ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ക്കായി ഖജനാവില്‍ നിന്ന് ചിലവഴിച്ച തുകയുടെ കണക്ക് പുറത്ത്.
2021 മുതല്‍ 2025 വരെയുള്ള കാലയളവില്‍ നരേന്ദ്ര മോദി നടത്തിയ വിദേശ യാത്രകള്‍ക്കായി 362 കോടി രൂപയാണ് ചിലവായത്.
ഇതില്‍ നിലവില്‍ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന യു.കെ യാത്രയുടെ ചിലവ് ഉള്‍പ്പെടില്ല. അതുപോലെ മാലിദ്വീപ് യാത്രയുടെയും ചിലവും തീര്‍പ്പാക്കാത്ത ചില ബില്ലുകളും ഈ കണക്കില്‍ വന്നിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ രാജ്യസഭയെ അറിയിച്ചു.
2021 മുതല്‍ 2025 വരെ പ്രധാനമന്ത്രി 33 വിദേശ യാത്രകളാണ് നടത്തിയത്. ഈ മാസം ആദ്യം മാത്രം അഞ്ച് രാജ്യങ്ങള്‍ മോദി സന്ദര്‍ശിച്ചു. നിലവിലുള്ള കണക്കുപ്രകാരം 362 കോടി രൂപയാണ് യാത്രകള്‍ക്കായി ചിലവഴിച്ചതെന്ന് കീര്‍ത്തി വര്‍ധന്‍ സിംഗ് രാജ്യസഭയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2025ല്‍ മോദി നടത്തിയ മൂന്ന് വിദേശയാത്രകളുടെ ബില്ലുകള്‍ പൂര്‍ണമായും തീര്‍പ്പാക്കിയിട്ടില്ല. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി കാനഡയിലേക്കും ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ബ്രസീലിലേക്കും അതുപോലെ മൗറീഷ്യസിലേക്കും നടത്തിയ യാത്രകളുടെ ബില്ലുകളാണ് ഇനിയും ക്ലിയര്‍ ചെയ്യാനുള്ളത്. അതുകൊണ്ട് തന്നെ അത് ഈ കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല.
2025 ഫെബ്രുവരിയില്‍ ഫ്രാന്‍സിലേക്കും യു.എസിലേക്കും നടത്തിയ യാത്രയുടെ ചിലവും ഏപ്രിലില്‍ തായ്ലന്‍ഡിലേക്കും ശ്രീലങ്കയിലേക്കും നടത്തിയ പര്യടനത്തിന്റെ ബില്ലും ഏപ്രില്‍ അവസാനം സൗദി അറേബ്യയിലേക്ക് നടത്തിയ യാത്രയുടെ ചിലവും ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മൂന്ന് യാത്രകളുടെയും മൊത്തം ചിലവ് 67 കോടി രൂപയാണ്.
ഈ വര്‍ഷം നടത്തിയ വിദേശ പര്യടനങ്ങളില്‍ ഫെബ്രുവരിയില്‍ ഫ്രാന്‍സിലേക്കും അമേരിക്കയിലേക്കുമുള്ള അദ്ദേഹത്തിന്റെ യാത്രയ്ക്കായാണ് ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ചത്.
ഫെബ്രുവരി 10 മുതല്‍ ഫെബ്രുവരി 12 വരെ നീണ്ടുനിന്ന ഫ്രാന്‍സ് സന്ദര്‍ശനത്തിനായി ഖജനാവില്‍ നിന്ന് 25.59 കോടി രൂപ ചിലവഴിച്ചു. ഫെബ്രുവരി 13 നായിരുന്നു മോദിയുടെ യു.എസ് സന്ദര്‍ശനം. ഒരു ദിവസത്തെ ഈ യാത്രയ്ക്ക് മാത്രം 16.54 കോടി രൂപ ചിലവായി.
ഫ്രാന്‍സില്‍ ഈ വര്‍ഷം നടത്തിയ പര്യടനത്തില്‍ മോദി ഒമ്പത് പരിപാടികളിലാണ് പങ്കെടുത്തത്. അതില്‍ മാര്‍സെയിലിലെ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഉദ്ഘാടനവും മസാര്‍ഗസ് യുദ്ധ സെമിത്തേരി സന്ദര്‍ശനവും ഉള്‍പ്പെടും.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതുപോലെ യു.എസ് സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. അതിന് ശേഷം ഡിന്നര്‍ പാര്‍ട്ടിയും എലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ള അമേരിക്കന്‍ ടെക് ഭീമന്മാരുമായി കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തിരുന്നു.
