നിവിന്റെയും ഗീതുവിന്റെയും മൂത്തോന്‍ വെള്ളിയാഴ്ച തിയേറ്ററില്‍ ; കാണാനുള്ള അഞ്ചു കാരണങ്ങള്‍
Malayala cinema
നിവിന്റെയും ഗീതുവിന്റെയും മൂത്തോന്‍ വെള്ളിയാഴ്ച തിയേറ്ററില്‍ ; കാണാനുള്ള അഞ്ചു കാരണങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th November 2019, 6:25 pm

കൊച്ചി: നിവിന്‍ പോളിയെ നായകനാക്കി ഗീതുമോഹന്‍ ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തുകയാണ്.
നിവിന്‍ പോളിക്കൊപ്പം റോഷന്‍ മാത്യു, ഷഷാങ്ക് അറോറ, ശോഭിത ധുലി പാല, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

ചിത്രം വേള്‍ഡ് പ്രീമിയര്‍ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ പ്രദര്‍ശിപ്പിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.

ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ തന്റെ മുതിര്‍ന്ന സഹോദരനെ തേടി യാത്ര തിരിക്കുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട് എന്നാണ് പുറത്തുവന്ന വിവരം. ലക്ഷദ്വീപും ഫോര്‍ട്ട് കൊച്ചിയും മുംബൈയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

ചിത്രം തിയേറ്ററില്‍ കാണാനുള്ള അഞ്ചുകാരണങ്ങള്‍ പരിശോധിക്കാം.

1. ഗീതു മോഹന്‍ദാസും രാജീവ് രവിയും

ക്യാമറയ്ക്ക് പുറകില്‍ ഗീതുമോഹന്‍ദാസും രാജീവ് രവിയും ഒന്നിക്കുന്നു എന്നതാണ് മൂത്തോന്‍ എന്ന സിനിമ തിയേറ്ററില്‍ നിന്ന് കാണണം എന്ന് പറയുന്നതില്‍ പ്രധാന കാരണങ്ങളില്‍ ഒന്ന്. ഇരുവരും മുമ്പ് ഒന്നിച്ച ‘ലയേസ് ഡൈസ’് എന്ന സിനിമ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരേപോലെ നേടിയവയാണ്. രണ്ട് ദേശീയ പുരസ്‌ക്കാരങ്ങളടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ ഈ ചിത്രത്തിന് ലഭിച്ചു.

ഓസ്‌ക്കാര്‍ പുരസ്‌ക്കാരത്തിനായി ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക ശുപാര്‍ശ ഈ ചിത്രത്തിനായിരുന്നു. ഈ ചിത്രത്തിലെ ചിത്രീകരണത്തിന് രാജീവ് രവിക്ക് ദേശീയ പുരസ്‌ക്കാരം ലഭിച്ചു.

അത് കൊണ്ട് തന്നെ വീണ്ടും ഇവര്‍ ഒന്നിക്കുന്ന ഒരു ചിത്രത്തിന് ഏറെ ആകാഷയോടെയാണ് സിനിമ പ്രേമികള്‍ കാത്തിരിക്കുന്നത്.

2. അനുരാഗ് കശ്യപിന്റെ സംഭാഷണം

മികച്ച സിനിമകള്‍ തന്ന ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് മൂത്തോന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. സൗത്ത് ഇന്ത്യന്‍ സിനിമ എന്നതിലുപരിയായി പാന്‍ ഇന്ത്യന്‍ സിനിമ എന്ന രീതിയിലേക്ക് മൂത്തോന്‍ മാറുന്നുണ്ട് അനുരാഗിന്റെ സംഭാഷണത്തിലൂടെ.

ഗ്യാങ്‌സ് ഓഫ് വസേപൂര്‍, ദേവ് ഡി, ബ്ലാക്ക് ഫ്രൈഡേ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ അനുരാഗ് കശ്യപ് തന്നെയാണ് മിനി സ്റ്റുഡിയോയുടെ ബാനറില്‍ വിനോദ് കുമാറുമായി ചേര്‍ന്ന് മൂത്തോന്‍ നിര്‍മ്മിച്ചത്.

3. സേഫ് സോണ്‍ വിട്ട് നിവിന്‍ പോളി

നിവിന്‍ പോളി തന്റെ സേഫ് സോണ്‍ വിട്ട് വ്യത്യസ്ഥ ലുക്കിലും രീതിയിലും അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത മൂത്തോന്‍ സിനിമയ്ക്ക് ഉണ്ട്. തലമുടി പറ്റെ വെട്ടി ഒരു അധോലോക നായകന്റെ ലുക്കിലാണ് നിവിന്‍ ചിത്രത്തില്‍ എത്തുന്നത്. അക്ബര്‍ ഭായ് എന്ന കഥാപാത്രമായി നിവിന്‍ പോളി മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടത്തിയത് എന്നാണ് ചിത്രത്തിന്റെ പ്രദര്‍ശന ശേഷം നിരവധി പേര്‍ പ്രതികരിച്ചത്.

ചിത്രത്തിന് വേണ്ടി പ്രശസ്ത അഭിനയ പരിശീലകന്‍ അതുല്‍ മോറിയയുടെ കീഴില്‍ നിവിന്‍ പരിശീലനം നടത്തിയിരുന്നു.

4. മികച്ച താര നിര

നിവിന്‍ പോളിയെ കൂടാതെ ശോഭിത ധുലിപാല, റോഷന്‍ മാത്യു, ഷഷാങ്ക് അറോറ, ദിലീഷ് പോത്തന്‍ എന്നിവര്‍ ചിത്രത്തില്‍ എത്തുന്നുണ്ട. ചിത്രത്തിലെ അഭിനയ മികവ് കണ്ട് റോഷന്‍ മാത്യുവിനെ തന്റെ പുതിയ ചിത്രത്തിലേക്ക് അനുരാഗ് കശ്യപ് ക്ഷണിച്ചിരുന്നു.

5. ഫിലിം ഫെസ്റ്റിവലുകളിലെ നിരൂപക പ്രശംസകളും നേട്ടങ്ങളും

ചിത്രം സണ്‍ഡൈന്‍ ഫിലിം ഫെസ്റ്റിവല്‍, ടൊറന്റോ ഫിലിം ഫെസ്റ്റിവല്‍, മാമി മുംബൈ ഫെസ്റ്റിവല്‍ എന്നിവയില്‍ പ്രദര്‍ശിപ്പിക്കുകയും മികച്ച അഭിപ്രായങ്ങള്‍ നേടുകയും ചെയ്തിരുന്നു.

കൂടാതെ സ്‌പെയിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം എന്‍ട്രി നേടുകയും ചെയ്തു. സംവിധായകരായ ബിജോയ് നമ്പ്യാര്‍, തനൂജ ചന്ദ്ര, ശീറാം രാഘവന്‍,വിശാല്‍ ഭരദ്വാജ്. ഫിലിം ക്രിറ്റിക്ക് അനുപമ ചോപ്ര, ഭരദ്വാജ് രംഗ തുടങ്ങി നിരവധി പേര്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിരുന്നു.

DoolNews Video