48ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ തെരഞ്ഞെടുക്കപ്പെട്ടു. സൂക്ഷ്മദർശിനിയിലെ അഭിനയത്തിന് നസ്രിയ നസീമും മിത്ത് ഓഫ് റിയാലിറ്റി എന്ന ചിത്രത്തിലെ പ്രകടനത്തിന് റീമ കല്ലിങ്കലും മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. അജയൻ്റെ രണ്ടാം മോഷണം, അന്വേഷിപ്പിന് കണ്ടെത്തും തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായി. മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് ജിതിൻ ലാൽ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം നേടി. 40 വർഷത്തിലധികമായി വ്യത്യസ്തമായ സിനിമകളിലൂടെ വിസ്മയിപ്പിച്ച ജഗദീഷിന് റൂബി ജൂബിലി നൽകുമെന്നും ക്രിട്ടിക്സ് അറിയിച്ചു.
അഭിനയ ജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിട്ട അഭിനേത്രിയും നിർമാതാവുമായ സീമ, ജൂബിലി ജോയ് തോമസ്, നടൻ ബാബു ആന്റണി, മുതിർന്ന ഛായാഗ്രാഹകനും സംവിധായകനുമായ വിപിൻ മോഹൻ, ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന സംഘട്ടന സംവിധായകൻ ത്യാഗരാജൻ മാസ്റ്റർ എന്നിവർക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും.
മികച്ച രണ്ടാമത്തെ ചിത്രമായി എം.സി ജിതിൻ സംവിധാനം ചെയ്ത സൂക്ഷ്മദർശിനി തെരഞ്ഞെടുക്കപ്പെട്ടു. ഫെമിനിച്ചേ ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല ഹംസയും വിശേഷം എന്ന ചിത്രത്തിലൂടെ ചിന്നു ചാന്ദിനിയും മികച്ച സഹനടിക്കുള്ള പുരസ്ക്കാരം പങ്കിട്ടു. മികച്ച സഹനടനായി സൈജു കുറുപ്പും ( ഭരതനാട്യം, ദ തേഡ് മർഡർ,സ്ഥാനാർത്തി ശ്രീക്കുട്ടൻ) അർജുൻ അശോകനും (ആനന്ദ് ശ്രീബാല, എന്ന് സ്വന്തം പുണ്യാളൻ, അൻപോട് കണ്മണി) തെരഞ്ഞെടുക്കപ്പെട്ടു.