കൊളംബിയയില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ആളപായമില്ല
World News
കൊളംബിയയില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ആളപായമില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th June 2025, 8:20 am

ബൊഗോട്ട: കൊളംബിയയില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. തലസ്ഥാന നഗരമായ ബൊഗോട്ടയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്.

പത്ത് കിലോമീറ്റര്‍ താഴ്ചയില്‍ നിന്നാണ് ഭൂകമ്പം ഉണ്ടായതെന്ന് ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഭൂചലനത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഭൂകമ്പത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ബൊഗോട്ട മേയര്‍ കാര്‍ലോസ് ഗാലന്‍ എക്സിലൂടെ അറിയിച്ചു. നഗരത്തില്‍ വൈദ്യുതി തടസപ്പെട്ടെങ്കിലും ഇതിനോടകം തന്നെ സേവനം പുനഃസ്ഥാപിച്ചുവെന്നും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക സമയം രാവിലെ 9:08നാണ് ഭൂകമ്പം ഉണ്ടായത്. പാരാറ്റെബുനോയില്‍ നിന്ന് 16 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സൈറണുകള്‍ മുഴങ്ങിയതോടെ നഗരത്തിലെ കെട്ടിടങ്ങള്‍ കുലുങ്ങിയതായി ബൊഗോട്ട നിവാസികള്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു.

ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ പ്രകമ്പനത്തിന്റെ ദൃശ്യങ്ങള്‍ ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കിടുകയും ചെയ്തു. നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ വീടുകളുടെ മേല്‍ക്കൂര തകര്‍ന്നതായും കെട്ടിടത്തിന് മുകളിലേക്ക് മരങ്ങള്‍ ഒടിഞ്ഞ് വീണതായും കാണാം. നാല് പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.

1999ന്റെ തുടക്കത്തില്‍ കൊളംബിയയിലെ അന്‍സെര്‍മാനുവേവോ മേഖലയ്ക്ക് സമീപം 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഏകദേശം 1,200 പേര്‍ മരണപ്പെട്ടിരുന്നു.

Content Highlight: 6.5 magnitude earthquake hits Colombia; no casualties reported