എഡിറ്റര്‍
എഡിറ്റര്‍
അഴിമതി മുതല്‍ സ്ത്രീപീഡനം വരെ; കേന്ദ്രനേതൃത്വത്തിന് 42 പരാതികളുമായി ബി.ജെ.പി പ്രവര്‍ത്തകര്‍
എഡിറ്റര്‍
Thursday 17th August 2017 8:26am

മലപ്പുറം: അഴിമതി മുതല്‍ സ്ത്രീപീഡനം വരെ ചൂണ്ടിക്കാട്ടി സംസ്ഥാന ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി. 42 പരാതികളാണ് ബി.ജെ.പിയുടെ കേന്ദ്രനേതൃത്വത്തിനും ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വത്തിനും ഇതിനോടകം ലഭിച്ചതെന്ന് സംസ്ഥാന സംഘടന അസി. സെക്രട്ടറി കെ.സുഭാഷ് പറയുന്നു.

സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനടക്കമുള്ള നേതാക്കള്‍ക്കെതിരെ ആരോപണമുണ്ട്. മെഡിക്കല്‍ കോളേജ് കോഴയില്‍ പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതുമുതല്‍ സംസ്ഥാന ബി.ജെ.പിയില്‍ കലാപക്കൊടി ഉയരുന്നുണ്ട്. മുന്‍ അധ്യക്ഷന്‍ വി.മുരളീധരന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ കുമ്മനത്തിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു.

അതിന് പിന്നാലെയാണ് സംഘടനക്കുള്ളില്‍ നിന്നു തന്നെ ഇത്രയും പരാതികള്‍ നേതൃത്വത്തിനു മുമ്പിലെത്തിയിരിക്കുന്നത്. നേതാക്കളുടെ സ്വത്ത് വിവരവും അന്വേഷിക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരത്തെ പ്രമുഖ ജില്ലാനേതാവിനെതിരെ ലൈംഗികപീഡനാരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇദ്ദേഹത്തെ നേതൃത്വം സംരക്ഷിച്ചു നിര്‍ത്തുന്നതായും കേന്ദ്രനേതൃത്വത്തിന് ലഭിച്ച പരാതിയിലുണ്ടെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.


Also Read: നരേന്ദ്രമോദിയെ വിമര്‍ശിച്ച കവിത പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകനെ പിരിച്ചുവിട്ടു: മോദി ‘പേന തട്ടിപ്പറിച്ചെന്ന്’ മാധ്യമപ്രവര്‍ത്തകന്‍


സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍ രാധാകൃഷ്ണന്‍, കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ പണമിടപാടുകള്‍ പരിശോധിക്കണമെന്ന പരാതിയും ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ സംഘടനാ അസി. ജനറല്‍ സെക്രട്ടറി വി.സതീഷ്, സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍, ആര്‍.എസ്.എസ് പ്രാന്തകാര്യവാഹക് ഹരികൃഷ്ണന്‍ എന്നിവര്‍ക്കാണ് പരാതികള്‍ ലഭിച്ചത്.

ജന്‍ ഔഷധി തട്ടിപ്പ്, സഹകരണബാങ്കിലെ പത്തുകോടി രൂപ വെട്ടിച്ചത്, ജോലിക്കായി കോഴ വാങ്ങിയതുമെല്ലാം ചേര്‍ത്താണ് 42 പരാതികള്‍ നേതൃത്വത്തിന്റെ മുന്നിലുള്ളത്.

Advertisement