പട്ന: ബീഹാറിലെ ഭഗൽപൂർ ജില്ലയിൽ കൻവാരി തീർത്ഥാടകരുടെ വാഹനം റോഡരികിലെ വെള്ളക്കെട്ടിൽ വീണ് അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. ഞായറാഴ്ച രാത്രി ഷാഹ്കുണ്ഡ് ബ്ലോക്കിലാണ് സംഭവം നടന്നതെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
മഴ ഉണ്ടായിരുന്നിട്ടും വാഹനം അമിത വേഗതയിലായിരുന്നുവെന്നും നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിലെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ഡ്രൈവർ ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മരിച്ചവരെല്ലാം ബീഹാർ സ്വദേശികളാണ്. അടുത്തുള്ള ബങ്ക ജില്ലയിലെ ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടാകുന്നത്. വാഹനം ഹൈടെൻഷൻ വയറിൽ തട്ടിയതിനെത്തുടർന്നുണ്ടായ വൈദ്യുതാഘാതമാണ് മരണത്തിന് കാരണമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പൊലീസ് ഇത് നിഷേധിച്ചു.
അപകടത്തിൽ പ്രതിഷേധിച്ച് സ്ഥലത്ത് നാട്ടുകാർ റോഡുകൾ തടഞ്ഞിരുന്നു. എന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച ശേഷം ഗതാഗതം പുനസ്ഥാപിച്ചു.
‘സംസ്ഥാന സർക്കാരിന്റെ നയമനുസരിച്ച് മരണപ്പെട്ട ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകും. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അത് രജിസ്റ്റർ ചെയ്യും. പരാതികൾ ലഭിച്ച ഉടനെത്തന്നെ ഞങ്ങൾ ഉചിതമായ നടപടികൾ സ്വീകരിക്കും,’ ഡിവിഷണൽ മജിസ്ട്രേറ്റ് വികാസ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
കൻവാരിയ തീർത്ഥാടകരുടെ മരണത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിക്കുകയും ചെയ്തു.
അതേസമയം ബീഹാറിലെ ഭഗൽപൂർ ജില്ലയിൽ ഞായറാഴ്ച രാത്രി വൈകി വാഹനത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന ഡി.ജെ മ്യൂസിക് സിസ്റ്റം ലൈവ് വയറിൽ തട്ടിയുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. വൈദ്യുതാഘാതമേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
Content Highlight: 5 kanwariyas killed in Bihar crash