എന്താണ് ഭൂമിയേറ്റെടുക്കല്‍ നിയമം?
Daily News
എന്താണ് ഭൂമിയേറ്റെടുക്കല്‍ നിയമം?
ന്യൂസ് ഡെസ്‌ക്
Wednesday, 25th February 2015, 9:29 am

land
ന്യൂദല്‍ഹി: ബജറ്റ് സെഷനു മുന്നോടിയായി മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഭൂമിയേറ്റെടുക്കല്‍ ബില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചിരിക്കുകയാണ്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. കൂടാതെ ബില്‍ പിന്‍ വലിക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ ജന്ദര്‍മന്തിറില്‍ സമരവും അരങ്ങേറുന്നുണ്ട്.

ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് കര്‍ഷക വിരുദ്ധമാണ് ഇതിനെ എതിര്‍ക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. കോണ്‍ഗ്രസ്, ബി.ജെ.ഡി, എസ്.പി, ആര്‍.എസ്.പി, ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍ക്കു പുറമേ എന്‍.ഡി.എ സഖ്യ കക്ഷികളായ ശിവസേനയും എസ്.ഡബ്ലു.പി (മഹാരാഷ്ട്ര) എന്നിവയും ബില്ലിനെ എതിര്‍ക്കുന്നുണ്ട്. കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരിക്കുന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ രാജ്യസഭയിലാണ് ആദ്യം ബഹളമുണ്ടായത്. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്നും പാര്‍ലമെന്റിനെ മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും കോണ്‍ഗ്രസ് ഉപനേതാവ് ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി.
hazareഓര്‍ഡിനന്‍സ് കീഴ്‌വഴക്കം കോണ്‍ഗ്രസാണ് കൊണ്ടുവന്നതെന്ന് സഭ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി തിരിച്ചടിച്ചു. ലോക്‌സഭയില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബില്ലിനെക്കുറിച്ച് രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നത് നടപടിക്ക് വിരുദ്ധമാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

എന്നാല്‍ സഭ നിയന്ത്രിച്ച് ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ.കുര്യന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് നിലപാട് അറിയിക്കാന്‍ അവസരം നല്‍കി. തുടര്‍ന്ന് ജെ.ഡി.യു, സമാജ്‌വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ തുടങ്ങിയ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഭേദഗതിയെ എതിര്‍ത്തു. ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പ് അരുണ്‍ ജയ്റ്റ്‌ലി നല്‍കിയതോടെ രാജ്യസഭ മറ്റ് നടപടിയികളിലേക്ക് കടന്നു.

ലോക്‌സഭയില്‍ ഓര്‍ഡിനന്‍സ് ബില്ലായി അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി തേടിയതോടെയാണ് ബഹളം തുടങ്ങിയത്. എന്നാല്‍ സര്‍ക്കാര്‍ സഭയിലെ ഭൂരിപക്ഷം പ്രയോജനപ്പെടുത്തി ബില്‍ അവതരിപ്പിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.
land2എന്താണ് ഭൂമിയേറ്റെടുക്കല്‍ നിയമം?

യു.പി.എ സര്‍ക്കാറിന്റെ കാലത്ത് വന്‍ കര്‍ഷക പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ഭൂമിയേറ്റെടുക്കല്‍ നിയമം സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഭൂമിയേറ്റെടുക്കുന്ന സമയത്ത് കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും ഭൂമിയേറ്റെടുക്കലില്‍ സുതാര്യതയും പുനരധിവാസവും പുനസ്ഥാപനവും ലക്ഷ്യമിട്ടുള്ളതായിരുന്നു ബില്‍.

ആരുടെ ഭൂമിയാണോ ഏറ്റെടുക്കപ്പെടുന്നത് അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ ഈ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഫാക്ടറി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും, വ്യവസായ പദ്ധതികള്‍ക്കും ഭൂമിയേറ്റെടുക്കുമ്പോള്‍ സുതാര്യത ഉറപ്പുവരുത്താനും ഇതു ബാധിക്കുന്നവര്‍ക്ക് പുനരധിവാസം ഉറപ്പുവരുത്താനും നിയമം വ്യവസ്ഥ ചെയ്യുന്നു.

