സൗരയൂഥത്തിന് പുറത്ത് 50 ഗ്രഹങ്ങള്‍ കണ്ടെത്തി
TechD
സൗരയൂഥത്തിന് പുറത്ത് 50 ഗ്രഹങ്ങള്‍ കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th September 2011, 11:05 am

വാഷിങ്ടണ്‍: സൗരയൂഥത്തിന് പുറത്ത് മറ്റു നക്ഷത്രങ്ങളെ പരിക്രമണം ചെയ്യുന്ന 50 ഓളം ഗ്രഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ചിലിയിലെ ഒരു സംഘം ജ്യോതിശാസ്ത്രജ്ഞരാണ് ജീവന് സാധ്യതയുള്ളതടക്കം 50 സൗരേതര ഗ്രഹങ്ങള്‍ കണ്ടെത്തിയത്.

ചിലിയിലെ ലാ സില വാനനിരീക്ഷണ കേന്ദ്രത്തിലെ ഹാര്‍പ്‌സ് (ഹൈ ആക്യുറസി റേഡിയല്‍ വെലോസിറ്റി പ്ലാനറ്റ് സെര്‍ച്ചര്‍) എന്ന സ്‌പെക്‌ട്രോമീറ്റര്‍ ഉപകരണം ഉപയോഗിച്ചാണ് ജനീവ സര്‍വകലാശാലയിലെ മൈക്കല്‍ മേയറുടെ നേതൃത്വത്തിലുള്ള സംഘം ഗ്രഹങ്ങളെ കണ്ടെത്തിയത്. ഇതില്‍ ഒരു ഗ്രഹം ആ നക്ഷത്രയൂഥത്തില്‍ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള “ഹാബിറ്റബിള്‍ സോണി”ലാണ് കണ്ടെത്തിയത്. ഇവയില്‍ ഒന്നില്‍ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ളതായും ശാസ്ത്രസംഘം അവകാശപ്പെട്ടു.

കണ്ടെത്തിയവയില്‍ 16-ഉം ഭൗമസമാന ഗ്രഹങ്ങളാണ്. അഥവാ, ഭൂമിയുടെ അത്രതന്നെ ഭാരവും വലിപ്പവുമുള്ള ഗ്രഹങ്ങള്‍. ഇതുവരെയായി 500ലധികം സൗരേതര ഗ്രഹങ്ങളെ ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഹാബിറ്റബിള്‍ സോണില്‍ കണ്ടെത്തിയിട്ടുള്ളവ വളരെ ചുരുക്കമാണ്. അതിനാല്‍തന്നെ ഈ ഗ്രഹത്തിന്റെ കണ്ടെത്തല്‍ ഭൗമേതര ജീവനെക്കുറിച്ചുള്ള മനുഷ്യന്റെ അന്വേഷണങ്ങളില്‍ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രശസ്തമായ യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലാ സില വാനനിരീക്ഷണ കേന്ദ്രത്തില്‍നിന്ന് ഇതുവരെ 150 സൗരേതരഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴത്തെ കണ്ടെത്തലിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ യു. എസിലെ വ്യോമിങ്ങില്‍ നടക്കുന്ന “എക്‌സ്ട്രീം സോളാര്‍ സിസ്റ്റം” സമ്മേളനത്തില്‍ അവതരിപ്പിക്കും.