മത്സര രംഗത്തേക്ക് ഇനിയില്ല, പറയുന്നതെല്ലാം തെറ്റായി വ്യാഖ്യാനിക്കുന്നു, കത്തയച്ചത് മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍: കെ. മുരളീധരന്‍
Kerala News
മത്സര രംഗത്തേക്ക് ഇനിയില്ല, പറയുന്നതെല്ലാം തെറ്റായി വ്യാഖ്യാനിക്കുന്നു, കത്തയച്ചത് മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍: കെ. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th March 2023, 12:15 pm

തിരുവനന്തപുരം: മത്സരരംഗത്തേക്ക് ഇനിയുണ്ടാകില്ലെന്ന് കെ. മുരളീധരന്‍ എം.പി. കത്ത് അയച്ചത് തന്നെ മനപ്പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനാണെന്നും മുരളീധരന്‍ ആരോപിച്ചു. മത്സരരംഗത്തുനിന്നും വിട്ടുനിന്നാലും പാര്‍ട്ടിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് രണ്ട് എം.പിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമ്പോള്‍ അത് പാര്‍ട്ടിക്ക് ഗുണമാണോ ദോഷമാണോ എന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘എം.കെ രാഘവന്റെ സ്റ്റേറ്റ്‌മെന്റിനെ അനുകൂലിച്ചു എന്നതാണ് തെറ്റായി കാണുന്നത്. കത്ത് അയക്കുമ്പോള്‍ അത് എന്നെ അപമാനിക്കാം എന്ന അര്‍ത്ഥത്തിലാകാം ഒരുപക്ഷേ അയച്ചത്. അതുകൊണ്ട് അദ്ദേഹത്തിന് സംതൃപ്തിയുണ്ടെങ്കില്‍ എനിക്കൊന്നും പറയാനില്ല. ഒരു കാര്യം മനസിലാക്കേണ്ടത് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് രണ്ട് എം.പിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമ്പോള്‍ അത് പാര്‍ട്ടിക്ക് ഗുണമാണോ ദോഷമാണോ എന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കണം.

പറയുന്നതൊന്നും നല്ല സെന്‍സിലല്ലല്ലോ എടുക്കുന്നത്. അപ്പോള്‍ കാര്യങ്ങള്‍ ആ വഴിക്ക് പോട്ടെ. ഞാന്‍ ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും ഒന്നും മത്സരിക്കാന്‍ താത്പര്യപ്പെടുന്നില്ല. കാരണം പാര്‍ട്ടി എന്റെ സേവനങ്ങളെ പ്രയോജനപ്പെടുത്തുന്നില്ലെങ്കില്‍ ഒരു വിലങ്ങുതടിയായി നില്‍ക്കേണ്ട ആവശ്യമില്ലല്ലോ.

എ.ഐ.സി.സി ആവശ്യപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ എ.ഐ.സി.സി അധ്യക്ഷനെ ബോധിപ്പിക്കും,’ കെ. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടി നേതൃത്വത്തിനെതിരായ പരസ്യവിമര്‍ശനത്തിന് പിന്നാലെ എം.കെ. രാഘവന് താക്കീതും, കെ. മുരളീധരന് കെ.പി.സി.സി മുന്നറിയിപ്പും നല്‍കിയിരുന്നു. പാര്‍ട്ടി നേതൃത്വത്തെ പരസ്യമായി വിമര്‍ശിക്കരുതെന്നായിരുന്നു പരാമര്‍ശം.

ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാര്‍ട്ടിയില്‍ നടക്കുന്നതെന്നും മിണ്ടാതിരിക്കുന്നവര്‍ക്കാണ് പാര്‍ട്ടിയില്‍ സ്ഥാനമെന്നുമായിരുന്നു എം.കെ രാഘവന്റെ പരാമര്‍ശം. ഇതിനെ പിന്തുണച്ചതോടെയാണ് കെ. മുരളീധരനെതിരേയും പാര്‍ട്ടി നേതൃത്വം നടപടിയാരംഭിച്ചത്.

Content Highlight: K Muraleedharan says will not contest neither in Rajyasabha nor Loksabha