2021, 2023, 2024, 2025 വര്‍ഷങ്ങളില്‍ മോദി യു.എസ് യാത്ര നടത്തിയിട്ടുണ്ട്. ഈ യാത്രകള്‍ക്ക് മാത്രമായി 74.41 കോടി രൂപയാണ് ചിലവായത്.
2025ല്‍ നടത്തിയ തായ്ലന്‍ഡ്, ശ്രീലങ്ക സന്ദര്‍ശനത്തിന് 9 കോടി രൂപയില്‍ കൂടുതല്‍ ചിലവായിട്ടുണ്ട്. അതേസമയം സൗദി അറേബ്യയിലേക്കുള്ള യാത്രയ്ക്ക് മാത്രം ഖജനാവിന് ചിലവായത് 15.54 കോടി രൂപയാണ്.
എന്നാല്‍ ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നതിനെ തുടര്‍ന്ന് ജിദ്ദയിലേക്കുള്ള യാത്ര മോദിക്ക് റദ്ദാക്കേണ്ടി വന്നിരുന്നു. ജിദ്ദയിലെ രണ്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കാതെയാണ് മോദി ഇന്ത്യയിലേക്ക് മടങ്ങിയത്.
2024ല്‍ അദ്ദേഹം നടത്തിയ 11 വിദേശ യാത്രകള്‍ക്ക് ഖജനാവില്‍ നിന്ന് 109.5 കോടി രൂപയാണ് ചിലവായത്. 17 രാജ്യങ്ങളാണ് ആ വര്‍ഷം മോദി സന്ദര്‍ശിച്ചത്.
2024 സെപ്റ്റംബര്‍ 21ന് ആരംഭിച്ച മൂന്ന് ദിവസത്തെ യു.എസ് പര്യടനത്തിന് 15.3 കോടി രൂപയാണ് ചിലവായത്. ആ വര്‍ഷത്തെ ഏറ്റവും ചെലവേറിയ മോദിയുടെ യാത്രയും ഇതായിരുന്നു.
2024 ല്‍ പ്രധാനമന്ത്രി തന്റെ മൂന്നാം ടേമിലെ ആദ്യ വിദേശ യാത്ര നടത്തിയത് ഇറ്റലിയിലേക്കായിരുന്നു. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്ക് 14.36 കോടി രൂപ ചെലവായി.
2023ല്‍ പ്രധാനമന്ത്രി ആറ് യാത്രകളിലായി 11 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. ഇതില്‍ ഖജനാവിന് 93.6 കോടി രൂപ ചിലവായി. 2023 ല്‍ ജപ്പാന്‍, അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്കായി യഥാക്രമം 17.1 കോടി 22.8 കോടി, 13.74 കോടി എന്നിങ്ങനെയാണ് ചിലവായത്.
2021 ലും 2022 ലും 10 യാത്രകളിലായി 14 രാജ്യങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു. രണ്ട് വര്‍ഷത്തേയും കൂടി യാത്രയ്ക്കായുള്ള കേന്ദ്ര ഖജനാവിന്റെ ചിലവ് 90 കോടിയിലധികം രൂപയാണ്.
കൊവിഡ്-19 പശ്ചാത്തലത്തില്‍, 2021 ല്‍ പ്രധാനമന്ത്രി ബംഗ്ലാദേശ്, യു.എസ്, ഇറ്റലി, യുകെ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
2022 ല്‍ ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, നേപ്പാള്‍, യു.എ.ഇ, ഇന്തോനേഷ്യ തുടങ്ങിയ 10 രാജ്യങ്ങളും സന്ദര്‍ശിച്ചു.
ഇറ്റലി ആതിഥേയത്വം വഹിച്ച 2021 ജി 20 ഉച്ചകോടി, ഇന്തോനേഷ്യയില്‍ 2022 ല്‍ നടന്ന ജി 20 ഉച്ചകോടി, ബ്രസീലില്‍ 2024ല്‍ നടന്ന ജി 20 ഉച്ചകോടി എന്നിവയാണ് ഈ വര്‍ഷങ്ങളില്‍ മോദി പങ്കെടുത്ത അന്താരാഷ്ട്ര ഉച്ചകോടികള്‍.
2023ലും 2024ലും വാര്‍ഷിക ഉച്ചകോടികള്‍ക്കായി ഇന്തോനേഷ്യയിലേക്കും ലാവോ പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലേക്കും മോദി യാത്ര ചെയ്തിരുന്നു.
അതുപോലെ 2022-ല്‍, ഷാങ്ഹായ് സഹകരണ സംഘടനയുടെ രാഷ്ട്രത്തലവന്മാരുടെ യോഗത്തിനായി ഉസ്‌ബെക്കിസ്ഥാനും സന്ദര്‍ശിച്ചു.