നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് നഷ്ടപ്പെട്ടത് 50 ലക്ഷം പേരുടെ തൊഴില്‍: റിപ്പോര്‍ട്ട്
Demonetisation
നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് നഷ്ടപ്പെട്ടത് 50 ലക്ഷം പേരുടെ തൊഴില്‍: റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്‌ക്
Tuesday, 16th April 2019, 10:19 pm

ബംഗളൂരു: 2016ലെ നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. സമൂഹത്തില്‍ പാര്‍ശ്വവ്തകരിക്കപ്പെട്ടവര്‍ക്കും അനൗദ്യോഗിക തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമാണ് കൂടുതല്‍ ജോലി നഷ്ടമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ‘State of Working India 2019’ എന്ന പേരില്‍ അസിം പ്രേജി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സസ്റ്റെയ്‌നബ്ള്‍ എംപ്ലോയ്‌മെന്റാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്.

2018ല്‍ ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 6 ശതമാനമായി. 2000-2010 ദശകത്തില്‍ ഉണ്ടായ നിരക്കിന്റെ ഇരട്ടിയാണിത്. 2016ന് ശേഷമാണ് തൊഴിലില്ലായ്മ കൂടുതല്‍ രൂക്ഷമായത്.

20-24 പ്രായങ്ങള്‍ക്കിടയിലുള്ളവരിലാണ് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ളത്. യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. നഗര-ഗ്രാമ, സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാ വിഭാഗങ്ങളിലും തൊഴില്‍ നഷ്ടമുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു.

സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്‍ഡ്യന്‍ ഇക്കോണമി (സി.എം.ഐ.ഇ) സര്‍വെ വിവരങ്ങളനുസരിച്ചാണ് സര്‍വകലാശാല റിപ്പോര്‍ട്ട്. 1,60,000 വീടുകളില്‍ ഓരോ നാലു മാസങ്ങള്‍ക്കിടയിലുമാണ് സര്‍വ്വെ നടത്തിയിട്ടുള്ളത്.

അതേസമയം ഔദ്യോഗിക കണക്കുകള്‍ പറയുന്ന നാഷണല്‍ സാംപിള്‍ സര്‍വ്വെ ഓര്‍ഗനൈസേഷന്റെ (എന്‍.എസ്.എസ്.ഒ) പീരിയോഡിക് ലേബര്‍ഫോഴ്‌സ് സര്‍വെ ഫലം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയ എന്‍.എസ്.എസ്.ഒ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കണക്കായ 6.1 (2017-2018) ശതമാനത്തിലെത്തിയതായി പുറത്തു വന്നിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചിരിക്കെ നേരത്തെ പുറത്തു വന്ന പ്രീ പോള്‍ സര്‍വേകളിലെല്ലാം രാജ്യത്തെ തൊഴിലില്ലായ്മയാണ് കൂടുതല്‍ വോട്ടര്‍മാരെയും ആശങ്കപ്പെടുത്തുന്നതെന്ന് അഭിപ്രായം വന്നിരുന്നു. ഈ സാഹചര്യത്തിലാണ് നോട്ടുനിരോധനത്തെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട്.