ന്യൂദല്ഹി: സി.ജെ.പി സഹ കണ്വീനര്മാരായ അശുതോഷ് രങ്കയെയും സൗരവ് ദാസിനെയും ജന്തര് മന്തറില് മിന്നല് പ്രതിഷേധം നടത്തിയ സംഭവത്തില് അഞ്ച് ദിവസത്തെ ജുഡീഷ്യല് കസ്റ്റഡിയില് വിട്ടതിനെ വിമര്ശിച്ച് ഐസ നേതാവ് നേഹ ബോറ. ജനങ്ങളുടെ വിയോജിപ്പിനെ അടിച്ചമര്ത്താനുള്ള കേന്ദ്രസര്ക്കാര് ശ്രമങ്ങളുടെ ഭാഗമാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും നേഹ പറഞ്ഞു.
എന്തിനാണ് അഞ്ച് ദിവസത്തെ ജുഡീഷ്യല് കസ്റ്റഡിയെന്ന് നോഹ ബോറ ചോദിച്ചു. ജനങ്ങളുടെ വിയോജിപ്പിനെ അടിച്ചമര്ത്താനും ഈ ചെറുത്തുനില്പ്പ് ഇല്ലാതാക്കാനും സര്ക്കാര് എല്ലാവിധ ശ്രമങ്ങളും നടത്തുകയാണ്. സൗരവിനെയും അശുതോഷിനെയും തടവിലാക്കുന്നത് അത്തരമൊരു ശ്രമം തന്നെയാണെന്നും നേഹ ബോറ ചൂണ്ടിക്കാട്ടി.
സാമൂഹ്യ പ്രവര്ത്തകന് യോഗേന്ദ്ര യാദവും സി.ജെ.പി നേതാക്കളെ കസ്റ്റഡിയിലെടുത്തതില് പ്രതിഷേധം അറിയിച്ചു. ‘ത്രിവര്ണ്ണ പതാക വീശിയതിന് ജയിലോ?’ എന്നും ‘നമ്മള് എവിടെ എത്തിനില്ക്കുന്നു?’ എന്നും അദ്ദേഹം ചോദിച്ചു. സൗരവിനും അശുതോഷിനും ഒപ്പം എന്നും അദ്ദേഹം എക്സ് പോസ്റ്റില് കുറിച്ചു.
സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാര് നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളോട് ചെയ്ത അതേ കാര്യങ്ങളാണ് ഈ സര്ക്കാരും ആവര്ത്തിക്കുന്നതെന്ന് സൗരവിനെയും അശുതോഷിനെയും കസ്റ്റഡിയില് വിട്ടതിനെ സി.ജെ.പി വിമര്ശിച്ചിരുന്നു. ബ്രിട്ടീഷുകാര്ക്ക് സംഭവിച്ച അതേ ഗതി തന്നെയായിരിക്കും കേന്ദ്രസര്ക്കാരിന് നേരിടേണ്ടി വരികയെന്നും സി.ജെ.പി നേതാവ് അജിങ്ക്യ ഷിന്ഡെ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരുന്നു.
‘അശുതോഷ്, സൗരവ് ദാസ്, ഞാന്, പിന്നെ സിജെപിയിലെ സന്നദ്ധപ്രവര്ത്തകര് എന്നിവര് ചേര്ന്ന് ജന്തര് മന്തറിലേക്ക് പോയ കാര്യം നിങ്ങള്ക്കറിയാമല്ലോ. ഞങ്ങള് അവിടെ ഇന്ത്യന് ദേശീയ പതാക വീശുകയും ഭാരത് മാതാ കീ ജയ് എന്ന് മുദ്രാവാക്യം വിളിക്കുകയും മാത്രമാണ് ചെയ്തത്. ഇതിന്റെ പേരില്, ഏകാധിപത്യ സ്വഭാവമുള്ള മോദി-ഷാ സര്ക്കാര് സൗരവിനെയും അശുതോഷിനെയും അഞ്ച് ദിവസത്തേക്ക് ജയിലിലടച്ചിരിക്കുകയാണ്,’ ഷിന്ഡെ പറഞ്ഞു.
ഇന്ന് അശുതോഷിന്റെ ജന്മദിനമാണ്. ആ ജന്മദിനത്തില്ത്തന്നെ, ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിച്ചതിനും ദേശീയ പതാക വീശിയതിനും അദ്ദേഹത്തെ ജയിലിലടച്ചിരിക്കുന്നു. ഈ സര്ക്കാര് തങ്ങളുടെ സംവിധാനങ്ങള് ഉപയോഗിച്ചും അധികാരങ്ങള് ദുരുപയോഗം ചെയ്തും ജനങ്ങളുടെ മൗലികാവകാശങ്ങള് ലംഘിക്കാന് തുടങ്ങിയിരിക്കുന്നുവെന്നാണ് തനിക്ക് രാജ്യത്തെ ജനങ്ങളോട് എനിക്ക് പറയാനുള്ളതെന്നും അജിങ്ക്യ ഷിന്ഡെ പറഞ്ഞു.
ഈ ഏകാധിപത്യ സര്ക്കാരിനെ അവസാനിപ്പിക്കാന് നാം ഒത്തുചേരണമെന്ന് എല്ലാവരോടും അഭ്യര്ത്ഥിക്കുന്നു. ഞങ്ങളുടെ നേതാക്കളായ അശുതോഷിനെയും സൗരവിനെയും അഞ്ച് ദിവസത്തേക്ക് ജയിലിലടച്ചാല് അവര് ഭയന്നുപോകുമെന്ന് സര്ക്കാര് കരുതുന്നുണ്ടെങ്കില്, അത് വലിയൊരു തെറ്റിദ്ധാരണയാണെന്നും താന് പറയാന് ആഗ്രഹിക്കുന്നു. തലയുയര്ത്തിപ്പിടിച്ചാണ് തങ്ങള് ജയിലിലേക്ക് പോകുന്നതെന്ന് അവര് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള് ഭയപ്പെടില്ലെന്ന് അവര് രാജ്യത്തെ ജനങ്ങളോട് പറയുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ജന്തര് മന്തറില് അതിക്രമിച്ച് കയറിയെന്ന കേസിലാണ് അശുതോഷിനെയും സൗരവിനെയും സ്പെഷ്യല് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇവരെ കസ്റ്റഡിയിലേക്ക് മാറ്റിയത്. കേസില് കസ്റ്റഡിയാലായിരുന്ന മറ്റൊരു സി.ജെ.പി നേതാവായ അജിങ്ക്യ ഷിന്ഡെയെ പൊലീസ് വ്യക്തിഗത ജാമ്യത്തില് വിട്ടയക്കുകയും ചെയ്തിരുന്നു.
ഇന്നലെയാണ് (ഒക്ടോബര് 13, ചൊവ്വ) പൊലീസ് വിലക്ക് മറികടന്ന് ജന്തര് മന്തറിലേക്കുള്ള വഴിയിലേക്ക് ഗെയ്റ്റ് ചാടിക്കടന്ന് അശുതോഷ്, സൗരവ്, അജിങ്ക്യ എന്നിവരുടെ നേതൃത്വത്തില് ഇരുപതോളം സി.ജെ.പി പ്രവര്ത്തകര് പ്രതിഷേധിച്ചത്. പ്രതിഷേധക്കാര് ജന്തര് മന്തറിലെത്തി ദേശീയ പതാക ഉയര്ത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് നേതാക്കളെയടക്കം കസ്റ്റഡിയിലെടുത്തത്.
Content Highlight: 5 days judicial custody for what?- Neha Bora Slams Judicial Custody of Saurav Das and Ashuthosh Ranka
