്രോളന്മാരോട് വികസനത്തെ കുറിച്ചുള്ള ട്രോളിന് ക്ഷണിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ട് കൊണ്ടാണ് കണ്ണന്താനം പുലിവാല്‍ പിടിച്ചത്.

‘നമ്മുടെ യുവാക്കളുടെ പല ട്രോളുകളും കാണുമ്പോള്‍ അത്ഭുതപ്പെടാറുണ്ട്. എന്തുമാത്രം സര്‍ഗ്ഗശേഷി ആണ് നമ്മുടെ യുവാക്കള്‍ക്ക് ഉള്ളത്? ഇതെങ്ങനെ പോസിറ്റീവ് ആയി ഉപയോഗിക്കാം എന്നും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്തായാലും എന്നെ ട്രോളുന്ന വീരന്മാര്‍ക്ക് ഒരു കൊച്ചു ചലഞ്ച് – കൊച്ചിയുടെ വികസനത്തെക്കുറിച്ചു നല്ല നല്ല ട്രോളുകള്‍ ഉണ്ടാക്കി ഇവിടെ കമന്റ് ചെയ്യൂ. നല്ല ട്രോളര്‍മാര്‍ക്ക് എന്നോടൊപ്പം ഒരു സെല്‍ഫി എടുക്കാം, ഈ പേജില്‍ ഇടാം (തെരഞ്ഞെടുപ്പായതിനാല്‍ മറ്റു വാഗ്ദാനങ്ങളോ സമ്മാനങ്ങളോ ഇപ്പോള്‍ സാധ്യമല്ല).
അപ്പൊ ശരി, തുടങ്ങുവല്ലേ? എന്നെയും ഒരു കഥാപാത്രമാക്കുന്നതില്‍ വിരോധമില്ല.. എല്ലാം നമ്മുടെ കൊച്ചിക്കുവേണ്ടിയല്ലേ’ എന്നായിരുന്നു കണ്ണന്താനത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.

‘കൊച്ചിക്കുവേണ്ടി ഒരു ട്രോള്‍ ചലഞ്ച്, ഇത്തിരി ട്രോളുവോ അണ്ണാ പ്ലീസ്’ എന്ന ക്യാപ്ഷനോടെ ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചിരുന്നു.

പിന്നാലെ വന്നു ട്രോളന്മാരുടെ കമന്റ്. കണ്ണന്താനത്തിനെ വോട്ടര്‍മാര്‍ ഓടിക്കുന്ന മീം വെച്ചു കൊണ്ടായിരുന്നു അധിക കമന്റുകളും. ട്രോള്‍ ചലഞ്ച് എന്ന ഹാഷ്ടാഗ് വെച്ചു കൊണ്ടായിരുന്നു കമന്റുകള്‍.

തൊഴിലില്ലാത്ത മലയാളി യുവാക്കളുടെ നിരാശയില്‍ നിന്നാണ് ട്രോളുകള്‍ ഉണ്ടാകുന്നതെന്ന കണ്ണന്താനത്തിന്റെ പഴയ പ്രസതാവന ചൂണ്ടിക്കാട്ടിയും കണ്ണന്താനത്തിന് മറുപടി നല്‍കുന്നുണ്ട് ട്രോളന്മാര്‍.