വിജയ് യേശുദാസിന്റേത് ധാര്‍ഷ്ട്യമോ, തൊഴിലവകാശമോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒക്ടോബര്‍ ലക്കം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമയില്‍ ഇനി പാടില്ല അത്രയ്ക്ക് ഈ ഇന്‍ഡസ്ട്രി എന്നെ മടുപ്പിച്ചു എന്ന ഗായകന്‍ വിജയ് യേശുദാസിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്.

മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കി, പിന്നണി ഗായക രംഗത്ത് 20 വര്‍ഷത്തോളം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മലയാളത്തിലെ പ്രശ്സ്ത ഗായകന്റെ മകന്‍ കൂടിയായ വിജയ് യേശുദാസ് മലയാള സിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനം എടുക്കുന്നത്.

ഇതുവഴി മലയാള സിനിമാ ഗാനരംഗത്തെ ഒരു തൊഴില്‍ പ്രശ്നത്തെക്കൂടിയാണ് വിജയ് യേശുദാസ് തുറന്നു കാണിച്ചത്. പക്ഷേ ചര്‍ച്ചകള്‍ നീങ്ങിയത് വിജയ് മുന്‍കൂട്ടി കണ്ടത് പോലെ യേശുദാസിന്റെ മകനെന്ത് പ്രശ്നം എന്ന തരത്തില്‍ തന്നെയായിരുന്നു.

എന്തിന്റെ കുറവാണ് താങ്കള്‍ക്ക്,താങ്കള്‍ അര്‍ഹിക്കുന്നതിലും കൂടുല്‍ താങ്കള്‍ക്ക് സിനിമയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്, സിനിമയില്‍ പല കാരണങ്ങളാലും അവസരം ലഭിക്കാത്ത ഗായകരുടെ ഹൃദയവേദന നിങ്ങള്‍ക്ക് മനസിലാകില്ലെന്നുമെല്ലാമായിരുന്നു പ്രതികരമങ്ങള്‍ വന്നത്. ഇതോടുകൂടി അദ്ദേഹം മുന്നോട്ട് വെച്ച തൊഴില്‍ പ്രശ്നം കൂടിയാണ് നിരാകരിക്കപ്പെട്ടത്.

സിനിമ റെക്കോഡിങ്ങുകളില്‍ ഗായകര്‍ക്ക് ആവശ്യമായ പ്രതിഫലം ലഭിക്കുന്നില്ല എന്ന പ്രശ്നം നേരത്തെയും ഗായകരും സംഗീത സംവിധായകരും, ഓര്‍ക്കസ്ട്രയില്‍ പ്രവര്‍ത്തിക്കുന്നവരും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ പ്രശ്നങ്ങളൊന്നും വേണ്ട വിധത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.

അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ മലയാള സിനിമയില്‍ പിന്നണി ഗായകര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാത്ത പ്രശ്നം ഗായിക സയനോര ചൂണ്ടിക്കാട്ടിയിരുന്നു. റെക്കോഡിങ്ങുകളില്‍ അടിസ്ഥാന വേതനം നിശ്ചയിക്കണം.

അല്ലാത്ത പക്ഷം സിനിമാ സംഗീത മേഖലയെ മാത്രം ആശ്രയിച്ച് ജീവിക്കാന്‍ കഴിയില്ലെന്നും സയനോര പറഞ്ഞിരുന്നു. ഒരു റെക്കോഡിങ്ങ് കഴിഞ്ഞിട്ട് ആയിരം രൂപ തന്ന അനുഭവം വരെ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും സയനോര വ്യക്തമാക്കിയിരുന്നു. തമിഴ് തെലുങ്ക് ഇന്‍ഡസ്ട്രികളില്‍ സ്ഥിതി ഇത്തരത്തിലല്ല എന്നാണ് ആ അഭിമുഖത്തില്‍ സയനോര പറഞ്ഞത്.

ഈ തൊഴില്‍ പ്രശ്നം തന്നെയാണ് വിജയ് യേശുദാസും ഉന്നയിച്ചത്. കോടികള്‍ മുടക്കി സിനിമ എടുക്കുന്ന നിര്‍മ്മാതാക്കള്‍ താരങ്ങള്‍ക്ക് വലിയ പ്രതിഫലം നല്‍കും. പക്ഷേ സംഗീത സംവിധായകര്‍ക്കും ഗായകര്‍ക്കും അര്‍ഹിക്കുന്ന പ്രതിഫലം നല്‍കാന്‍ മടിയാണ്.

അര നൂറ്റാണ്ടിലധികമായി പാടുന്ന, അര ലക്ഷത്തിലധികം പാട്ടുകള്‍ പാടിയ യേശുദാസ് ആറക്കസംഖ്യ പ്രതിഫലം ചോദിക്കുമ്പോഴാണ് വലിയ തുകയെന്ന് പറയുന്നതെന്നോര്‍ക്കണമെന്നും അപ്പോള്‍ എങ്ങിനെയാണ് മറ്റു ഗായകര്‍ നിലനില്‍ക്കുക എന്ന ചോദ്യവും വിജയ് യേശുദാസ് ഉന്നയിക്കുന്നുണ്ട്.

