ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Travel News
കന്യാകുമാരിയില്‍ സന്ദര്‍ശിച്ചിരിക്കേണ്ട അഞ്ച് ബീച്ചുകള്‍
ന്യൂസ് ഡെസ്‌ക്
Wednesday 16th May 2018 11:20pm

 

ഇന്ത്യന്‍ മഹാസമുദ്രവും അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും സംഗമിക്കുന്ന കന്യാകുമാരി കേപ് കോമറിന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഉദയാസ്തമയവും തീരക്കാഴ്ചകളും വിവേകാനന്ദപ്പാറയും തിരുവുള്ളവര്‍ പ്രതിമയും ഒക്കെ ചേരുന്ന കന്യാകുമാരി കാഴ്ച അതിശയിപ്പിക്കുന്നതാണ്. ഇവിടവുമായി ബന്ധപ്പെട്ട് കിടക്കുന്ന അഞ്ച് ബീച്ചുകള്‍ പരിചയപ്പെടാം…

മുട്ടം ബീച്ച്

കന്യാകുമാരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ചെറിയ ബീച്ചാണ് മുട്ടം ബീച്ച്. പാറകളും ഗുഹകളും ഒക്കെയുള്ള മുട്ടം ബീച്ചിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത് ഇവിടത്തെ ശാന്തതയും വൃത്തിയുമാണ്. മത്സ്യബന്ധനം മുഖ്യ തൊഴിലാക്കിയിരിക്കുന്നവരാണ് ഇവിടത്തുകാര്‍. വിളക്കുമാടം, തിരുനന്തിക്കര ഗുഹാ ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ മറ്റാകര്‍ഷണങ്ങള്‍.

 

ശംഖുതുറൈ ബീച്ച്

എല്ലായ്‌പ്പോഴും ആള്‍ക്കൂട്ടം തിങ്ങിനിറഞ്ഞ കന്യാകുമാരി ബീച്ചില്‍ നിന്നും രക്ഷപെട്ട് വരുന്നവരുടെ ആശ്വാസ സങ്കേതമാണ് ശംഖുതുറൈ ബീച്ച്. മരങ്ങളുടെ തണലുള്ള ഈ ബീച്ചില്‍ വെറുതെ വന്നിരുന്ന് സമയം കളയുന്നവരാണ് അധികവും. താരതമ്യേന അപകടം കുറഞ്ഞ ബീച്ചായ ഇവിടെ നീന്തുവാനും നീന്തല്‍ പഠിക്കുവാനും കുട്ടികളടക്കമുള്ളവര്‍ എത്താറുമുണ്ട്. ചോള ഭരണത്തിന്റെ ശേഷിപ്പായ ഒരു വലിയ ശില്‍പമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

 

 

 

ചൊത്തവിളൈ ബീച്ച്

ശംഖുതുറൈ ബീച്ചില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന മറ്റൊരു ബീച്ചാണ് ചൊത്തവിളൈ ബീച്ച്. തമിഴ്‌നാട്ടിലെ ഏറ്റവും നീളംകൂടിയ ബീച്ചുകളില്‍ ഒന്നായ ചൊത്തവിളൈ ബീച്ച് ഏകദേശം നാലു കിലോമീറ്റര്‍ ദൂരത്തിലായി പരന്നു കിടക്കുന്നതാണ്. 2004 ലെ സുനാമിയില്‍ ഇവിടം തകര്‍ന്നടിഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ അതിന്റെ യാതൊരു സൂചനകളും ഇവിടെ അവശേഷിക്കുന്നില്ല. താരതമ്യേന ആഴം കുറഞ്ഞ ഈ ബീച്ചില്‍ കുട്ടികള്‍ക്കും മറ്റും ധൈര്യമായി ഇറങ്ങാന്‍ സാധിക്കുന്നതിനാല്‍ കുട്ടികളെയും കൊണ്ട് ധാരാളം കുടുംബങ്ങള്‍ ഇവിടെ എത്താറുണ്ട്.

 

കന്യാകുമാരി ബീച്ച്

സൂര്യാസ്തമയമാണ് കന്യാകുമാരി ബീച്ചിന്റെ പ്രത്യേകത. ഇന്ത്യന്‍ മഹാസമുദ്രവും അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും സംഗമിക്കുന്ന ഇടമാണ് ഇത്. ബീച്ചില്‍ നിന്നും നോക്കുമ്പോള്‍ കാണുന്ന വിവേകാനന്ദപ്പാറയും തിരുവുള്ളവര്‍ പ്രതിമയും അവിടങ്ങളില്‍ ചെന്നു കാണേണ്ടതു തന്നെയാണ്.

 

തേങ്ങാപ്പട്ടണം ബീച്ച്

ഒട്ടേറെ തെങ്ങിന്‍തോപ്പുകളാല്‍ നിറഞ്ഞു നില്‍ക്കുന്ന ബീച്ചാണ് തേങ്ങാപ്പട്ടണം ബീച്ച്. താമ്രപാണി നദിയും അറബിക്കടലും സംഗമിക്കുന്ന കന്യാകുമാരിയിലെ പൈന്‍കുളം ഗ്രാമത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

 

(കടപ്പാട്: നേറ്റിവ് പ്ലാനറ്റ്)

Advertisement