വ്യാവസായിക വത്കരണത്തിന്റെ ഭാഗമായി പൊതുസ്വകാര്യ പങ്കാളത്തത്തിലുള്ള ഭൂമിയേറ്റെടുക്കലിന് ചില നിയന്ത്രണങ്ങളും നിയമത്തിലുണ്ട്.

2011 സെപ്റ്റംബര്‍ 7നാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. 235 അംഗങ്ങളില്‍ 216 പേരും ബില്ലിലെ പിന്തുണച്ചു. 2013 ആഗസ്റ്റ് 29ന് നിയമം പാസായി. 2013 സെപ്റ്റംബര്‍ 27ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ബില്ലിന് അംഗീകാരം നല്‍കി. 2014 ജനുവരി 1 മുതല്‍ ഭൂമിയേറ്റെടുക്കല്‍ നിയമം പ്രാബല്യത്തില്‍ വന്നു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം യു.പി.എ സര്‍ക്കാറിന്റെ ഭൂമിയേറ്റെടുക്കല്‍ നിയമം വ്യവസായ വിരുദ്ധമാണെന്ന് പറഞ്ഞ് അതില്‍ ഭേദഗതികള്‍ കൊണ്ടുവന്നു. ഈ ഭേദഗതികള്‍ ഓര്‍ഡിനന്‍സ് രൂപത്തിലാണ് കൊണ്ടുവന്നത്. ഈ ഓര്‍ഡിനന്‍സാണ് ഫെബ്രുവരി 24ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

വിവാദമായ ഭേദഗതികള്‍:

1. പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള പദ്ധതികള്‍ക്കുവേണ്ടി ഭൂമിയേറ്റെടുക്കുമ്പോള്‍ പ്രദേശത്തെ 70% കര്‍ഷകരുടെയും സമ്മതം നിര്‍ബന്ധമാക്കുന്നതാണ് 2013ലെ നിയമം. ഭേദഗതി പ്രകാരം ഈ നിയമത്തില്‍ നിന്നും അഞ്ചു കാറ്റഗറികളെ ഒഴിവാക്കുന്നുണ്ട്. വ്യാവസായിക ഇടനാഴികള്‍, പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള പദ്ധതികള്‍, ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യം, താങ്ങാവുന്ന തരത്തിലുള്ള പാര്‍പ്പിട സൗകര്യം, പ്രതിരോധം എന്നീ മേഖലകളെയാണ് ഒഴിവാക്കിയിട്ടുള്ളത്.

2 നിലവിലെ നിയമത്തില്‍ സാമൂഹിക പ്രത്യാഘാത പഠനം നിര്‍ബന്ധമായിരുന്നു. എന്നാല്‍ പുതിയ ഓര്‍ഡിനന്‍സില്‍ മേല്‍പ്പറഞ്ഞ അഞ്ച് കാറ്റഗറികളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

3 നിലവിലെ നിയമത്തില്‍ ഏറ്റെടുത്ത ഭൂമി അഞ്ചു വര്‍ഷത്തോളം ഉപയോഗിക്കാതെയിട്ടാല്‍ അത് യഥാര്‍ത്ഥ ഉടമസ്ഥനു തിരികെ ലഭിക്കും. ഭേദഗതിയില്‍ അഞ്ചുവര്‍ഷം എന്നത് ഒഴിവാക്കി പദ്ധതിക്കുവേണ്ടി പറഞ്ഞിരിക്കുന്ന കാലം കഴിഞ്ഞും ഉപയോഗശൂന്യമായി നിന്നാല്‍ എന്നാക്കി മാറ്റി.

4 ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ എന്തെങ്കിലും തരത്തിലുള്ള ലംഘനം നടന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴ വിധിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെങ്കില്‍ സര്‍ക്കാറിന്റെ അനുമതി വേണമെന്നാണ് ഭേദഗതി നിര്‍ദേശം.

5 അടിസ്ഥാന സൗകര്യ പദ്ധതികളുടെ ലിസ്റ്റില്‍ നിന്നും നേരത്തെ സ്വകാര്യ ആശുപത്രികളെയും സ്‌കൂളുകളെയും ഒഴിവാക്കിയിരുന്നു. എന്നാല്‍ ഭേദഗതിയില്‍ അവയെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വിലക്കിഴിവില്‍ ഭൂമി വാങ്ങാന്‍ സ്വകാര്യ കമ്പനികള്‍ക്കു കൂടി അവകാശം നല്‍കും.