നാളെ മുതൽ 50 ശതമാനം തീരുവ; കരട് വിജ്ഞാപനം പുറപ്പെടുവിച്ച് യു.എസ്
Trending
നാളെ മുതൽ 50 ശതമാനം തീരുവ; കരട് വിജ്ഞാപനം പുറപ്പെടുവിച്ച് യു.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th August 2025, 12:34 pm

വാഷിങ്ടൺ: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്താൻ കരട് നോട്ടീസ് പുറപ്പെടുവിച്ച് യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സി.ബി.പി).

2025 ഓഗസ്റ്റ് 27 മുതൽ ഇന്ത്യക്ക് മേൽ ചുമത്തിയ 25 ശതമാനം അധിക തീരുവ പ്രാബല്യത്തിൽ വരുമെന്ന് സി.ബി.പി വ്യക്തമാക്കി. ആ ദിവസം ഇന്ത്യൻ സമയം പുലർച്ചെ 12:01 മുതൽ, യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഉപഭോഗത്തിനായി ഇറക്കുമതി ചെയ്യുന്നതോ, വെയർ ഹൗസിൽ നിന്ന് നീക്കം ചെയ്യുന്നതോ ആയ എല്ലാ ഇന്ത്യൻ ഉത്പന്നങ്ങൾക്കും താരിഫ് ബാധകമായിരിക്കും.

ഈ മാസം ആദ്യം ഒപ്പുവെച്ച യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് 14329 പ്രകാരമാണ് ഈ നടപടി.

ആഭ്യന്തര സുരക്ഷാ വകുപ്പ് പുറപ്പെടുവിച്ച കരട് നോട്ടീസ് അനുസരിച്ച് റഷ്യൻ ഫെഡറേഷൻ ഗവൺമെന്റ് യു.എസിനെതിരെ ഉയർത്തുന്ന ഭീഷണികൾ നേരിടുക എന്ന നയത്തിന്റെ ഭാഗമായിട്ടാണ് ഇന്ത്യക്ക് മേൽ ചുമത്തിയ അധിക തീരുവ.

നേരത്തെയുണ്ടായ നിയന്ത്രണങ്ങളെക്കുറിച്ചും ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്.

‘യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ദേശീയ സുരക്ഷയ്ക്കും വിദേശനയത്തിനും എതിരായ അസാധാരണ ഭീഷണിയെ നേരിടാൻ, എക്‌സിക്യൂട്ടീവ് ഓർഡർ 14066 പ്രകാരം അസംസ്‌കൃത എണ്ണ, പെട്രോളിയം, പെട്രോളിയം ഇന്ധനങ്ങൾ, എണ്ണകൾ എന്നിവയുൾപ്പെടെ റഷ്യൻ ഫെഡറേഷനിൽ നിന്നുള്ള ചില ഉത്പന്നങ്ങൾ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു,’ നോട്ടീസിൽ പറയുന്നു.

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ട്രംപ് ഇന്ത്യയ്ക്ക് മേൽ ആദ്യം 25 ശതമാനം തീരുവ ചുമത്തിയിരുന്നു. എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടർന്നാൽ താരിഫ് വർധിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇരട്ട താരിഫ് എന്ന രീതിയിൽ 25 ശതമാനം അധിക തീരുവ ചുമത്തുകയും ചെയ്തു.

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ദ്വിതീയ ഉപരോധങ്ങളും ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നവരിൽ ഏറ്റവും മുൻനിരയിലുള്ള രണ്ട് രാജ്യങ്ങൾ ചൈനയും ഇന്ത്യയുമാണ്.

ഇന്ത്യൻ ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയ യു.എസിന്റെ നടപടി ദൗർഭാഗ്യകരമെന്നാണ് ഇന്ത്യ പ്രതികരിച്ചത്. തീരുമാനം പക്ഷപാതപരവും നീതീകരിക്കാനാകാത്തതെന്നും ഇന്ത്യ കൂട്ടിച്ചേർത്തു. ദേശീയ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു.

Content Highlight: 50 percent Tariff implement from tomorrow; U.S issues draft notification