ഇതിനിടയിലാണ് തനിക്ക് ഇപ്പോഴും താരതമ്യേന കുറഞ്ഞ പ്രതിഫലമാണ് ലഭിക്കുന്നതെന്നും ആരെയും കുറ്റപ്പെടുത്തുകയല്ല എന്നാല്‍ അവഗണിക്കപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടിയാണ് താനിങ്ങനെയൊരു തീരുമാനമെടുത്തെന്നും വിജയ് യേശുദാസ് പറഞ്ഞത്.

പ്രളയവും കൊറോണയും വന്ന് ബുദ്ധിമുട്ടിയപ്പോള്‍ ജോലി നഷ്ടപ്പെട്ടവരില്‍ വലിയൊരു വിഭാഗം സംഗീതജ്ഞരുമുണ്ടെന്നും വിജയ് യേശുദാസ് പറയുന്നു.
വിജയ് യേശുദാസിന്റെപ്രസ്താവനയ്ക്ക് പിന്നാലെ മലയാള സിനിമാ മേഖലയില്‍ സംഗീത സംവിധായകര്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കുന്നില്ലെന്ന തുറന്നപറച്ചിലുമായി സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും രംഗത്തെത്തിയിരുന്നു.

ജീവിക്കാന്‍ സിനിമാ സംഗീത സംവിധായകന്റെ വരുമാനം മാത്രം മതിയാകില്ലെന്നാണ് അദ്ദേഹവും ആവര്‍ത്തിച്ചത്. സിനിമയില്‍ നിന്നുള്ള വരുമാനം മാത്രം മതിയാകാതെ വരുന്നത് കൊണ്ടാണ് മറ്റുപരിപാടികളും റിയാലിറ്റി ഷോകളും ഏല്‍ക്കുന്നത്. അത് മലയാളത്തിലെ സംഗീത സംവിധായകരുടെ ഗതികേടാണെന്നും എം.ജയചന്ദ്രന്‍ പറയുന്നുണ്ട്.

ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനേതാക്കള്‍ക്കും മറ്റെല്ലാ വിഭാഗങ്ങള്‍ക്കും പ്രതിഫലം കൂടുമ്പോഴും സംഗീത മേഖലയിലെ ആര്‍ക്കും പ്രതിഫലം കൂടില്ലെന്നും എം.ജയചന്ദ്രന്‍ തുറന്നു പറയുന്നു. അവഗണിക്കപ്പെടുന്ന വിഭാഗമായി വര്‍ഷങ്ങളായി തങ്ങള്‍ തുടരുകയാണെന്നും ഇത് മാറണമെന്നും ജയചന്ദ്രന്‍ ആവര്‍ത്തിക്കുന്നുണ്ട്.

മലയാള സിനിമാ സംഗീത മേഖലയ്ക്ക് വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ രവീന്ദ്രന്‍ മാസ്റ്റര്‍, ബാബു രാജ്, ജോണ്‍സണ്‍ മാസ്റ്റര്‍ തുടങ്ങിയവരെല്ലാം സാമ്പത്തികമായി ബുദ്ധിമുട്ടിയവരായിരുന്നു.

ഈ പറഞ്ഞത് അറിയപ്പെടുന്ന ഗായകരുടെയും സംഗീത സംവിധായകരുടെയും കാര്യമാണ്. തുച്ഛമായ തുകയ്ക്ക് റെക്കോഡിങ്ങ് ചെയ്യേണ്ടിവരുന്നവരാണ് ഭൂരിഭാഗം പിന്നണി ഗായകരും സംവിധായകരുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. തുടക്കകാലങ്ങളില്‍ പ്രതിഫലം പോലുമില്ലാതെ ജോലി ചെയ്യേണ്ടി വന്നതിനെ കുറിച്ച് സംഗീതരംഗത്തെ പ്രമുഖര്‍ പിന്നീട് പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്.

ഇന്നും നവാഗതരോടുള്ള മലയാള സംഗീതശാഖയുടെ രീതികളില്‍ വലിയ മാറ്റം വന്നിട്ടില്ലെന്ന് തന്നെയാണ് സൂചനകള്‍.

വിജയ് യേശുദാസ് ഉന്നയിച്ച തൊഴില്‍ പ്രശ്നം കേവലം ധാര്‍ഷ്ട്യം മാത്രമായി ഒതുക്കപ്പെടുമ്പോള്‍ മലയാള സിനിമയിലെ മറ്റൊരു തൊഴില്‍ ചൂഷണം കൂടി ചര്‍ച്ചയാകാതെ പോകുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