തൃശൂര്‍: സംസ്ഥാന പൊലീസില്‍ 60 ശതമാനം ഉദ്യോഗസ്ഥരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫാന്‍സാണെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. ഈ 60 ശതമാനം ആളുകള്‍ ബി.ജെ.പി അനുഭാവികളുമാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. തൃശൂരില്‍ നടന്ന പ്രതിഷേധത്തിനിടെ സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍.
‘വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഒരു ഫോണ്‍ വന്നു, പനിയുണ്ടെങ്കില്‍ ചെവിക്ക് കേടുണ്ടെങ്കില്‍ മുന്നിലേക്ക് വരണ്ടായെന്ന്…. ‘ബി.ജെ.പിയെ കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്’ എന്ന് പറയാന്‍ ഒന്നൊന്നര മോദി ഫാന്‍സായ പൊലീസുകാര്‍ ഇവിടെയുണ്ട്,’ ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
ബി.ജെ.പിക്ക് കേരളത്തിലും പൊലീസുണ്ടെന്നും ആ പൊലീസ് ബി.ജെ.പിക്ക് വേണ്ടി പണിയെടുക്കുന്നവരല്ലെന്നും പരാമർശമുണ്ട്. അവർ കോണ്‍ഗ്രസുകാരനും മാര്‍ക്‌സിസ്റ്റുകാരനും ബി.ജെ.പിക്കാരനും ഒരുപോലെ ന്യായം കൊടുക്കുന്നവരും ആണുങ്ങളെ പോലെ നട്ടെല്ല് നിവര്‍ത്തി നില്‍ക്കുന്നവരാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
എന്നാല്‍ തൃശൂര്‍ ജില്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണുമ്പോള്‍ നട്ടെല്ല് വളച്ചും കവാത്ത് മറന്ന് മലര്‍ന്ന് കിടക്കുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. അങ്ങനെയുള്ളവര്‍ കേള്‍ക്കാന്‍ പറയുകയാണ്, നിങ്ങളെ കൊണ്ട് തങ്ങളില്‍ പലരെയും സല്യൂട്ട് ചെയ്യിപ്പിക്കും. അതില്‍ ഒരു തര്‍ക്കവും വേണ്ടെന്നും ബി.ജെ.പി നേതാവ് ആക്രോശിച്ചു.
സുരേഷ് ഗോപിക്ക് മാത്രമല്ല നിങ്ങള്‍ സല്യൂട്ട് ചെയ്യേണ്ടി വരിക, കാരണം കേരളം മാറുകയാണെന്നും ജില്ലകള്‍ മാറുകയാണെന്നും ശോഭ സുരേന്ദ്രന്‍ അവകാശപ്പെട്ടു. രണ്ടിടത്ത് വോട്ടുണ്ടെങ്കില്‍ അത് തെരഞ്ഞെടുപ്പ് കമ്മിഷനെ കൊണ്ട് മാറ്റിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാനത്തിന്റെ തലപ്പത്ത് ഇരിക്കുന്ന വ്യക്തിക്കാണെന്നും അവര്‍ പറഞ്ഞു.
രമേശ് ചെന്നിത്തലയ്ക്കും പങ്കാളിയ്ക്കും രണ്ടിടത്ത് വോട്ടുണ്ടല്ലോയെന്നും ശോഭ ചോദിച്ചു.രമേശ് ചെന്നിത്തല രണ്ടിടത്ത് വോട്ട് ചെയ്തുവെന്ന് ആലപ്പുഴയിലെ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന താന്‍ ആരോപിച്ചോ എന്നും ശോഭ ചോദ്യമുയര്‍ത്തി.
കശ്മീരില്‍ മത്സരിക്കണമെന്ന് മോദി പറഞ്ഞാല്‍ അപ്പോള്‍ തന്നെ സുരേഷ് ഗോപി പെട്ടിയുമെടുത്ത് പുറപ്പെടുമെന്നും ശോഭ സുരേന്ദ്രന്‍ പ്രസംഗിച്ചു. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ തുടര്‍ച്ചയായ ആവശ്യപ്രകാരമാണ് സുരേഷ് ഗോപിയെ ഓരോ തെരഞ്ഞെടുപ്പിലും കേരളത്തിൽ മത്സരിച്ചിപ്പിച്ചതെന്നും തൃശൂരുകാര്‍ അതിനെ ഭാഗ്യമായി കാണണമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം കേന്ദ്ര സഹമന്ത്രിയും തൃശൂര്‍ എം.പിയുമായ സുരേഷ് ഗോപി തൃശൂരിലെ വോട്ട് ക്രമക്കേടില്‍ ഉള്‍പ്പെടെ പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇത്രത്തോളം സഹായിച്ചതിന് നന്ദി എന്ന വാക്കുപയോഗിച്ച് മാധ്യമങ്ങളെ പരിഹസിക്കുക മാത്രമാണ് നിലവില്‍ സുരേഷ് ഗോപി ചെയ്തിരിക്കുന്നത്.
Content Highlight: 60% of police are Modi fans: Shobha Surendran