കര്‍ണാടകയിലെ 500 കോടി ഭൂമി കുംഭകോണം; രാജീവ് ചന്ദ്രശേഖറിന്റെ കമ്പനി സര്‍ക്കാര്‍ ഭൂമി മറിച്ചുവിറ്റു
Kerala
കര്‍ണാടകയിലെ 500 കോടി ഭൂമി കുംഭകോണം; രാജീവ് ചന്ദ്രശേഖറിന്റെ കമ്പനി സര്‍ക്കാര്‍ ഭൂമി മറിച്ചുവിറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th October 2025, 9:00 am

ബെംഗളൂരു: കര്‍ണാടകയിലെ 500 കോടി രൂപയുടെ കെ.ഐ.എ.ഡി.ബി (കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്‌മെന്റ് ബോര്‍ഡ്) ഭൂമി ക്രമക്കേടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വ്യവസായ ആവശ്യത്തിനായി അനുവദിച്ച സര്‍ക്കാര്‍ ഭൂമി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും കുടുംബവും മറിച്ചുവിറ്റുവെന്നാണ് വിവരം. തുച്ഛമായ വിലക്ക് വാങ്ങിയ ഭൂമി വര്‍ഷങ്ങളോളം തരിശാക്കി കോടികള്‍ക്ക് മറിച്ചുവില്‍ക്കുകയായിരുന്നുവെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍.

ഈ സംഭവത്തില്‍ ഭൂമി തിരിച്ച് പിടിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കെ.എന്‍. ജഗദേഷ് കുമാര്‍ കര്‍ണാടക ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പരാതി നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഭൂമി കുംഭകോണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്.

175 ഏക്കര്‍ ഭൂമി 500 കോടിക്ക് മറിച്ചുവിറ്റുവെന്നാണ് പരാതിയില്‍ ഉള്ളത്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചാല്‍ അട്ടിമറിക്കപ്പെടുമെന്ന ആശങ്കയും പരാതിയിലുണ്ട്. കൂടാതെ, ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും പരാതിയില്‍ പറയുന്നു. ഇതിന്റെ പകര്‍പ്പ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഇ.ഡിക്കും സി.ബി.ഐക്കും കൈമാറിയിട്ടുണ്ട്.

ഭൂമി പാട്ടത്തിനെടുത്ത് പണയപ്പെടുത്തി വായ്പയെടുക്കുകയും വില്‍ക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ വ്യവസായം തുടങ്ങിയില്ലെങ്കില്‍ ഭൂമി തിരിച്ച് പിടിക്കണമെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടില്ല.

ദൊബാസ്പേട്ടിലെ കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത 175 ഏക്കര്‍ കൃഷിഭൂമി 1995ലാണ് ബി.പി.എല്‍ വാങ്ങിയത്. കെ.ഐ.എ.ഡി.ബി ബി.പി.എല്‍ കളര്‍ ടെലിവിഷന്‍, ട്യൂബ്, ബാറ്ററി നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി ഏക്കറിന് 1.1 ലക്ഷം രൂപ നല്‍കിയാണ് കെ.ഐ.എ.ഡി.ബി ഭൂമി ഏറ്റെടുത്തത്.

വര്‍ഷങ്ങളോളം ഭൂമിയില്‍ യാതൊരു വിധ വ്യാവസായിക പ്രവര്‍ത്തങ്ങളും നടത്താതെ പിന്നീട് മറിച്ചുവിറ്റുവെന്ന് പരാതിയില്‍ പറയുന്നു. 2009 – 10ല്‍ 33 ഏക്കര്‍ 31 കോടി കൂടി രൂപയ്ക്കും 2011ല്‍ 87 ഏക്കര്‍ 275.45 കോടി രൂപയ്ക്കും മാരുതി സുസുക്കിക്ക് വിറ്റു.

2011 തന്നെ മൂന്നേക്കറിലേറെ ഭൂമി നാല് കോടിക്ക് ബി.ഒ.സി ഇന്ത്യ ലിമിറ്റഡും 25 ഏക്കര്‍ 33.5 കോടിക്ക് ജിന്‍ഡാല്‍ അലുമിനിയം ലിമിറ്റഡും വാങ്ങി. കേസ് ഇല്ലാതാക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നുവെന്നും പരാതിയിലുണ്ട്.

രാജീവ് ചന്ദ്രശേഖറിന് പുറമെ ഭാര്യ അഞ്ജു രാജീവ് ചന്ദ്രശേഖര്‍, സഹോദരന്‍ അജിത് നമ്പ്യാര്‍, ഭാര്യാപിതാവ് ഗോപാല്‍ നമ്പ്യാര്‍ എന്നിവര്‍ക്കെതിരെയാണ് അഭിഭാഷകന്റെ പരാതി. കൂടാതെ, 2006 ല്‍ പാട്ടഭൂമി വില്‍ക്കാനുള്ള അധികാരം ബി.പി.എല്ലിന് നല്‍കിയ അന്നത്തെ ബി.ജെ.പി മന്ത്രി കട്ട സുബ്രഹ്‌മണ്യ നായിഡുവിനെതിരെയും പരാതിയുണ്ട്.

Content Highlight: 500 crore land scam in Karnataka; Rajeev Chandrasekhar’s company sold government land